logo

കാടനുഭവം ഭാഗം രണ്ട്‌ -kadanubhavam-part-2

11 February 2026 | Literature

2

തിണ്ണക്കുത്തുഭാഗം ഈറ്റക്കാടാണ്.

ഈർപ്പവും നനവും ഉള്ള ഈറ്റകാട് ഞങ്ങൾക്ക് പുതിയൊരു കാലാവസ്ഥ സമ്മാനിച്ചു.

ഇടമലയാറിൽ നിന്നും വന്ന മുഹമ്മദ് റിയാസ് എൻറെ ബാച്ചുകാരൻ ആണ്. ഒരേ പി എസ് സി ലിസ്റ്റിൽ നിന്നും ഒരുമിച്ച് സർവീസിൽ കയറിയ ഞങ്ങൾ ആദ്യമായാണ് കണ്ടുമുട്ടുന്നത്.

കാടിനുള്ളിലേക്ക് കയറിയ ഞങ്ങളെ വരവേൽക്കാനായി അട്ടകൾ തലയുയർത്തി നോക്കിക്കൊണ്ടിരുന്നു. ചുവപ്പ് കലർന്ന ഒരുതരം ബ്രൗൺ ഷൂസ് ആണ് മുഹമ്മദ് റിയാസ് ധരിച്ചിരുന്നത്. കാണാൻ പ്രത്യേക ഭംഗിയുള്ള ആ ഷൂസ് ഞാൻ ഇടയ്ക്കിടെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പ്രകൃതിയുടെ ആ കുഞ്ഞു രക്ത ദാഹികൾ കൂട്ടത്തോടെ ഷൂസിൽ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടു.

ആദ്യമൊക്കെ എനിക്ക് അട്ടകളെ കാണുന്നത് തന്നെ അറപ്പായിരുന്നു. വഴു വഴുപ്പുള്ള അവയുടെ ശരീരമാണോ അതോ അവയുടെ രക്തദാഹമാണോ അതോ ഇത് രണ്ടും തന്നെയാണോ കാരണം എന്നറിയില്ല.

ഓരോ ചുവടും അതീവ ജാഗ്രതയോടെയാണ് അന്നൊക്കെ വച്ചിരുന്നത്. കാലിൽ എന്തെങ്കിലുമൊന്ന് സ്പർശിച്ചാൽ തന്നെ ഞെട്ടി വിറക്കുന്ന അവസ്ഥ.അത് ആലോചിച്ചപ്പോൾ തന്നെ അറിയാതെ എന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.

ഇപ്പോൾ കാട് എൻ്റെ ഉള്ളിലെ ഭയത്തെ മായിച്ചു കളഞ്ഞിരിക്കുന്നു. ഭയപ്പെടാനുള്ള ഒരിടമല്ല മറിച്ച് എന്നെ തിരിച്ചറിയാനുള്ള ഒരു വലിയ കണ്ണാടിയാണ് ഇന്ന് എനിക്ക് കാട്.

ഈറ്റക്കാടിനുള്ളിലെ ആനത്താരകളിലൂടെയാണ് ഞങ്ങളുടെ യാത്ര. നിറയെ ആനപ്പിണ്ഡങ്ങൾ. ഈർപ്പമുള്ള മണ്ണ്. അതിൽ വീണ് അഴുകികൊണ്ടിരിക്കുന്ന ഈറ്റ ഇലകൾ.

ചെറിയ കാറ്റുവീശി. ഈറ്റ ഇലകൾ ഒന്നാകെ ഇളകി. ഈറ്റക്കോലുകൾ തമ്മിലുരസി അതുവരെയും കേട്ടിട്ടില്ലാത്ത ഒരു പുതിയ ശബ്ദം എന്നെ കേൾപ്പിച്ചു.

ഈർപ്പമുള്ള മണ്ണിൻറെ മണത്തോടൊപ്പം അഴുകിയ ആനപ്പിണ്ടത്തിന്റെയും ഇലയുടെയും മണം കൂടിക്കലർന്നു എൻ്റെ മൂക്കിലേക്ക് അടിച്ചു കയറി...

കൂടെയുള്ളവരിൽ ആരോ രണ്ടുപേർ സംസാരിക്കുന്നുണ്ട്. കാടിനുള്ളിൽ കയറി കഴിഞ്ഞാൽ പരസ്പരം സംസാരിക്കരുതെന്നും ബഹളം വയ്ക്കരുതെന്നും ഒക്കെയാണ് കാടിൻറെ നിയമം. കാടിനുള്ളിൽ കയറുന്നവർ ശബ്ദങ്ങൾ ഉണ്ടാക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല. ഞാൻ അവരോട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു.

കാടിൻറെ ഭാഷ നിശബ്ദതയാണ്. നൂറുകണക്കിന് ശബ്ദങ്ങൾ ഒളിഞ്ഞിരിക്കുന്ന നിശബ്ദത. നമ്മൾ എത്രത്തോളം നിശബ്ദരാകുന്നുവോ അത്രത്തോളം വ്യക്തമായി കാട് നമ്മളോട് പറഞ്ഞു തുടങ്ങും.

കാലിൽ സുഖമുള്ള ഒരു ചൊറിച്ചിൽ അനുഭവപ്പെട്ടു. ലീച്ച് സോക്സ് ഒക്കെ ധരിച്ചിരുന്നെങ്കിലും അതിനുള്ളിലൂടെ അട്ട കടന്ന് ചോരകുടിച്ച് വിട്ട് പോയിരിക്കുന്നു.

പെട്ടെന്ന് കരിയിലകൾക്കിടയിൽ എന്തോ കിടന്നു പുളയുന്നത് പോലെയും ഇലകൾ ഞെരിയുന്നത് പോലെയും ഒരു ശബ്ദം. മുന്നിൽ നടന്നിരുന്ന പൊന്നപ്പൻ അവിടെനിന്നു, ഞങ്ങളും. കുറച്ചുനേരം ഞങ്ങൾ അവിടെ തന്നെ നിന്നു. ശബ്ദങ്ങൾ ഒന്നും കേൾക്കുന്നില്ലെന്ന് ഉറപ്പിച്ച് ഞങ്ങൾ വീണ്ടും നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ പൊന്നപ്പൻ വീണ്ടും നിന്നു, ഞങ്ങളും. പൊന്നപ്പൻ ഈറ്റക്കാടിനുള്ളിൽ അല്പം തുറസായ ഒരു ഭാഗത്തേക്ക് തുറിച്ചു നോക്കി നിൽക്കുകയാണ്. ഞാൻ അങ്ങോട്ടേക്ക് നോക്കി. തീക്ഷ്ണമായി ഞങ്ങളെ നോക്കി നിൽക്കുന്ന രണ്ട് കണ്ണുകൾ....

എ ഷൈജു

എ ഷൈജു

എഴുത്തുകാരന്‍

Share this post

Reviews

No reviews yet