മഞ്ഞയിൽ കറുത്ത വരകൾ. Black stripes on yellow
14 April 2026 | Literature

ഈ ലോകം സുന്ദരമാണ്
ഇതെൻ്റെ രണ്ടാമത്തെ കഥാസമാഹാരമാണ്. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ' പൊന്ത ' യായിരുന്നു ആദ്യകഥാസമാഹാരം. അതുവരെയുള്ള അനിശ്ചിതമായ ജീവിതകാലത്തിൻ്റെയും ഇരുണ്ട അനുഭവലോകത്തിൻ്റെയും ഏകാന്തമായ ഉൾസഞ്ചാരങ്ങളുടെയും ഒരിക്കലും ഭേദപ്പെടാത്ത മുറിവുകൾ എന്നു സ്വയം തെറ്റിദ്ധരിപ്പിച്ച വിശ്വാസങ്ങളുടെയും ബാക്കിപത്രമായിരുന്നു ആ പുസ്തകം. 'മഞ്ഞയിൽ കറുത്ത വരകൾ ' എന്ന രണ്ടാമത്തെ കഥാസമാഹാരത്തിലേക്ക് എത്തിയപ്പോഴേയ്ക്കും ഞാൻ മനസ്സിലാക്കുന്നു, ലോകം കൂടുതൽ മനോഹരമായിരിക്കുന്നു. സന്തോഷിക്കുവാനും സ്നേഹിക്കുവാനും ഈ ലോകത്തു പലതുമുണ്ട്. എല്ലാ മുറിവുകളും എല്ലാ വേദനകളും എല്ലാ ഇരുട്ടും വെളിച്ചവും ജീവിതത്തിൻ്റെ അനിവാര്യതയാണ്. വേദനിക്കുന്നവരും വേദനിപ്പിക്കുന്നവരും ഭ്രാന്തുള്ളവരും ഇല്ലാത്തവരും ആസക്തരും നിരാസക്തരും വഞ്ചകരും സ്നേഹത്തിൻ്റെ പ്രച്ഛന്നവേഷം ധരിച്ചവരും വിവിധങ്ങളായ രാഷ്ട്രിയ ആശയങ്ങളുടെ കപടമുഖമുള്ളവരുമെല്ലാം നമുക്കു ചുറ്റുമുണ്ടാവാം. അങ്ങനെയുള്ള പലരും ഈ പുസ്തകത്തിലെ കഥകളിൽ കടന്നുവന്നിട്ടുമുണ്ട്. എങ്കിലും പറയട്ടെ, ഈ ലോകം സുന്ദരമാണ്.
എഴുത്തിൽ ആത്മവിശ്വാസം ബലപ്പെട്ടു എന്നു പറയാനാവില്ല. ആദ്യകഥ എഴുതുന്നതുപോലെയാണ് ഞാൻ ഓരോ കഥയും എഴുതുന്നത്. ചിലത് എന്നെ കൊണ്ടുപോകും. ചില കഥകളെ ഞാൻ കൊണ്ടുപോകും. പ്രപഞ്ചമാകെയും കഥകൾ നിറഞ്ഞു കിടപ്പുണ്ട്. അവ വാരിയെടുക്കുന്നതിനും വാക്കുകൾ കൊണ്ടു കൂട്ടിക്കെട്ടുന്നതിനും ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ചിലതു നിലത്തുവീണു കേടുപറ്റിയതാവാം. ആരെങ്കിലും എടുത്തുനോക്കി ഉപേക്ഷിച്ചതാവാം. എനിക്കുമുമ്പേ മറ്റാരെങ്കിലും നിങ്ങൾക്കു നേരെ നീട്ടിയതാവാം. ചിലപ്പോൾ, ഏതെങ്കിലുമൊരെണ്ണം, എന്നെയും നിങ്ങളെയും വിസ്മയപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ ആസ്വാദനത്തിൻ്റെ രസമുകുളങ്ങളിൽ പരിചിതമോ അപരിചിതമോ ആയ രുചിയുടെ സ്പർശം അനുഭവിപ്പിച്ചേക്കാം.
അതെ സുഹൃത്തേ, ഈ കഥകൾ നിൻ്റെ ഹൃദയത്തിലേക്ക് എത്തുമോ എന്നെനിക്കറിയില്ല. എത്തണമെന്നും എൻ്റെയും നിൻ്റെയും അനുഭവപ്രപഞ്ചം ഒന്നായിത്തീരണമെന്നും ആഗ്രഹിക്കുന്നു. അതൊരു അത്യാഗ്രഹമാണോ? ആണെങ്കിൽ എന്നോടു ക്ഷമിക്കുക. പ്രസിദ്ധീകരിക്കുന്നതിനു മുൻപ് കഥകൾ വായിച്ച് അഭിപ്രായങ്ങൾ തുറന്നുപറയുന്ന എസ്. ഹരീഷ്, പ്രദീപ് എം. നായർ, സാലിറ്റ് തോമസ് എന്നിവരെ സ്നേഹപൂർവം ഓർമ്മിക്കുന്നു.
സമാഹാരത്തിലെ പല കഥകളും മാതൃഭൂമി, സമകാലിക മലയാളം, മാധ്യമം, ദേശാഭിമാനി, അക്ഷരകേരളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ വന്നവയാണ്. അവയുടെ പത്രാധിപന്മാർക്കും പുസ്തകം പ്രസിദ്ധീകരിക്കുന്ന ഡി സി ബുക്സിനും നന്ദി.

ഉണ്ണികൃഷ്ണൻ കിടങ്ങൂർ
കഥാകൃത്ത്