പരിണാമഗുപ്തി - 2.
27 January 2026 | Story

പത്രത്തില്‍ ഫീച്ചറെഴുതുമ്പോള്‍ എഴുത്തുകാരിയുടെ താമസ്ഥലവും അവരെ കാണാന്‍ പോയതിന്റെ അനുഭവവുംകൂടി പൊതുവെ എഴുത്തുകാര്‍ചേര്‍ക്കാറുണ്ട്. വായനക്കാര്‍ക്ക് വിരസത തോന്നാതിരിക്കാനാണ് അത്. എപ്പോഴും എഴുത്തില്‍ ചില കാല്പനിക ഭാവനകള്‍ ഉള്‍ചേര്‍ക്കേണ്ടതുണ്ട്. അതിനുള്ള പൊടിക്കൈകളാണ് ഇതെല്ലാം. അതിനാല്‍ ഹോട്ടല്‍ പരിസരത്തെയും മറ്റും ഞാന്‍ സൂക്ഷ്മമായിനിരീക്ഷിച്ചു.
പാചകരുടെ വേഷവിധാനങ്ങള്‍. സെക്യൂരിറ്റിയുടെ മുഖത്തെ നിസ്സംഗഭാവം. അവരുടെ യൂണിഫോമിന്റെ പ്രത്യേകതകള്‍.അവിടെ താമസിക്കാനെത്തിയ ഉന്നതരുടെ മുഖത്തെ ആഹ്ലാദങ്ങള്‍. അവരുടെ വിലകൂടിയ വസ്ത്രങ്ങള്‍. കൈയിലെ മൊബൈല്‍ ഫോണുകള്‍. അവര്‍ ഉപയോഗിക്കുന്ന ലാപുകളും അനുബന്ധ ഉപകരണങ്ങളും. വലിക്കുന്ന സിഗരറ്റുകളുടെ പേരുകള്‍. ലോബിയിലൂടെ കൈകള്‍ പരസ്പരം കവര്‍ന്നുകൊണ്ട് നടക്കുന്ന യുവമിഥുനങ്ങളുടെ ശരീരവടിവുകളില്‍ യുവത്വത്തിന്റെ കാമന നിറഞ്ഞ എന്റെ കണ്ണുകള്‍ ഉടക്കിക്കിടന്നു.
ലോകത്തെവിടെയും കിട്ടാത്ത കാഴ്ചകളുടെ വസന്തമാണ് ആ ഹോട്ടലിന്റെ വിസ്മയാവഹമായ അകത്തളങ്ങളെന്ന് എനിക്ക് തോന്നിയെങ്കില്‍, അതിനെ കുറ്റപ്പെടുത്താനാവുമോ?
ഇങ്ങനെ അതീവ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും നടക്കവെ, എതിരെ വരുന്ന രണ്ടുപേര്‍ എന്റെ കണ്ണുകള്‍ പിടിച്ചെടുത്തു.ഒന്ന് നഗരത്തിലെ അറിയപ്പെടന്ന കോണ്‍ട്രാക്ടര്‍ വാസുദേവന്‍ പിള്ളയായിരുന്നു. അയാളെ അറിയാത്തവരായി നഗരത്തില്‍ ആരുമുണ്ടായിരുന്നില്ല. മാത്രമല്ല, മലയാളത്തിലെ കലാപരമായി മന്നിട്ടുനില്ക്കുന്ന രണ്ടു സിനിമകളുടെ നിര്‍മാതാവും കൂടിയാണ് അമ്പതു കഴിഞ്ഞ സുമുഖനായ ആ മനുഷ്യന്‍. മറ്റെയാളെ കണ്ടു പരിചയമില്ല. അല്ലെങ്കില്‍ത്തന്നെ എല്ലാവരെയും എനിക്ക് പരിചയം ഉണ്ടാകണമെന്നില്ല. എന്നാല്‍ എന്തുകൊണ്ടോ ഇരുവരും എന്നെ നോക്കി ഒരേ വേവുലന്തിലാണ് പുഞ്ചിരി തൂകിയത്.
ഇടത്തെ കൊറിഡോറിലൂടെ നടന്നാല്‍ മൂന്നാമത്തെ ക്വാര്‍ട്ടേഴ്‌സിലെത്താം. പലയിടത്തും മനോഹരമായ പൂക്കള്‍ വിരിഞ്ഞുനില്ക്കുന്ന പൂച്ചെട്ടികള്‍ കാണാമായിരുന്നു. ഒരു കൊറിഡോറില്‍ത്തന്നെ എട്ടു ക്വാര്‍ട്ടേസുകള്‍ മുഖാമുഖം നോക്കി നില്ക്കുന്നു.
വിജനമായിരുന്നു ഹോട്ടല്‍ പരിസരം.
--

അണ്‍സീസണായതിനാല്‍പലതിലും ആളില്ലെന്നു തോന്നിച്ചു. വലതുഭാഗത്ത് നാലാമത്തയും ഏറ്റവും അവസാനത്തേതുമാണ് നിരുപമയുടെ ക്വാര്‍ട്ടേഴ്‌സ്. രാഹുലേയന്‍ എല്ലാം വ്യക്തമായി പറഞ്ഞുതന്നിരന്നു. അപ്പോയിന്റ്‌മെന്റ് എടുത്തതുപോലും രാഹുലേയനായിരുന്നു.
അതിനാല്‍ അവിടെയെത്തി പേരു വെളിപ്പെടുത്തിയാല്‍ മാത്രം മതി, ജോലി ആരംഭിക്കാം.
വല്ലാത്തൊരു നിശ്ശബ്ദത അവിടെ പാകിക്കിടന്നു.
നിരുപമാ റാവുകുളിമുറിയില്‍നിന്നു ഇതുവരെ പുറത്തുകടന്നില്ലേ?
റിസപ്ഷനിസ്റ്റ് പറഞ്ഞപ്പോള്‍ അവള്‍ അതാണു പറഞ്ഞത്.കുളിക്കാന്‍ കയറുകയാണ്. പത്തു മിനിട്ടു കഴിഞ്ഞിട്ടു വിട്ടോളൂന്ന്.പത്തു മിനിട്ട് കഴിഞ്ഞ് വിളിച്ചപ്പോള്‍ അവള്‍ ഫോണ്‍ എടുത്തില്ല.
അവിടെയുണ്ടായിരുന്ന അസാധാരണമായൊരു ശാന്തത മനസ്സിനെ ഭീതിപ്പെടുത്തുന്നപോലെ തോന്നി. ജോലിക്കാരും ഈ ഭാഗത്തേക്ക് കടന്നുവരാറില്ലേ? ഒരുപക്ഷേ എഴുതാനുള്ള സൗകര്യത്തിനാവണം അവള്‍ ശാന്തവും നിശ്ശബ്ദത നിറഞ്ഞതുമായ ക്വാര്‍ട്ടേഴിസിന്റെ അവസാനത്തെ ഈ മുറിതന്നെ തെരഞ്ഞെടുത്തത്.
ഇത്രയും ശാന്തതയുള്ള ഒരു ക്വാര്‍ട്ടേഴ്‌സ് വേറെ ഇതിനുണ്ടാവുകയില്ല. മാത്രമല്ല, പുറകിലെ ജനലുകള്‍ തുറന്നിട്ടാല്‍ കടലില്‍നിന്ന് അടിക്കുന്ന കന്യകയായ കാറ്റിന്റെ തലോടലുകളും മതിവരുവോളം നുകരാം. എത്ര ഉ•ാദം നിറഞ്ഞതായിരിക്കും ആ കാഴ്ചയെന്ന് ഊഹിച്ചുകൊണ്ട് ഞാന്‍ വാതിലിനരികിലേക്ക് നടന്നു.
'കരുണാലയം' എന്ന നോവല്‍ ദുഃഖമനുഭവിക്കുന്ന ഒരു കൂട്ടം സ്ത്രീജീവിതങ്ങളുടെ കഥയാണ്. പലയിടത്തുനിന്നായി അവഗണിക്കപ്പെട്ട, ഒറ്റപ്പെട്ടുപോയ, ജീവിതദുരിതങ്ങള്‍ അനാഥമാക്കിയ സ്ത്രീകള്‍. അവരുടെ വേദനപുരണ്ട ജീവിതങ്ങള്‍. എന്നാല്‍ ഇത്രയും സൗകര്യത്തിലിരുന്നാണോ അത്തരം ദുരന്തപൂര്‍ണമായ രചനകള്‍ നിര്‍വഹിക്കുന്നതെന്നോര്‍ത്ത് ഞാന്‍ അത്ഭുതംകൂറി.
കാളിംഗ് ബെല്ലില്‍ വിരലമര്‍ത്തി ആദ്യം രണ്ടു നിമഷങ്ങള്‍ കാത്തു. വാതില്‍ തുറക്കപ്പെടുന്നില്ലെന്ന് കണ്ടു വീണ്ടും വിരലമര്‍ത്തി. ഇത്തവണ കുയില്‍നാദം ഉയര്‍ന്നുതന്നെ കേള്‍ക്കാമായിരുന്നു. സ്ത്രീകള്‍ തനിച്ചു താമസിക്കുന്ന സ്ഥലത്ത് ചില ഔചിത്യംപാലിക്കണം പുരുഷ•ാരായ സന്ദര്‍ശകര്‍.
മൂന്നാമതും വിരലമര്‍ത്തിയശേഷം ഞാന്‍ കാത്തുനിന്നില്ല, വാതിലിലെ മനോഹരമായി തിളങ്ങുന്ന ഹാന്‍ഡിലില്‍ വലതുകൈവിരല്‍ ചേര്‍ത്തു. ഒന്നുവെറുതെ തൊട്ടതേയുള്ളു, അതു കുറ്റിയിട്ടിട്ടില്ലെന്ന് മനസ്സിലായി. എങ്കിലും അതു തുറന്ന് അകത്തുകടക്കാന്‍ അനുവാദമുണ്ടാകുമോ?
ഇത്തിരിനേരം കൂടി കാത്തുനില്‌ക്കേണ്ടതല്ലേ?
ഈ ചോദ്യങ്ങളെയെല്ലാം അവഗണിച്ച് എന്റെ ഒട്ടും ഔചിത്യമില്ലാത്ത കൈകള്‍ വാതില്‍ തുറന്നു. മനോഹരമായ സ്വീകരണ മുറി മുന്നില്‍ തെളിഞ്ഞു. വിസ്മയാവഹമായ കാഴ്ചകളുടെ വസന്തം മുന്നില്‍ തെളിഞ്ഞു.ടീ പോയില്‍ അവളുടെ ഏറ്റവും പ്രശസ്തമായ പുസ്തകം കിടക്കുന്നു. അതു എടുത്തു തുറന്നുനോക്കാനുള്ള പ്രലോഭനത്തെ മനസ്സിനും കൈകള്‍ക്കും തടഞ്ഞുനിര്‍ത്താന്‍ സാധിച്ചില്ല.
മനോഹരമായ പുറംചട്ട. നല്ല അച്ചടി. നല്ല മേക്കിംഗ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ പബ്ലീഷിംഗ് കമ്പനി, വിറ്റുപോകുമെന്ന ഉറപ്പി•േല്‍ ഏറ്റവും മനോഹരമായി ചെയ്ത പുസ്തകം.
ഒരു ലക്ഷത്തിഅറുപതിനായിരത്തില്‍പ്പരം കോപ്പികള്‍ വിറ്റുപോയ പുസ്തകമെന്ന് പുറംചട്ടയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതു അച്ചടിക്കപ്പെട്ടിട്ട് ഒരു വര്‍ഷംപോലും തികഞ്ഞിട്ടില്ല. കൈയില്‍ എടുത്ത പുസ്തകം അതിന്റെ ഏറ്റവും പുതിയ പതിപ്പായിരുന്നു.കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നോവല്‍ എന്ന് പുറംചട്ടയില്‍ പ്രത്യേകം എഴുതിയിരിക്കുന്നു.
അഞ്ചു നിമിഷങ്ങള്‍ അങ്ങനെ കടന്നുപോയി. പെട്ടെന്ന് എന്താണ് ഞാന്‍ ചെയ്തിരിക്കുന്നതെന്നോര്‍ത്ത്, എന്റെ ദേഹം വിറപൂണ്ടു.എന്നാല്‍ എനിക്ക് അവിടെനിന്ന് ചലിക്കുവാന്‍ സാധിച്ചില്ല. മുന്നിലെ മറനീക്കി ഏതുനിമിഷവും കടന്നുവരുന്ന എഴുത്തുകാരിയുടെ ചുളിഞ്ഞ നെറ്റിയും വിറയ്ക്കുന്ന ചുണ്ടുകളുംഞാന്‍ മുന്നില്‍ പ്രതീക്ഷിച്ചു. അനുവാദമില്ലാതെ ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ അകത്തു കയറിയാല്‍ ന്യായമായും അതുതന്നെയാണ് പ്രതീക്ഷിക്കേണ്ടതും.
എന്നാല്‍ അവിടെ ആരും കടന്നുവന്നില്ല.
അവിടെ പരന്നുകിടക്കുന്ന നിശ്ശബ്ദതയ്ക്കു കൂടുതല്‍ ആഴങ്ങള്‍ കൈവന്നപോലെ. എന്റെ നെഞ്ചിടിക്കുവാന്‍ തുടങ്ങി. കാലുകള്‍ക്ക് ബലക്ഷയം സംഭവിച്ചു. തല മന്ദിച്ചു. ഹൃദയം ഐസു വീണപോലെ മരവിച്ചതുപോലെ.അവള്‍ അകത്ത് അണിഞ്ഞൊരുങ്ങുന്ന തിരിക്കിലായിരിക്കുമോ?
മുരടനക്കിയാല്‍ അവള്‍ക്ക് എന്തുതോന്നും?
രണ്ടു നിമിഷങ്ങള്‍, കഠിനമായ നിമിഷങ്ങള്‍, കഴിഞ്ഞതിനുശേഷം ഞാന്‍ വലതുകാല്‍ മുന്നോട്ടു വെച്ചു. അപ്പോള്‍ ഞാന്‍ അനുഭവിച്ച വികാരം എന്തായിരുന്നു?
തീര്‍ച്ചയായും എന്നിലെ എഴുത്തുകാരന്‍ ഉണര്‍ന്നിരിക്കാം. ആകാംക്ഷയും ഉദ്വേഗവുംകൊണ്ട് ഹൃദയത്തെ വീര്‍പ്പുമുട്ടിക്കുന്ന നിമിഷങ്ങള്‍. ഞാന്‍ വാതിലിനെ മറഞ്ഞുകിടന്നിരുന്ന വിരി പതുക്കെ, വളരെ പതുക്കെ, വകഞ്ഞു മാറ്റി.
അവിടെ ഞാനെന്താണ് കണ്ടത്?
എന്റെ സിരകള്‍ ത്രസിച്ചു. ഹൃദയം പെരുമ്പറകൊട്ടി. തലച്ചോറില്‍ രക്തമുറഞ്ഞു. ഐസുപോലെ ശരീരം മരവിച്ചുപോയി. കാലുകള്‍ വാതംവന്നതുപോലെ കോച്ചിവലിക്കാന്‍ തുടങ്ങി.ശബ്ദിക്കാനോ നിലവിളിക്കാനോ ദീര്‍ഘമായി ശ്വസിക്കാനോഎനിക്കായില്ല. നെഞ്ചില്‍ വലിയ ഒരു പാറക്കഷ്ണം ആരോ വെച്ചതുപോലെ എനിക്ക് മരണഭയമുണ്ടായി.
ആ ദൃശ്യത്തിലേക്കുതന്നെ തറച്ച മിഴികളുമായി, ഞാന്‍ അവിടെ നിന്നുവെന്നതാണ് സത്യം.
തറയില്‍ ഒരു സ്ത്രീശരീരം വീണു കിടപ്പുണ്ടായിരുന്നു. മുക്കാലും നഗ്നയായിരുന്നു അവള്‍. വെളുത്ത ശരീരത്തില്‍ ചിലയിടങ്ങളെ മാത്രം അവളുടെ ബാത്ത് ടവ്വല്‍ മറച്ചുകിടന്നു. കണ്ണുകള്‍ പാതിതുറന്ന്, മരണത്തിന്റെ നിശ്ചലതയില്‍ മരവിച്ചിരിക്കുന്നു. തറയില്‍ അവളുടെ കാല്‍പ്പാദം ഉണ്ടാക്കിയ നനവ് അപ്പോഴും ഉണങ്ങാതെ കിടന്നു. കൈത്തണ്ട സ്വയം മുറിയപ്പെട്ട നിലയില്‍ ചോരയുടെ നീരൊഴുക്കുമായി വാടിയ വള്ളിപോലെ കിടക്കുന്നു. അനൈച്ഛികമായി കുനിഞ്ഞ് അവളില്‍ ശ്വാസമുണ്ടോയെന്ന് പരിശോധിക്കുന്ന എന്നെത്തന്നെ ഞാനൊരു നടുക്കത്തോടെ നോക്കി. തൊടാതെത്തന്നെ തണുപ്പ് ആ ശരീരത്തെ മുഴുവന്‍ കീഴ്‌പ്പെടുത്തിയിട്ടുണ്ടെന്ന് എനിക്ക് തോന്നി. തണുപ്പിന്റെ ഉപ്പുപരലുകള്‍ അവളുടെ സുന്ദരങ്ങളായ, തടിച്ച ചുണ്ടുകളുടെ വടുക്കളില്‍ തങ്ങിനില്ക്കുന്നു.
അതാരായിരിക്കാം സ്ഥിരീകരിച്ചത്?
മനസ്സോ, അതോ ഹൃദയമോ?
പൊടുന്നനെ എനിക്ക് ബോധോദയം വന്നു.
ഞാന്‍ വായിച്ചു തള്ളിയ അപസര്‍പ്പക നോവലുകളും ക്രൈംത്രില്ലര്‍ നോവലുകളും എന്റെ അപകട നിലയെ അടയാളപ്പെടുത്തി.
ഒരു സ്ത്രീയുടെ മരണത്തിന്റെ ക്രൈംസീനിലാണ് ഞാന്‍ നില്ക്കുന്നതെന്ന ബോധം പൊടുന്നനെ എന്നെ ജാഗരൂകനാക്കി. പുറത്തേക്കിറങ്ങിയപ്പോള്‍ ആരോ നടന്നുപോകുന്നതിന്റെ കാലടി ശബ്ദങ്ങള്‍ ഞാന്‍ വ്യക്തമായും കേട്ടു.
അതു കൊലപാതകിയായിരിക്കുമോയെന്ന് ഒരുവേള ഞാന്‍ ശങ്കിച്ചു.വെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍, യൂണിഫോം ധരിച്ച ഒരു ജോലിക്കാരന്‍ തൊട്ടടുത്ത മുറിയിലേക്ക് ഞൊടിയിടയില്‍ കയറുന്നതാണ് കണ്ടത്. അയാള്‍ മുറിയില്‍ കയറിയെന്നു ഉറപ്പാക്കുംവരെ, കിതപ്പാറ്റി ഞാന്‍ അവിടെത്തന്നെ ഒരു കള്ളനെപോലെ പതുങ്ങിനിന്നു. ഇതിനിടയില്‍, നേരത്തെ കൈവിരല്‍ സ്പര്‍ശിച്ച പുസ്തകം എടുത്തു പാന്‍സിന്റെ പോക്കറ്റിലേക്ക് ധൃതിയില്‍ തിരുകിയശേഷം യാതൊന്നും സംഭവിക്കാത്ത ഒരുവനെപോലെ സംയമനംപാലിച്ച് ഞാന്‍ അവിടെനിന്നു നിഷ്‌ക്രിയനായി.

ഹക്കിം ചോലയില്‍
ഹക്കിം ചോലയില്‍