logo

പാബ്ലോ നെരൂദ: മാനവികതയുടെ കവി. "Pablo Neruda, The poet of humanity"

06 April 2026 | Literature

പാബ്ലോ നെരൂദ:  മാനവികതയുടെ കവി. "Pablo Neruda, The poet of humanity"

പാബ്ലോ നെരൂദ: മാനവികതയുടെ കവി

​ലോകത്തെവിടെയുമുള്ള നിന്ദിതരുടെയും പീഡിതരുടെയും ഹൃദയഭാരമേറ്റുവാങ്ങിയ കവിയായിരുന്നു പാബ്ലോ നെരൂദ. 'രുദിതാനുസാരി'യായ ആദികവിയെ ആദരിക്കുന്ന ഭാരതീയമനസ്സിന് പാബ്ലോ നെരൂദ അന്യനാവുക വയ്യ! തെക്കേ അമേരിക്കയിലെ ഒരു കൊച്ചുരാജ്യമായ ചിലിയിൽ ജനിച്ച്, സ്പാനിഷ് ഭാഷയിൽ എഴുതിയ ഈ കവി, 1971-ൽ നോബൽ സമ്മാനം ലഭിക്കുന്നതിനും എത്രയോ മുമ്പുതന്നെ ലോകത്തിന്റെ നാനാഭാഗങ്ങളിലും അറിയപ്പെട്ടിരുന്നു.

​ഇന്ത്യയിലും ചിലിയൻ ഗവണ്മെന്റിന്റെ പ്രതിനിധിയായി അദ്ദേഹം താമസിച്ചിട്ടുണ്ട്. ഒരിക്കൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു സമ്മേളനത്തിൽ സന്ദർശകനായി പങ്കെടുത്തു എന്നു മാത്രമല്ല; ഗാന്ധിജി, നെഹ്റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കളെ അടുത്തറിയുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 'Memoirs' എന്ന ആത്മകഥാഗ്രന്ഥത്തിന്റെ നാലാമധ്യായത്തിൽ അദ്ദേഹം അവരെക്കുറിച്ച് ശ്രദ്ധേയമായ തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ കവിയായ ആശാന്റെ ഭാഷയിൽ 'ലോകാനുരാഗം' മുറ്റിയ ഒരു കവിമനസ്സ് നെരൂദയുടെ ഓരോ വാക്കിന്റെയും പിന്നിലുണ്ട്. അദ്ദേഹം ലോകത്തെ എല്ലാ ജനതകളുടെയും പാട്ടുകാരനായിത്തീർന്ന കഥയാണ് അദ്ദേഹത്തിന്റെ ആത്മകഥയിലാകെ. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ 'Canto General' എന്ന കൃതിയുടെ ആ പേരുതന്നെ 'എല്ലാവരുടെയും പാട്ട്' എന്നാണ്.

​"ആവുമെനിക്കു കുറിക്കുവാനേറെ ദുഃഖാകുലമാകും വരികളീരാത്രിയിൽ..."

​എന്നും വികാരവായ്പ്പോടെ, സ്നേഹാതുരത്വത്തോടെ നെരൂദ കുറിച്ചപ്പോൾ അവ ലാറ്റിനമേരിക്കൻ കവിതയിൽ പുതിയൊരു ഋതുശോഭയുടെ ആദ്യ പുഷ്പങ്ങളായി. ഏതാണ്ടൊരു പതിറ്റാണ്ടു കഴിഞ്ഞാണ് "ഭൂമിയിലെ ആവാസം" (Residence on Earth) എഴുതിപ്പൂർത്തിയാക്കിയത്. ലളിതമായ വൈയക്തികതയിൽനിന്ന് സങ്കീർണ്ണഭാവങ്ങളുടെ വർണ്ണസങ്കരങ്ങളിലേക്കുള്ള പ്രയാണമായിരുന്നു പിന്നെപ്പിന്നെ. ആ പ്രയാണത്തിന്റെ രമ്യപരിണതിയെ കുറിക്കുന്ന കൃതിയാണ് 'കാന്റോ ജനറൽ' (Canto General). അതിന്റെ രചനയിലേക്കുള്ള വഴി എളുപ്പമോ നിസ്സാരമോ ആയിരുന്നില്ല.

​ചിലിയെ നയതന്ത്രപരമായി പ്രതിനിധീകരിച്ചുകൊണ്ട് പടിഞ്ഞാറ് പാരീസ് മുതൽ കിഴക്ക് റംഗൂണും സിങ്കപ്പൂരും വരെയുള്ള രാജ്യങ്ങളിലുള്ള താമസം വ്യത്യസ്ത ജനതകളെയും നാഗരികതകളെയും അടുത്തറിയാൻ അദ്ദേഹത്തിന് അവസരം നൽകി. അതിനിടയിൽ, ആറു വർഷം മാത്രം നീണ്ടുനിന്ന ഒരു വിവാഹബന്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് 1936-ൽ ആദ്യഭാര്യയുടെ മരണം സംഭവിച്ചു. തുടർന്ന് മറ്റൊരു സ്ത്രീയിലേക്ക് കവിയുടെ തീവ്രാനുരാഗം പടർന്നുകയറി. 1933-ൽ നെരൂദയുടെ സൗഹൃദവലയത്തിൽ മഹാനായ മറ്റൊരു സ്പാനിഷ് കവി - ഫെഡറിക്കോ ഗർഷ്യ ലോർക്ക - കടന്നുവന്നു. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡ് സ്പാനിഷ് കവികളുടെ മഹത്തായ സൗഹൃദത്തിന് സാക്ഷ്യം വഹിച്ചു. (നെരൂദയോടൊപ്പം ലോർക്കയും, പെദ്രോ സലിനാസും, റാഫേൽ ആൽബെർട്ടിയും, ലൂയി സെർണൂദയും വേറെയും ചില മുഖ്യകവികളും ഒത്തുകൂടിയപ്പോഴുണ്ടായ ഒരു വിശാലസൗഹൃദം.)

​നെരൂദ തനി രാഷ്ട്രീയക്കവിതകൾ എഴുതിയിട്ടുണ്ട്. ചിലിയിലെ ഖനി തൊഴിലാളികൾക്കെതിരെ ഉണ്ടായ കൊടുംക്രൂരമായ മർദ്ദനത്തിനെതിരെ യോഗം ചേർന്നപ്പോൾ നെരൂദ വായിച്ച ഒരു കവിത "We demand punishment" എന്നാരംഭിക്കുന്നു. (മുദ്രാവാക്യ കവിത എന്ന് അടിവരയിട്ടു വിളിക്കാവുന്ന വരികൾ). സ്പർശമണികൾ കൊണ്ടെന്നപോലെ വാക്കുകളെ സ്വർണ്ണാഭമാക്കി മാറ്റുന്ന കവിത്വസിദ്ധിയുടെ പുരുഷാകാരമായി പാബ്ലോ നെരൂദ ഈ നൂറ്റാണ്ടിന്റെ ഏതാണ്ട് മുക്കാൽ കാലയളവിലും നമ്മോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം സ്വന്തം കവിതയുടെ ചിറകിന്മേൽ ലോകമെമ്പാടുമുള്ള സുമനസ്സുകളെ പ്രാപിച്ചിരുന്ന കവിയാണ്.

​നെരൂദയുടെ മരണം ചിലിയുടെ ചരിത്രത്തിലെ ഒരു ദുരന്തത്തിന്റെ ഭാഗമായിട്ടാണ് സംഭവിച്ചത്. അലൻഡെയുടെ വധത്തെത്തുടർന്ന്, ചിലിയുടെ അന്തരീക്ഷത്തിലാകെ പടർന്ന ഇരുട്ട് അതിന്റെ സാന്ദ്രതമമായ അവസ്ഥയിലായിരുന്നു നെരൂദയുടെ മനസ്സിൽ. അദ്ദേഹം രോഗബാധിതനായിരുന്നു. ആവശ്യമായ മരുന്നുകൾ ലഭിക്കാതെ, ചികിത്സയും ശുശ്രൂഷയും ലഭിക്കാതെ, പ്രിയപത്നി മെറ്റിൽഡയുടെ മടിത്തട്ടിൽ കിടന്ന് അദ്ദേഹം മരണം വരിച്ചു. (ജീവിക്കാൻ അവശ്യം വേണ്ടത് ലഭിക്കാത്ത നിലയിൽ സംഭവിക്കുന്ന മരണം തികച്ചും സ്വാഭാവിക മരണമാണോ?) നെരൂദയോട് ചിലിയിലെ പട്ടാളഭരണാധികാരിയായിരുന്ന പിനാഷേ പ്രതികാരബുദ്ധിയോടെ കാട്ടിയ അവഗണനയും നിഷേധവും മരണത്തെ നേരത്തേ ക്ഷണിച്ചുവരുത്തുകയായിരുന്നു എന്ന് ലോകം വിശ്വസിക്കുന്നു.

​രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവന്റെ ജഡത്തിന് സമുചിതമായ സംസ്കാരകർമ്മം നിഷേധിക്കുന്ന രാജനീതി ചരിത്രത്തോളം പഴക്കമുള്ളതാണ്. വിഖ്യാതമായ 'ആന്റിഗണി' എന്ന യവനദുരന്തനാടകത്തിലെ പ്രശ്നമോർക്കുക. നെരൂദയുടെ ജഡം സാന്റിയാഗോയിലെ പൊതുശ്മശാനത്തിലെ തെമ്മാടിക്കുഴിയിലാണ് പിനാഷേയുടെ കിങ്കരന്മാർ അടക്കിയത്. പത്നിയായ മെറ്റിൽഡ മരിച്ചപ്പോഴും അതേ തെമ്മാടിക്കുഴിയിലാണ് ജഡം മറവുചെയ്തത്. എന്നാൽ, ലോകത്തിന്റെ ഹൃദയത്തിൽ കുടിയിരിക്കുന്ന ഒരു കവിയോട് ഒരു പട്ടാളഭരണമേധാവി ചെയ്യുന്ന ക്രൂരതയ്ക്ക് ജനത പകരം ചോദിക്കുകയോ പരിഹാരം കണ്ടെത്തുകയോ ചെയ്യുമെന്നതിന്റെ തെളിവാണ്, നെരൂദയുടെയും പത്നിയുടെയും ജഡങ്ങൾ അവരുടെ വീട്ടുവളപ്പിലേക്ക് തിരികെ കൊണ്ടുവന്നു സംസ്കരിക്കാൻ ചിലിയിലെ ജനതയ്ക്ക് കഴിഞ്ഞു എന്നത്.

​"ഇനിയുമൊരു ജന്മമുണ്ടെങ്കിലത് ഇവിടെത്തന്നെയാവണം" എന്ന് ലാറ്റിനമേരിക്കയെ മനസ്സിൽക്കണ്ടു പറഞ്ഞയാൾ... ഈ കുറിപ്പവസാനിപ്പിക്കുമ്പോൾ, നെരൂദയുടെ ഈ വരികൾ എന്റെ മനസ്സിൽ മുഴങ്ങുന്നു - ഒരു സത്യവാങ്മൂലം പോലെ, ഹൃദയനിമന്ത്രണം പോലെ...

ടി ഐശ്വര്യ

ടി ഐശ്വര്യ

എഴുത്തുകാരി

Share this post

Reviews

No reviews yet