logo

സ്ത്രീമനസ്സിലേക്കുള്ള സഞ്ചാരപഥങ്ങള്‍.

30 March 2026 | Literature

സ്ത്രീമനസ്സിലേക്കുള്ള സഞ്ചാരപഥങ്ങള്‍.

എന്നെന്നും നമുക്കൊരേ ജീവിതമില്ല. അത് മാറിമറിഞ്ഞ് വരുന്നുണ്ട്. ഇതേതെങ്കിലും പ്രതിഭാസത്തിന്റെ ഭാഗമാണോ എന്നൊന്നും അറിഞ്ഞുകൂടാ. കാത്തു വച്ചതെല്ലാം കൈവിട്ടു പോകുന്നുണ്ട്. ഒരിക്കലും തനിച്ചാക്കി പോകില്ലെന്ന് കരുതിയ പ്രിയപ്പെട്ടവര്‍, ജീവന്റെ ജീവനുകള്‍ നമ്മളില്‍ നിന്നും പിടിവിട്ടു പോകുന്നുണ്ട്. നിരാശ്രയത്വത്തിലേക്കും ഏകാകിതയിലേക്കും നാം മൂക്കുകുത്തി വീഴുന്നുണ്ട്.
പറഞ്ഞുവരുന്നത്, ആകസ്മിക ദുരന്തങ്ങള്‍ ഒന്നൊന്നായി വന്ന് പിടിമുറുക്കിയ ഒരു ജീവിതത്തെക്കുറിച്ചാണ്. ശിഷ്ടജീവിതം തിരിച്ചു പിടിക്കാനായി ജീവിതത്തോട് മുഖാമുഖം നിന്ന് പൊരുതിക്കൊണ്ടിരിക്കുന്ന കഥാകാരി ദേവിയെക്കുറിച്ചാണ്. വിവര്‍ത്തന കൃതികളടക്കം കഥകളും നോവലുകളും ലേഖന സമാഹാരങ്ങളുമായി ഇരുപതോളം പുസ്തകങ്ങളെഴുതിയിട്ടുള്ള ദേവി ജെ എസിനെക്കുറിച്ച് കേള്‍ക്കുന്നവര്‍ കഥാകാരിക്കിങ്ങനെയും ഒരു ജീവിതമോ എന്നന്തിച്ചുപോകും. മലയാളം എം എയും, ബി എഡും അടക്കം നാലു ബിരുദങ്ങളുടെ ഉടമ. തുടക്ക സമയത്ത് അധ്യാപികയുടേയും പിന്നീട് എംജി യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥയായും വേഷമിട്ട ദേവിയുടെ ജീവിതം ഏറെ സന്തുഷ്ടമയമായിരുന്നു. എന്നാല്‍, ആ ജീവിതതാളം പൊടുന്നനെ കീഴ്‌മേല്‍ മറിയുന്നു. പ്രിയപ്പെട്ടവന്റെ അകാലവിയോഗം, യൗവ്വനത്തില്‍ തന്നെ രണ്ട് കുട്ടികളെയുംകൊണ്ട് സങ്കടപ്പുഴ നീന്താനായിരുന്നു വിധി നിയോഗം. അങ്ങനെ വിഷാദപര്‍വ്വം താണ്ടിക്കൊണ്ടിരിക്കെ വീണ്ടും കൂനിന്മേല്‍ കുരു എന്നപോലെ മറ്റൊരു പ്രഹരംകൂടി. സ്വന്തം ശരീരത്തെ മഹാരോഗം കീഴ്‌പ്പെടുത്തിയതായി സ്ഥിരീകരിക്കേണ്ടിവരുന്നു. ആ വകയില്‍ 'സാന്ത്വനസ്പര്‍ശം' എന്നൊരു കൃതി കിട്ടിയതു മാത്രം ആശ്വാസത്തിന് വകയായി. അവിടംകൊണ്ടും തീര്‍ന്നില്ല ദുര്‍വിധിയുടെ വേട്ടയാടല്‍. തുണയായിരുന്ന മകന്‍ വാഹനാപകടത്തില്‍ പെടുന്നു. പത്രപ്രവര്‍ത്തകനായിരുന്നു സൂരജ് (ദി ഹിന്ദു). ഒന്നുമൊന്നും തിരിച്ചറിയാനാകാതെ, മിണ്ടാതെ പറയാതെ മകന്‍ പതിനൊന്നാണ്ട് നിത്യശയ്യയില്‍. ഇതിനിടെ, കൂടെ കഴിഞ്ഞിരുന്ന ഇണപ്പക്ഷി കഴിഞ്ഞതെല്ലാം മറന്ന് കൂടൊഴിഞ്ഞും പോയി. മകന് കൂട്ടായി അമ്മ മാത്രം. ഒടുവില്‍ അമ്മയെ തനിച്ചാക്കി മകനും നിത്യയാത്രയായി. പതറിയും പകച്ചുമുള്ള ജീവിതം.
അനിശ്ചിതത്വവും ശൂന്യതയും പിടിമുറുക്കിയ ദേവിക്കു മുമ്പിലേക്ക് ദേ വരുന്നു കണ്ണുരുട്ടിക്കൊണ്ട് മറ്റൊരു വില്ലന്‍. ഹൃദയം പണിമുടക്കി എന്ന് വൈദ്യ പ്രഖ്യാപനം. കടവന്ത്രയിലെ നീലാംബരിയില്‍ മുഖാമുഖം ഇരുന്നുള്ള സംസാരം ഇടക്കെവിടെയോ വെച്ച് മുറിഞ്ഞു. ദേവിച്ചേച്ചി പതിയെ എഴുന്നേറ്റുപോയി അലമാര തുറക്കുന്നു. കയ്യില്‍ 'ഗിരിധറിന്റെ മകള്‍'. പുതിയ പുസ്തകമാണെന്നും 'ഉണ്‍മ'യുടെ സമ്മാനമാണെന്നും പറഞ്ഞ് പുസ്തകം തുറക്കുന്നു. പേജുകള്‍ മറിയുന്നു. സ്‌നേഹത്തോടെ ദേവി ചേച്ചി എന്നെഴുതുന്നു. പതിനാറാം വയസ്സില്‍ കോളേജ് മാഗസിനില്‍ കഥ എഴുതിക്കൊണ്ടാണ് ദേവി സാഹിത്യ മേഖലയിലേക്ക് വരുന്നത്. കൗമുദി, കുങ്കുമം, ജനയുഗം തുടങ്ങി അന്നത്തെ പ്രമുഖ വാരികകളായിരുന്നു ആദ്യ കളരി. പിന്നീടങ്ങോട്ട് മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിലെല്ലാം കഥകള്‍ വന്നു തുടങ്ങി. എന്നാല്‍, എഴുതിത്തുടങ്ങി അധികം വൈകാതെ തന്നെ ആ എഴുത്തിന്റെ ഒഴുക്ക് നിലക്കുകയാണ്. വിട്ടൊഴിയാതെയുള്ള ദുര്‍വിധിയുടെ വേട്ടയാടലില്‍ എഴുത്ത് മറന്നുപോയ 14 സംവത്സരങ്ങള്‍. അപ്പോഴും മനോരമ ഓണ്‍ലൈനില്‍ ഇരുപത് വര്‍ഷത്തോളമായി എഴുതിവരുന്ന 'കഥയില്ലായ്മകള്‍'ക്കു മാത്രം മുടക്കം വന്നില്ല. ദേവിയുടെ ജീവിതകഥയില്‍ നിന്നും എഴുത്തിലേക്ക് വന്നാല്‍, ഒരൊറ്റ കഥയിലും ആ കണ്ണീര്‍ക്കടലിന്റെ ഉപ്പുരസം പടര്‍ന്നതായി നമുക്കനുഭവപ്പെടില്ല. പകരം ഇരുള്‍ മൂടിയ സ്വന്തം ജീവിതം മാറ്റിവെച്ചുകൊണ്ട് അപര മനുഷ്യരുടെ വൈവിധ്യ ചിത്രങ്ങള്‍ക്കൊണ്ട് കഥകള്‍ മെനഞ്ഞു. അതേസമയം സ്ത്രീ ജീവിതത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരെഴുത്ത് തീര്‍ത്തും ദേവിക്കന്യമാണെന്ന് പറയേണ്ടി വരും: താന്‍ കണ്ടറിഞ്ഞ, തനിക്കു പരിചിതമായ സ്ത്രീ ലോകത്തെ അത്രമേല്‍ തീവ്രതയോടും സത്യസന്ധതയോടും അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
-


ഇപ്പറഞ്ഞത് തീര്‍ത്തും ശരിവെക്കുന്നതാണ് 'ഗിരിധറിന്റെ മകള്‍'. ഇതിലുള്ള പത്ത് കഥകളും സ്ത്രീ ജീവിതത്തെ ഫോക്കസ് ചെയ്തുകൊണ്ടെഴുതപ്പെട്ടവയാണ്. ചേര്‍ത്തുപറഞ്ഞാല്‍, സ്ത്രീ മനസ്സുകളെ അനാവൃതമാക്കുന്ന രചനകള്‍. ഇതില്‍ മന:ശാസ്ത്ര കഥ എന്ന ഗണത്തില്‍പ്പെടുത്തി വായിക്കാവുന്നൊരു കഥയുമുണ്ട്. 'ദേജാവു' (ദേജാവു ഒരു ഫ്രഞ്ച് പദമാണ്) ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണാത്ത ചില വ്യക്തികളെ, വസ്തുക്കളെ നേരത്തെ കണ്ടതായി തോന്നുക. അവയിലേക്ക് നമ്മുടെ മനസ്സാണ്ടുപോവുക, നിരന്തരം അവയെ പിന്തുടരുക. നവമി എന്ന പെണ്‍കുട്ടിയുടെ വിചിത്ര മനസ്സിന്റെ തോന്നലുകള്‍ സൂക്ഷ്മമായി ചിത്രീകരിച്ച ദേജാവു എല്ലാ അര്‍ത്ഥത്തിലും മറ്റു കഥകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന, ആ പേരിനോട് തീര്‍ത്തും ചേര്‍ന്നുനില്‍ക്കുന്ന മികച്ച രചനയാണ്.
ആഗ്രഹങ്ങള്‍ കാണും, എന്നാല്‍ ആ ആഗ്രഹ പൂര്‍ത്തീകരണത്തിനായി നമ്മളെന്തിന് ബാധ്യതകളിലേക്കെടുത്തു ചാടണം. കീശയ്‌ക്കൊതുങ്ങുന്ന ജീവിതം ജീവിച്ചാല്‍ പോരെ എന്നൊരു ചിന്തയുണര്‍ത്തുന്ന 'ഈ വീട് നല്ല വീട്' കുട്ടികളുടെ താല്‍പര്യങ്ങള്‍ക്ക് തരിമ്പും വിലകല്‍പ്പിക്കാത്ത രക്ഷിതാക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നുമുണ്ട്. മക്കള്‍ക്കു മുമ്പില്‍ മറയില്ലാതെ മനസ്സ് തുറന്നിടൂ, ഏതേതു പ്രശ്‌നങ്ങള്‍ക്കും കൃത്യമായ പരിഹാരം അവിടെയുണ്ടെന്ന് 'എനിക്കും നിനക്കുമിടയില്‍' സാക്ഷ്യം പറയുന്നു. കൗമാരക്കാരിയായ മകളുടെ മനസ്സിന്റെ അകായിലേക്ക് തന്ത്രപൂര്‍വ്വം പ്രവേശിക്കാനും അവളുടെ ഉള്ളിലിരിപ്പ് പുറത്തെടുക്കാനും അതിന് വേണ്ടതായ പരിഹാരം കാണാനും ഒരമ്മക്ക് എങ്ങനെ സാധിക്കുന്നു എന്നതിനുള്ള ഒരുത്തമ ഉദാഹരണമാണ് ഇക്കഥ. ഇതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന 'എല്ലാം നല്ലതിന്', കുടിയനും മുടിയനും ഭാര്യാപീഡകനുമായ പുരുഷനാല്‍ ദുരിതജീവിതം നയിക്കേണ്ടിവരുന്ന ചന്ദ്രമതി എന്ന കുടുംബിനിയുടെ അവസ്ഥാന്തരങ്ങള്‍ തുറന്നു കാട്ടുന്നതായി. കഥ പറയുന്നയാളിന്റെ ഓഫീസ് സഹായിയും ഓഫീസ് വിട്ടാല്‍ അവരുടെ അടുക്കള സഹായിയായും മാറുന്ന ചന്ദ്രമതിയുടെ ഭര്‍ത്താവ് രാജേന്ദ്രന്‍ പനി പിടിപെട്ട് മരിക്കുന്നതോടെ കഥയിലുണ്ടാവുന്ന വഴിത്തിരിവാണ് കഥയുടെ പുറംകാഴ്ചയില്‍ ഭര്‍തൃവിയോഗത്തില്‍ നായിക ദുഃഖിതയാണെങ്കിലും വൈധവ്യത്തിന്റെ വേഷം കെട്ടി വിഷാദിച്ച് നടക്കുന്നില്ല. മറിച്ച് പൊതുബോധ ധാരണകള്‍ക്ക് വിപരീതമായൊരു രീതിയില്‍ ഇരിപ്പുകൊണ്ടും നടപ്പുകൊണ്ടും വസ്ത്രംകൊണ്ടും ചന്ദ്രമതി പുതിയ ചന്ദ്രമതിയായി മാറുകയാണ്. പ്രശ്‌നകലുഷിതമായ ദുരിത ക്കടമ്പ കടന്നുകഴിഞ്ഞുള്ള ആശ്വാസം അനുഭവിക്കുക എന്നാല്‍ അതുവരെ കിട്ടാതെ പോയത്, തനിക്ക് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കുക എന്നതാണ്. താന്‍ തികച്ചും സ്വതന്ത്രയാണെന്ന ബോധ്യം അവരിലുണ്ടാക്കുന്ന ആനന്ദം ചെറുതൊന്നുമല്ല. ചുരുക്കത്തില്‍ നായികയിലുണ്ടാവുന്ന ഈ മാറ്റം കഥക്ക് നല്ലൊരു ശുഭാന്ത്യം സൃഷ്ടിക്കുന്നുണ്ട്.
പ്രണയത്തിന് കണ്ണില്ല എന്ന് പറയുന്നത് ഒരു പഴമൊഴിയല്ല, അതൊരു വസ്തുതയാണ്. വാര്‍ദ്ധക്യം കതിരിട്ടുനില്‍ക്കുന്ന എഴുത്തുകാരനായ തന്റെ കസ്റ്റമറോടു ബാങ്കുദ്യോഗസ്ഥയായ യുവതിക്ക് തോന്നുന്ന കടുത്ത പ്രണയം. എന്നാല്‍, അതില്‍ നിന്നും എങ്ങനെയും സ്വയം വിടുതി തേടാനുള്ള അവളുടെ തന്നെ ശ്രമം, അതിനവള്‍ കണ്ടെത്തുന്ന വിചിത്രമായ മാര്‍ഗ്ഗം, ഇക്കഥയുടെ ഹൈലൈറ്റ് എന്ന് പറയുന്നതും ഇതുതന്നെയാണ്. കടുത്ത പ്രണയം ഉണ്ടായിരിക്കുമ്പോഴും അയാളെന്ന ഉള്ളുരുക്കത്തില്‍ നിന്നും രക്ഷ തേടുന്നതിന്റെ പൊരുളൊന്നു മാത്രമാണ്; ഇങ്ങനെ കണ്ടുകൊണ്ടിരുന്നാല്‍, മനസ്സടുത്താല്‍ പിന്നെ പിരിയാനാവില്ല. മാത്രവുമല്ല, തന്റെ ജീവിതത്തിലേക്കയാള്‍ വരാനുള്ള സാധ്യത തീരെയില്ലെന്ന നായികയുടെ തിരിച്ചറിവും ആവണം ഇനി നമ്മള്‍ കാണാന്‍ പാടില്ലെന്ന് അവളെക്കൊണ്ട് പറയിപ്പിക്കുന്നത്. എന്നാല്‍ ഇതൊന്നും അയാളറിയുന്നില്ല, ആ രീതിയിലൊരു സമീപനം അയാളില്‍ നിന്നുണ്ടായിട്ടുമില്ല. എല്ലാം അവളുടെ മാത്രം തോന്നലുകളാണ്. അതുകൊണ്ടുതന്നെ അവളുടെ വാക്കുകളൊന്നും അയാള്‍ മുഖവിലക്കെടുക്കുന്നുമില്ല. പകരം ഈ പെണ്ണുങ്ങളൊക്കെ എന്താണിങ്ങനെയെന്ന് ഉള്ളുകൊണ്ട് ചിരിക്കുകയാണ്.
ഇനി പുസ്തക ശീര്‍ഷകത്തെ പ്രതിനിധീകരിക്കുന്ന 'ഗിരിധറിന്റെ മകളി'ലേക്ക് വന്നാല്‍ പത്തോളം കഥകളും സ്ത്രീ കേന്ദ്രീകൃതമാണ്. അല്ലെങ്കില്‍ സ്ത്രീ മനസ്സിലേക്കുള്ള സഞ്ചാരപഥങ്ങളാണെന്ന് പറയാം. ഒരു റിസര്‍ച്ച് സെന്റിന്റെ മേധാവിയും ഗവേഷക വിദ്യാര്‍ത്ഥിയും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ നടക്കുന്ന കൗതുകകരമായ സംഭവവികാസങ്ങളും ആണ് ഗിരിധറിന്റെ മകളിലൂടെ പറഞ്ഞുവരുന്നത്. കേട്ടാല്‍ അസംബന്ധമെന്നു തോന്നുന്ന ഒരു വിഷയത്തെ സമര്‍ത്ഥമായി കൈകാര്യം ചെയ്തതിലൂടെ കിട്ടിയ ഒരു നല്ല കഥ, മരിച്ചുപോയ ഒരു പ്രമുഖ കഥാകൃത്തിനെ ഓര്‍മിപ്പിച്ചു. കഥാകാരന് ഒരു കാമുകി ഉണ്ടായിരുന്നു. ഇരുവര്‍ക്കും ജീവിതത്തില്‍ ഒന്നിക്കാനാകാതെ ഇരുവരും വഴിപിരിഞ്ഞ് പോവുകയാണ്. എന്നാല്‍ പിന്നീട് മക്കളിലൂടെ, അവരെ ഒന്നിപ്പിക്കുന്നതിലൂടെ പണ്ടത്തെ കാമുകിയും കാമുകനും കുടുംബ ബന്ധം സ്ഥാപിക്കുന്നുണ്ട്. സാധാരണ മട്ടില്‍ പറഞ്ഞാല്‍ ഇതൊരാശ്വാസം കണ്ടെത്തലാണ്. ഇവിടെ ഗിരിധറിനും വേണ്ടത് ഈ പറഞ്ഞ പോലൊരാശ്വാസമാണ്. കോളേജ് കാലത്തു മോഹിച്ചുവെച്ച പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൂട്ടാനാകാതെ വന്നതിന്റെ ഖേദം തീര്‍ക്കല്‍, അല്ലെങ്കില്‍ ആ നൈരാശ്യത്തിനുള്ള പരിഹാരം തേടല്‍. വ്യക്തമായി പറഞ്ഞാല്‍, തനിക്ക് സ്വന്തമാക്കാനാകാതെ പോയ ആ പെണ്‍കുട്ടിയുടെ പേരിടാനായി ഒരു മകള്‍ വേണം. വിവാഹം കഴിഞ്ഞ പുതുക്കനാളില്‍ അയാള്‍ തന്റെ ഭാര്യ കാന്തിമതിയോടും ഇങ്ങനെ ഒരാവശ്യം ഉന്നയിക്കുന്നുണ്ട്. നമുക്കൊരു മകളുണ്ടായാല്‍ അവള്‍ക്ക് ഹീര എന്ന പേരിടണം എന്ന്. പക്ഷേ മകള്‍ക്ക് പകരം കിട്ടിയത് ഒരു മകനായിപ്പോയി.
നടക്കാതെ പോയ മോഹത്തിന് പകരമിപ്പോള്‍ പാട്ടിലായ ശിക്ഷയുണ്ട്. ശിഷ്യ പാരിജാതവുമായുള്ള സൗഹൃദം മൂര്‍ച്ഛിച്ചൊരു സന്ദര്‍ഭത്തില്‍ തന്റെയാവശ്യം അവള്‍ക്കു മുന്‍പില്‍ വെക്കുകയും കേട്ടപാടെ തന്നെ അവളത് തള്ളുകയും മറ്റു പരിഹാരനിര്‍ദ്ദേശങ്ങള്‍ പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുകയും ആണ്. അതേസമയം ഇവിടെ പാരിജാതത്തോട് ഏതെങ്കിലും തരത്തിലുള്ള പ്രണയമോ അവളുടെ ശരീരത്തോട് ആവേശമോ കാണിക്കാത്ത കഥാനായകന്റെ ഷണ്ഡത്വ വ്യക്തിത്വവും ഒരു കണക്കിലിവിടെ പ്രശ്‌നമായി വരുന്നുണ്ട് എന്ന് തോന്നുന്നു. കോളേജ് കാലത്തും താന്‍ സ്വന്തമാക്കാനാഗ്രഹിച്ചു എന്ന് പറയുന്ന പെണ്‍കുട്ടിക്കു മുമ്പിലും കഥാനായകന്‍ തന്റെ പ്രണയം പ്രകടിപ്പിക്കുന്നതില്‍ പരാജിതനാണെന്നോര്‍ക്കണം. ചുരുക്കത്തില്‍ എല്ലാം ആഗ്രഹിക്കുകയും ആ ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി പിന്തിരിഞ്ഞോടുകയും ചെയ്യുന്ന ഒരു ഭീരുവായ ആണിനെ, അലക്‌സിതൈമിയക്കാരനെ ആര്‍ക്കുവേണം എന്നൊരു ചോദ്യവും പാരിജാതത്തെ അബോധമായി നയിക്കുന്നുണ്ടാവണം. നിലവില്‍ വിദേശത്ത് കാമുകനുള്ള പാരിജാതം പക്ഷേ ഒന്നുമൊന്നും ആഗ്രഹിക്കുന്നില്ലെങ്കില്‍ കൂടി ഈ അഴകുഴമ്പന്‍ രീതിയോട് പൊരുത്തപ്പെടാന്‍ അവള്‍ക്കെന്നല്ല സ്ത്രീ ആയിട്ടുള്ള ഒരാള്‍ക്കും കഴിയില്ലല്ലോ. എന്നുമാത്രമല്ല അയാള്‍ക്ക് വേണ്ടത് പാരിജാതത്തിന്റെ ഗര്‍ഭപാത്രം മാത്രമാണ്. ചുരുക്കത്തില്‍ പാരിജാതവും കാന്തിമതിയും രഹസ്യമായി മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രം വാടകക്കെടുത്ത് അയാളുടെ ആവശ്യം നിറവേറ്റുകയാണ്. ദേവിയുടെ കഥകളുടെ ഒരു പ്രത്യേകത, അതിവിശദീകരണങ്ങളിലേക്കത് പോകുന്നില്ല എന്നതാണ്. ചെറുകഥയെന്ന സാഹിത്യ രൂപത്തെ അതിന്റെ തനിമയില്‍ ഉള്‍ക്കൊണ്ടുകൊണ്ട് എങ്ങനെ സൗന്ദര്യവത്താക്കാമെന്ന് കൃത്യമായി അറിയാവുന്ന കഥാകാരി, മനുഷ്യമനസിന്റെ സങ്കീര്‍ണതകള്‍ അതിവിദഗ്ധമായാണ് നമുക്കു മുന്‍പിലിഴപിരിച്ച് തരുന്നത്. വായനയില്‍ എന്തെങ്കിലും സവിശേഷത ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ച് ഇതൊക്കെ സന്തോഷം പകരുന്ന കാര്യങ്ങളാണ്. തീര്‍ച്ചയായും, വായനയുടെ ആനന്ദത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ഗിരിധറിന്റെ മകള്‍ക്കായി എന്നൊരു സംതൃപ്തിയില്‍ ഈ കുറിപ്പിവിടെ അവസാനിക്കുമ്പോഴും പറയാനിനിയുമുണ്ടെന്ന തോന്നല്‍ ഉള്ളിലവശേഷിക്കുന്നുണ്ട്.

ഷറഫ് വി എം

ഷറഫ് വി എം

കവി. എഴുത്തുകാരന്‍

Share this post

Reviews

No reviews yet