പറഞ്ഞു കേട്ടത്-Paranju-kettathu
07 February 2026 | Poetry

ഈറൻ മുടി പകുത്തു പിന്നിയിട്ട്
വെള്ളയും നീലയും
യൂണിഫോമണിഞ്ഞു പുലരി
പടിഞ്ഞാറോട്ടുള്ള
ആദ്യത്തെ വണ്ടിയും കാത്ത്
നിൽക്കുകയാണ്.
-
ഓല മേഞ്ഞ കുടിലിന്റെ
മേൽക്കൂര
അടക്കി പെറുക്കി
വെക്കുന്ന തിരക്കിലായിരുന്നു
കാറ്റ്
ഇതിനിടയിൽ
മുറ്റത്തു ഞാൻ നട്ട
വാഴക്കന്നു കുലച്ചത്
ആരോ വെട്ടിയെടുത്തു
കൊണ്ടുപോയി.
-
വെയില് വെന്തു തിളയ്ക്കുന്ന വയലിന്റെ
ഒത്ത നടുക്കിലൊരു
കൊറ്റി ഒറ്റക്കാലിൽ
ഇല്ലാത്ത മീനിനെയും
സ്വപ്നം കണ്ടു
കണ്ണടച്ച് നിൽക്കുന്നു.
-
ആരൊക്കെയോ
ചേർന്ന്
മൗനത്തിന്റെ തടാകത്തിൽ
തീ കോരിയിട്ട്
കത്തിക്കാൻ നോക്കുന്നു..
-
മഴ കൈവിട്ട
മെല്ലിച്ച പുഴ
മണല് കൂട്ടിയിട്ടു
വേഗത്തിൽ
ചെക്ക് ഡാമുകൾ പണിയുന്നു..
-
മരിച്ച ഭാഷയുടെ
ശവ മഞ്ചവും പേറി അയൽവാസികൾ
നടന്നു വരുന്നു.
തുഞ്ചൻ പറത്തിയ
തത്ത
കാക്കാലത്തിക്കൊപ്പം
കൂടി ചീട്ടുകൊത്തി
വ്യാജം പറയുന്നു.
-
നഗര മധ്യത്തിലൊരു
കോണിൽ
പ്രണയത്തിന്റെ
കഴുത്തറുത്ത്
മസാല പുരട്ടി
കമ്പിയിൽ കോർത്ത്
ആവശ്യത്തിന്
തീയും പുകയും കൊള്ളിച്ചു കരിച്ചെടുത്തു
പാത്രത്തിൽ വിളമ്പി
വെച്ചിട്ടുണ്ട്
വേണ്ടവർക്ക്
കഴിക്കാൻ പാകത്തിൽ.

സുധ. കെ. സി
കവി