എനിക്കും നിനക്കുമിടയിൽ
01 April 2026 | Poetry

നിന്നെ പോലെ എനിക്കും വേണ്ടത്
വെള്ളത്തൂവലാണ്..
ഒരു സന്ധ്യാ ചോപ്പിൽ
വെള്ളരിപ്രാവഴിച്ചിട്ട അതേ തൂവൽ..
നിന്നോട് കലഹിച്ചുറങ്ങിയ രാത്രികളിൽ
കിനാക്കണ്ടതും,
പുലർവെളിച്ചത്തിൽ മുറ്റത്ത്
കാണാൻ കൊതിച്ചതും
നിന്റെയാ അരുമ തൂവൽ..
നിന്റെയുള്ളിലേ കനൽ
നീറുന്നുണ്ടെന്റെയുള്ളിലും..
നിന്റെ മുറ്റത്തെന്ന പോലെന്റെയുള്ളിലും
വട്ടമിട്ടു നടപ്പുണ്ട്
ആ കറുത്ത പൂച്ച!!
നിന്റെ കിനാക്കളെ കടിച്ചുകീറിയ
തേറ്റകൾ കാട്ടിയത് മുരളുന്നു,
എനിക്കു നേരെയും..
അതിന്റെ കൂർത്ത കണ്ണുകളിൽ
നിന്റെ ചിറകുകൾകണ്ടു ഞാനുമെരിഞ്ഞു തീരുന്നു..

ഫൈസൽ വൈത്തിരി
കവി
Share this post
Reviews
No reviews yet