logo

ഇറുകിയ ഷൂസിൽ നിന്നും പുറത്തിറങ്ങിയ കാൽപാദം. "Foot freed from tight shoes"

12 April 2026 | Poetry

ഇറുകിയ ഷൂസിൽ നിന്നും പുറത്തിറങ്ങിയ കാൽപാദം.  "Foot freed from tight shoes"

നിരന്തരം

ആത്മഹത്യാ ഭീഷണി

മുഴക്കുന്ന

ഒരു

കാമുകിയുണ്ടോ

നിങ്ങൾക്ക്?

​വാട്സാപ്പിൽ

ഇടതുവശം ചേർത്ത്

മൂർച്ചയുള്ള ബ്ലേഡ്,

ഒരു പിടി ഉറക്കഗുളിക,

കുരുക്കിട്ട കയർ

തുടങ്ങിയവയുടെ

ഫോട്ടോകൾ

അയച്ചുതരാറുണ്ടോ?

​നിങ്ങളുടെ

ലഭ്യതയെ പ്രതി

നിരന്തരം

ആവലാതിപ്പെടാറുണ്ടോ?

​വേവലാതിയാൽ

പാതിരാ കഴിഞ്ഞും

"മിണ്ടൂ... മിണ്ടൂ..."

എന്ന്

നിങ്ങളുടെ ഉറക്കത്തെ

അറുത്തുമാറ്റുന്ന

ഒരു

കാമുകിയുണ്ടോ

നിങ്ങൾക്ക്?

​ഒരുവിധം കൂട്ടിയോജിപ്പിച്ച

ഉറക്കത്തെ

രാവിലെ

കിടക്കയിൽ കുടഞ്ഞിട്ട്

ഞെട്ടിയുണരുമ്പോൾ

മൊബൈലിൽ വന്ന

അവസാനത്തെ

സന്ദേശം കണ്ട്

ദേഹമാസകലം

വിയർത്ത്

കിടക്കയിൽ

ഇരുന്നുപോയിട്ടുണ്ടോ?

​അവളുടെ

വീട്ടിലേക്ക്

ആളുകൾ കൂട്ടംകൂട്ടമായി

പോകുന്നുണ്ടോ

എന്ന്

ദൂരെ മാറിനിന്ന്

നോക്കിയിട്ടുണ്ടോ

നിങ്ങൾ?

​വേഗത്തിൽ

നിങ്ങളെയും കടന്നുപോയ

പോലീസ് വണ്ടി

അവളുടെ വീട്ടിലേക്കല്ല

എന്നറിയുമ്പോൾ

ആശ്വാസം കൊണ്ടിട്ടുണ്ടോ?

​നിങ്ങളുടെ

മൊബൈൽ ഫോൺ

സൈബർ സെല്ലിലെ

മേശമേൽ

സീഷർ മഹസർ പ്രകാരം

ബന്തവസിൽ എടുക്കപ്പെട്ട്

വിശ്രമിക്കുന്നതിനെ കുറിച്ചോർത്ത്

ഉണ്ണാതെയിരുന്നിട്ടുണ്ടോ?

​വീണ്ടും

വയലറ്റ് പൂക്കൾ തുന്നിയ

അവളുടെ

പ്രൊഫൈൽ പിക്ചറിന് താഴെ

Online

എന്ന്

കാണുമ്പോൾ

ദീർഘമായി ശ്വസിച്ചിട്ടുണ്ടോ?

​ആശ്വാസത്താൽ

ചുണ്ടിൽ വന്ന ചിരിയെ

വല്ലാതെ

സ്നേഹിച്ചു പോയിട്ടുണ്ടോ?

​അപ്പോൾ,

"എന്താണ്

നിങ്ങളിങ്ങനെ

ഒറ്റയ്ക്കിരുന്ന്

ചിരിക്കുന്നത്

മനുഷ്യാ...?"

എന്ന്

നിങ്ങളുടെ ഭാര്യ

നിങ്ങളോട്

ചോദിച്ചിട്ടുണ്ടോ?

​തീർച്ചയായും

പാകമാകാത്ത

ഷൂസിനുള്ളിൽ നിന്നും

പുറത്തിറങ്ങിയ

കാൽപ്പാദത്തിന്റെ

സന്തോഷത്തെക്കുറിച്ചാവും

നിങ്ങളപ്പോൾ

ചിന്തിക്കുക.

സാദിർ തലപ്പുഴ

സാദിർ തലപ്പുഴ

കാൽപ്പന്തുകളിയിലെ വയനാടൻ താരം, എടച്ചേരി സ്റ്റേഷനിലെ കാരണവർ, ചിത്രമെഴുത്തും കവിതയെഴുത്തും തൊപ്പി ഊരിവെച്ച്. സർക്കാറിന് ബാധ്യതയില്ലാത്ത കവി.

Share this post

Reviews

No reviews yet