logo

അന്യന്റെ മുഖത്ത് കാമറ വയ്ക്കാമോ?

13 February 2026 | Literature

അന്യന്റെ മുഖത്ത് കാമറ വയ്ക്കാമോ?

പണ്ട്, ചേന്ദമംഗല്ലൂരിലൂടെ ആറ്റുപുറം വഴി ഓടിച്ചെന്ന് മുക്കത്ത് അഭിലാഷ് തിയേറ്ററില്‍ സിനിമക്കു പോയിരുന്ന കാലം. തിയേറ്ററിനു എതിര്‍വശത്തുള്ള ബസ് സ്‌റ്റോപ്പില്‍ നിന്ന് നാലുപാടും ഒരു നാനൂറു വട്ടം നോക്കും. പരിചയക്കാര്‍ ആരെങ്കിലും വരുന്നുണ്ടോ എന്ന്. അന്നു സിനിമ കാണല്‍ വലിയ ഹറാമാണ്. അങ്ങനെ ആരും ഇല്ലെന്ന് ഉറപ്പു വരുത്തി, ഓടിച്ചെന്നു ടിക്കറ്റ് കൗണ്ടറിനു മുന്നിലെ ഇടുങ്ങിയ ചുവരുകള്‍ക്കിടയില്‍ കയറിപ്പറ്റിയാലേ സമാധാനമാകൂ.

ഇന്നു അതു വല്ലതും നടക്കുമോ? തിയേറ്ററുകള്‍ക്ക് അകത്തും പുറത്തും സിസിടിവികളാണ്. ഇന്നും ഞാന്‍ ചിലപ്പോള്‍ രഹസ്യമായി സിനിമക്കു പോകാറുണ്ട്. പക്ഷേ, പുറത്തു റിവ്യൂ കാത്തിരിക്കുന്ന യൂട്യൂബേഴ്‌സ് എന്റെ രഹസ്യം പരസ്യമാക്കിക്കളയും. റിവ്യൂ പറയുന്നവന്റെ തൊട്ടുപിറകിലൂടെ ഞാന്‍ നടന്നു പോകുന്ന അനേകം FDFS റിവ്യൂസ് യൂട്യൂബിലുണ്ട്.

സ്ത്രീ സുഹൃത്തുക്കളുടേയോ കാമുകിമാരുടെയോ കൂടെ പോകുന്നവരുടെ കാര്യമാണ് കഷ്ടം. ആണ്‍സുഹൃത്തിന്റേയോ കാമുകന്റെയോ കൂടെ പോകുന്നവരുടേയും. തിരുവനന്തപുരം കൈരളി ശ്രീ നീള തിയേറ്റര്‍ സമുച്ചയത്തിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ ചോര്‍ന്നതും ടെലഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിച്ചതും ഈയിടെയാണ്. പല കമിതാക്കളുടേയും തിയേറ്ററിലെ കാട്ടിക്കൂട്ടലുകള്‍ ഇപ്പോള്‍ ആ ടെലഗ്രാം ചാനലില്‍ ലഭ്യമാണ്. ന്യൂസ് മിനുട്ടാണ് ഈ കാര്യം പുറത്തു കൊണ്ടു വന്നത്.

ഹോട്ടലിലോ പാര്‍ക്കിലോ ബീച്ചിലോ പോലും നമുക്ക് ഇന്നു സ്വകാര്യമായി പോകാന്‍ പറ്റില്ല.

സ്വകാര്യത മൗലികാവകാശമാണെന്നു സുപ്രിം കോടതി വിധിച്ചതാണ്. ആരാണ് അന്യന്റെ മുഖത്ത് അയാളുടെ അവകാശമില്ലാതെ കാമറ വയക്കാനും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും നിങ്ങള്‍ക്ക് അവകാശം തന്നത്? ദീപകിന്റെ മരണത്തിനു കാരണമായ ആ വീഡിയോയിലും അനേകം യാത്രക്കാരുണ്ട്. അവരില്‍ ഒരാളെങ്കിലും ഏതെങ്കിലും രഹസ്യ യാത്രയിലാണെങ്കിലോ. വീട്ടുകാരോടും കൂട്ടുകാരോയും ബന്ധുക്കളോടും അവര്‍ മറുപടി പറയേണ്ടി വരും.

സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പോലും ഇടരുതെന്ന നിബന്ധനയോടെ ഞങ്ങള്‍ ആണ്‍സുഹൃത്തുക്കള്‍ ചിലപ്പോള്‍ യാത്ര പോകാറുണ്ട്. ആണ്‍സുഹൃത്തുക്കള്‍ക്കിടയിലും കടുത്ത പൊസ്സസ്സീവ് പിരാന്തന്മാരുണ്ട്. അതുകൊണ്ടാണ് ഈ രഹസ്യം. മ്യൂച്വല്‍ ഫ്രണ്ട്‌സില്‍ ചിലരെ അറിയിക്കാതെയായിരിക്കും ഇത്തരം യാത്രകള്‍.

സ്വകാര്യതക്കുള്ള അവകാശം ഒരു ആശയമായി ആദ്യം വികസിപ്പിച്ചെടുക്കുന്നത് ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്ന വാറനും ബ്രാന്‍ഡൈസുമാണ്. അമേരിക്കയുടെ കിഴക്കന്‍ തീരത്തു നടന്ന തീവ്ര നഗരവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യതയെ കുറിച്ച് അവര്‍ ആശങ്കപ്പെട്ടത്.

അതിന്റെ കാരണം പറയാം.

ഗ്രഹാം ബെല്‍ കണ്ടു പിടിച്ച ടെലിഫോണായിരുന്നു വില്ലന്‍. ബോസ്റ്റണില്‍ 1877ല്‍ ആദ്യത്തെ ടെലിഫോണ്‍ എക്സ്ചേഞ്ച് തുറന്നതോടെ ആ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യതയെക്കുറിച്ച പേടി കൂടി. രണ്ടു പേരും അന്ന് ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ വിദ്യാര്‍ഥികളായിരുന്നു.1890 ആയതോടെ ടെലഗ്രാഫും വന്നു. ഒപ്പം അത്രയൊന്നും ചെലവില്ലാത്ത, കൊണ്ടു നടക്കാവുന്ന ക്യാമറയും വന്നു. പോരേ പൂരം. തൊട്ടുപിന്നാലെ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന യന്ത്രം. ടേപ് റെക്കോര്‍ഡര്‍.

ഇതിനൊക്കെ പുറമെയാണ് ജനല്‍ ഗ്ലാസുകള്‍ നിര്‍മിക്കാനുള്ള ചെലവു കുറഞ്ഞ യന്ത്രം വരുന്നത്. സുതാര്യമായ ഗ്ലാസുകളിലൂടെ അപ്പുറമിപ്പുറം കാണാമല്ലോ.

സ്വകാര്യതയുടെ കാര്യത്തില്‍ രണ്ടു പേരും വല്ലാതെ ബേജാറാകാനുള്ള കാരണം ഇനിയുമുണ്ട്. ഈ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പത്രക്കാര്‍ ഉപയോഗിക്കും. ന്യൂസ്പേപ്പര്‍ വ്യവസായവും തഴച്ചുവളരുന്ന കാലമാണ്. വ്യക്തികളുടെ പ്രവൃത്തികളും വാക്കുകളും ചിത്രങ്ങളും വ്യക്തിത്വവും പരസ്യമാകാന്‍ പല വഴികള്‍. ബന്ധുക്കളോ സുഹൃത്തുക്കളോ അല്ലാത്തവരുടെ ഇടയിലേക്ക് നമ്മുടെ രഹസ്യങ്ങള്‍ വ്യാപിക്കാന്‍ സാങ്കേതിക വിദ്യയും പത്രങ്ങളും ചേര്‍ന്നാല്‍ ഒരു പ്രയാസവുമുണ്ടാകില്ലെന്ന് അവര്‍ ഭയപ്പെട്ടു.

അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തെതുടര്‍ന്നുള്ള ദശകങ്ങളില്‍ സാങ്കേതിക രംഗത്തുണ്ടായ മുന്നേറ്റമാണ് എല്ലാറ്റിനും കാരണം. 1790നും 1890നും ഇടയില്‍ അമേരിക്കന്‍ ജനസംഖ്യ നാല്‍പത് ലക്ഷത്തില്‍ നിന്ന് 6.3 കോടിയായി ഉയര്‍ന്നു. യുദ്ധാനന്തരം നഗര ജനസംഖ്യ നൂറിരട്ടിയിലേറെയാണ് വര്‍ധിച്ചത്. സാങ്കേതിക രംഗത്തുണ്ടായ കണ്ടുപിടിത്തങ്ങളും മുന്നേറ്റവും സ്വകാര്യതയെ അപകടപ്പെടുത്താന്‍ തുടങ്ങിയത് അക്കാലത്താണ്.

അങ്ങിനെയാണ് വാറനും ബ്രാന്‍ഡെയിസും അതിനെ കുറിച്ചു ലേഖനങ്ങളെഴുതിയത്. അതിനു മുമ്പേ ഇ.എല്‍. ഗോഡ്കിന്‍ എന്ന ഒരു പത്രപ്രവര്‍ത്തകന്‍ ഇതേ വിഷയത്തില്‍ സ്‌ക്രിബ്നേഴ്സ് മാഗസിനില്‍ ഒരു ലേഖനമെഴുതിയിരുന്നു. സ്വകാര്യതക്കെതിരായ നുഴഞ്ഞുകയറ്റത്തിനു ചാട്ട കൊണ്ടല്ലാതെ റിയലിസ്റ്റിക്കായ ഒരു പരിഹാരമുണ്ടാകില്ലെന്ന് ഗോഡ്കിന്‍ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.

വാറനും ബ്രാന്‍ഡെയിസുമാണ് ഏതായാലും ആദ്യമായി സ്വകാര്യതക്കുള്ള അവകാശം സംരക്ഷിക്കാന്‍ കോമണ്‍ ലോ ഉപയോഗിക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്.

ആ രണ്ട് സാധുക്കള്‍ അന്നു ടെലിഫോണിനേയും ക്യാമറയേയും ടേപ്റെക്കോര്‍ഡറിനേയും ടെലഗ്രാഫിനേയുമൊക്കെ പേടിച്ച് തുടങ്ങി വെച്ച സ്വകാര്യതക്കുള്ള അവകാശം എന്ന ആശയം മൊബൈലും സെല്‍ഫിയും ഫേസ് ബുക്കും വാട്സാപ്പും ഇന്‍സ്റ്റഗ്രാമും ട്വിറ്ററും കാക്കത്തൊള്ളായിരം ചാനലുകളും തുടങ്ങി സകല കുണ്ടാമണ്ടികളുടേയും ഇക്കാലത്ത് എവിടെ എത്തി നില്‍ക്കുന്നുവെന്ന് ആലോചിക്കുമ്പോള്‍ ചിരിക്കുകയല്ലാതെ എന്തു ചെയ്യും?

സ്വാകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ചു കൊണ്ടു സുപ്രിം കോടതി പുറപ്പെടുവിച്ച പുട്ടസ്വാമി കേസിന്റെ വിധിയില്‍ (ആധാര്‍ കേസ്) വാറന്റേയും ബ്രാന്‍ഡെയിസിന്റെയും ഇക്കഥ വിശദമായി പറയുന്നുണ്ട്.

ടെലിഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട എത്രയെത്ര കേസുകളാണ് പിന്നീട് കോടതികളിലെത്തിയത്. പുട്ടസ്വാമി കേസിന്റെ വിധിയില്‍ തന്നെ കോടതി ഉദ്ധരിക്കുന്ന ആര്‍.എം. മല്‍കാനി വേഴ്സസ് സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര അത്തരമൊരു കേസായിരുന്നു. പോലീസിനു വേണമെങ്കില്‍ ഒരു കുറ്റവാളിയുടെ ഫോണ്‍ ചോര്‍ത്താമെന്നും നിരപരാധിയുടെ ഫോണ്‍ ചോര്‍ത്തുന്നതിനെതിരെ കോടതികള്‍ സംരക്ഷണം നല്‍കണമെന്നുമായിരുന്നു ആ കേസിലെ വിധി. ഈ കേസില്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടിന്റെ സെക്ഷന്‍ 25 ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി കണ്ടെത്തി.

പിന്നീട് ഇമെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട അനേകം കേസുകളും പല രാജ്യങ്ങളിലേയും കോടതികളിലെത്തി.

വാറന്റേയും ബ്രാന്‍ഡെയിന്റേയും വല്ലാത്തൊരു ദീര്‍ഘവീക്ഷണം!

പത്തുനൂറു കൊല്ലം കഴിഞ്ഞിട്ടും നമ്മള്‍ സ്വകാര്യതയെ അന്നത്തേക്കാളും പതിന്‍മടങ്ങ് പേടിച്ച് കഴിയുകയാണ്.

്മദ്യവില്‍പനയുമായ ബന്ധപ്പെട്ട വാര്‍ത്ത കൊടക്കേ്ണ്ടി വരുമ്പോള്‍ ബീവറേജിനു മുന്നിലെ നീണ്ട ക്യൂ ചിത്രീകരിക്കുന്നതാണ് ചാനലുകളുടെ പതിവ്. അതിലൊരു 70 ശതമാനം പേരും ആരോരുമറിയാതെ ബീവറേജില്‍ പോകുന്നവരാണ്. ചാനലുകള്‍ അവരുടെ കുടുംബം കലക്കിക്കളയും. അപ്പോള്‍ സോഷ്യല്‍ മീഡിയാ കാമറക്കാരുടെ കഥ പറയാനുണ്ടോ?

നിങ്ങള്‍ ഒരു മാന്യനാണെങ്കില്‍ പൊതുസ്ഥലത്തുനിന്ന് ഫോട്ടോ എടുക്കുമ്പോള്‍ ചുറ്റുമുള്ളവരുടെ സ്വകാര്യത മാനിക്കാന്‍ ശ്രദ്ധിക്കുക.

അപ്പോള്‍ മാധ്യമങ്ങളുടെ സ്റ്റിംഗ് ഓപറേഷന്‍സോ?

അതിന്റെ നിയമ വശങ്ങളെക്കുറിച്ചും പറയാം.

(തുടരും)

പി.ടി മുഹമ്മദ് സാദിഖ്‌

പി.ടി മുഹമ്മദ് സാദിഖ്‌

എഴുത്തുകാരന്‍.

Share this post

Reviews

No reviews yet