logo

തണുപ്പു കാലത്ത് കടൽക്കരയിൽ.

26 January 2026 | Literature

തണുപ്പു കാലത്ത് കടൽക്കരയിൽ.

പുരാതനമായ പള്ളിയും പച്ചക്കറിത്തോട്ടങ്ങളും കടൽ മീനും ഈത്തപ്പഴം നിറഞ്ഞയിടവും ഗ്രാമജീവിതവും നാഗരികതയിൽ നിന്ന് മാറിയുള്ള അനാഗരിക പ്രതിരോധം ജൈവികതയോടെ നിറച്ചതാണ് കഴിഞ്ഞു പോയ എന്റെ കാൽ നൂറ്റാണ്ട് ജീവിതം. പച്ചപ്പ്, നീരുറവ,ആര്യവേപ്പിൻ ചില്ലക്കിടയിലൂടെയെത്തുന്ന വെയിൽ എന്നിവ തരുന്ന ജീവിത സംസ്കാര ധാതുക്കൾ വിലയിടാനാവാത്തതാണ്. കമ്പോളത്തിരക്കിൽ ജീവധാതുക്കളെ കീടനാശിനി പ്രതിരോധ ത്തളർച്ചയിലേക്കു നയിക്കുമ്പോൾ ജൈവ വളം പോലെ ജൈവ ചിന്തകളും നിലനിർത്തേണ്ടതുണ്ട്. അങ്ങനെ വരുമ്പോഴേ സംസ്ക്കാരത്തെ മുന്നോട്ടു നയിക്കുന്ന സംസ്കാര സംഭരണികൾ നിലനില്കുകയുള്ളു. മനുഷ്യ ജീവിതത്തിൽ ഏകാകികളായ ജ്ഞാനികൾ ആൾപ്പാർപ്പില്ലാത്ത കുന്നിലും, ഗുഹയിലും കഴിഞ്ഞു കൂടി ജ്ഞാനോദയം നേടിയതിന്റെ പിന്നിൽ ഇത്തരം ഗൂഢമായ ആവാസ ലോഹ്യം ഉണ്ടായിരിക്കാം. ഗുരുക്കന്മാരുടെ ഗുഹാ ജീവിത തപസ്സ്, നദീതീരം, പർവ്വതം തേടിയുള്ള സഞ്ചാരം അക്ഷരങ്ങളിലൂടെ വായിച്ചെടുക്കുമ്പോൾ ഉള്ളിൽ നിറയുന്ന പ്രശാന്തി സമാധാനമാകുന്നു.
കടൽത്തീരം ചുറ്റിപ്പറ്റിയുള്ള മലകൾ കണ്ടിരിക്കെ നാടിന്റെ കാവലായി ഭൂമി നിർത്തിയതാണോയെന്ന് തോന്നിപ്പോകാറുണ്ട്. കടൽ സമതലത്തിൽ ജീവിക്കുന്നവർ സാഹിത്യത്തിൽ രൂപകങ്ങൾ കടലിനെ സ്പർശിച്ചു രൂപപ്പെടുത്തുന്നതിൽ അതിശയമില്ല. അത്തരത്തിൽ പുറം ലോകത്തെ ഒട്ടേറെ രചനകൾ പ്രവാസ ജീവിതത്തിൽ വായിച്ചെടുക്കാനായി.
"കടൽ എന്നെ ഒരിക്കലും
വിട്ടു പോകുന്നില്ല
മരുഭൂമിയുടെ നടുക്ക് ഇരിക്കുമ്പോഴും
ഞാൻ കടലിനെ കേൾക്കുന്നു, മണക്കുന്നു,
അനുഭവിക്കുന്നു. "
അഹമ്മദ് റാഷിദ് താന്നി എന്ന അറബ് കവി കവിതയിൽ കടലിന്റെ സാന്നിധ്യം എന്ത് എന്നെഴുതിയത് വായിച്ചത് അടുത്ത കാലത്താണ്. താന്നി ജനിച്ച ഖോർഫക്കാൻ സ്ഥലത്തിനടുത്തുള്ള ദിബ്ബയിൽ കാൽ നൂറ്റാണ്ട് ജീവിച്ചിട്ടുo ഇങ്ങനെയൊരു കവിയെ അറിയാതെ പോയ ഖേദം ചില്ലറയല്ല. 2012- ഫെബ്രുവരി 20 ന് നാല്പത്തൊമ്പതാം വയസ്സിൽ അദ്ദേഹം വിടപറഞ്ഞു. കവിത ഇങ്ങനെ പൂർത്തിയാകുന്നു.
" തിരമാലകളിൽ നിന്ന് അനാഥർ
എന്റെയടുക്കലേക്ക് വരുമ്പോൾ
നഷ്ട വേദനകളാൽ മുറിവേറ്റ്
ഞാനെന്റെ നോട്ടം
ദൂരേക്കയ്ക്കുന്നു."

അദ്ദേഹം ജീവിച്ച ഖോർഫക്കാൻ കടൽ സഞ്ചാരികൾക്ക് ആദ്യകാലത്ത് ഇടത്താവളം ആയിരുന്നു. വിജനതയിൽ ചെങ്കത്തായ കുന്നുകൾ, കുന്നിനു മേലെ തൊട്ടുരുമ്മി തെളിഞ്ഞ നീലാകാശം. മറുഭാഗം അലതല്ലുന്ന കടൽ. പഴയ പ്രവാസികൾ ലോഞ്ചിൽ വന്നിറങ്ങി നീന്തി കരയിലെത്തി കരപിടിച്ച മുനമ്പാണിത്. അങ്ങനെ വർഷങ്ങൾക്കുമുമ്പ് വന്നവരിൽ പലരും ജീവിതം മെച്ചപ്പെട്ടവരായി. ചിലരാകട്ടെ യാത്രയ്ക്കിടയിൽ ഭൂമുഖത്ത് ഒരടയാളം പോലും ഇല്ലാതെ കടലിന്റെ അഗാധതയിലടിഞ്ഞു. ഈ കടൽത്തീരത്ത് പ്രകൃതിയുടെ ജൈവികത തേടി ആദ്യ കാലങ്ങളിൽ വന്നിരിക്കാറുണ്ടായിരുന്നു അങ്ങനെയാണ് 'ഖോർഫക്കാർ കുന്ന് ' എന്ന കവിത കലാ കൗമുദിയിൽ ഞാനെഴുതിയത്.
" സഞ്ചാരികൾക്കു ജാതകം കുറിച്ച
ചെങ്കുത്തായ കുന്നുകൾ ഞങ്ങളുടെ പാലം.
ജന്മ വിധിയിലേക്കും സാന്ദ്ര സ്മരണയിലേക്കും
സമസ്യകളുടെ ഖേദം നിറച്ച മേലാപ്പ്.
ഋതുക്കൾക്കൊപ്പം കുഴലൂത്തുമായി
കുഞ്ഞു കാറ്റ് കടന്നു വരുമ്പോൾ
മനസ്സിൽ നിറയെ ഭൂമിയുടെ വാത്സല്യം.
ഇടയ്ക്കിടക്ക് ഒഴിഞ്ഞ കൈകളുമായി
മഞ്ഞുതുള്ളികളടർന്നു വീഴുന്നു.
ഇരുട്ടിൽ ഏകാകിയായി
പള്ളിയുടെ പ്രാർത്ഥന ഉരുകുന്നു.
അശാന്തിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ്
എന്റെ കിളി ദൈവത്തിലേക്ക്. "
ഇതിനടുത്ത് തന്നെയുള്ള ബിദിയ്യയിലെ പുരാതനമായ പള്ളി ഒട്ടേറെ സന്ദർശകർ വന്നു പോകുന്ന ഇടമാണ്. ഒഴിവു വരുമ്പോഴൊക്കെ ഞാനവിടെ പോയിരുന്നു. നിരവധി പഴയ ഖബറിടങ്ങൾ ആ പ്രദേശത്ത് ഇപ്പോഴും കാണാം. പരേതരെ ഓർത്തു കൊണ്ട് ഏകാന്തതയിൽ ധ്യാനത്തിൽ നില്ക്കുന്ന പള്ളി സന്ദർശിച്ചു മടങ്ങുമ്പോൾ അലോസരങ്ങൾ കെട്ടടങ്ങി റീച്ചാർജ്ജ് നിറയുന്നു. ചരിത്ര പ്രാധാന്യമുള്ള ബിദിയ്യയിലെ പഴയ പള്ളി ഫുജൈറയിൽ നിന്ന് 37 കിലോമീറ്റർ വടക്ക് ഖോർഫക്കാനോട് ചേർന്നു കിടക്കുന്നു.എ.ഡി. 1446 നു മുമ്പ് നിർമ്മിച്ച പള്ളിയാണിതെന്ന് രേഖകൾ പറയുന്നു. കളിമണ്ണ് ഇഷ്ടികയും ചെറിയ ഉരുളൻ കല്ലുകളും ഈത്തപ്പനത്തടിയും കൊണ്ട് നിർമ്മിച്ച പള്ളിക്കുള്ളിൽ എത് ചൂട് കാലാവസ്ഥയിലും തണുപ്പ് അനുഭവിക്കാം. ഇതിന്റെ നിർമ്മാണ രഹസ്യം ഇപ്പോഴും ആർക്കും അറിയില്ല. വിദേശികളും സ്വദേശികളും വിനോദ സഞ്ചാരികളും ചരിത്രകാരന്മാരും ഗവേഷകരും ഇവിടം സന്ദർശിച്ചു കൊണ്ടിരിക്കുന്നു. 1980 ൽ പള്ളിയുടെ നിയന്ത്രണം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. പള്ളിയുടെ മുകളിലുള്ള മലയിൽ കടൽ കടന്നുവരുന്നവരെ നിരീക്ഷിക്കാൻ നിർമ്മിച്ച രണ്ട് മൺ കോട്ടകൾ ഉണ്ട്. കോട്ടയിലെ കാളി വാതിലിലൂടെ വിശാലമായ പച്ചപ്പു നിറഞ്ഞ താഴ് വരകാണാം.
ഉദാരമായി വഴങ്ങിക്കൊടുക്കുന്നവന്റെ കിനാവുകൾ ചിലപ്പോഴൊക്കെ ജീവിതം ദാർശനികതയോടെ നോക്കിക്കാണുന്നു. കലക്കമാർന്ന വിലാപം രൂപം കൊള്ളുന്ന ഉഭയഭാഷയുടെ പൊരുൾ എങ്ങനെയാണ് വിസ്തരിക്കുക ! ഭാവന ഏറ്റു വാങ്ങലിന്റെയും സ്നേഹത്തിന്റെയും മറുവാക്ക് തന്നേക്കാം. പ്രണയം, പ്രകൃതി, മാനവികത, രാഷ്ട്രീയ ബോധ്യം പലതരത്തിൽ ഇടപെടുമ്പോൾ നട്ടുവളർത്തിയ മരം ചോദിക്കുന്നു:
" lam reusing, are you?"
ചോദ്യത്തിന് ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

--

--

ഇതെഴുതുമ്പോഴൊക്കെ ഞാൻ ബാബു ഭരദ്വാജിനെ ഓർത്തു. സഞ്ചാരപാതയിൽ പ്രകൃതിയെ ചിത്രമെഴുത്തു പോലെ എഴുത്തിൽ അദ്ദേഹം അടയാളപ്പെടുത്തി. അതൊക്കെ തിരിച്ചറിയാൻ മരുഭൂമിയിൽ കുറച്ചു കാലം താമസിക്കണം. ഒരിടത്ത് എഴുതുന്നു:
"മരണം ശിശിരകാലത്തെ ശുഷ്ക്കമായ മാമരച്ചില്ലകളിൽ നിന്ന് പൊഴിയുന്ന ഒരു പഴുത്ത ഇലയാണ്. ജനനം, വസന്തകാലത്തെ ഹരിത സമൃദ്ധിയിൽ പൂത്തുലയുന്ന മാമരച്ചില്ലകളുടെ സ്വപ്നമാണ്. പക്ഷേ, ഓരോ ജനനം - മരണം എഴുതിക്കൊണ്ടിരിക്കുന്ന ഓർമ്മക്കുറിപ്പിലെ കറുത്ത മഷിയടയാളങ്ങളാണ്. "

കടലും കടൽത്തീരവും പോലെ എനിക്ക് പ്രായപ്പെട്ടതാണ് പ്രഭാതനടത്തം. ഹാർബറിൽ രാത്രി ഷിഫ്റ്റ് ഉള്ള ദിവസങ്ങളിൽ ജോലി തീരുന്ന പ്രഭാതത്തിന് മുൻപെ ബർത്തിലെ റോഡിലൂടെ കടൽക്കാറ്റ് കൊണ്ടുള്ള നടത്തം എന്റെ ദിനചര്യയാകുന്നു. പ്രഭാതത്തിൽ കുന്ന് വിവസ്ത്രയായി വെയിൽ കൊള്ളുന്ന തണുപ്പ് കാലത്ത് കടൽക്കരയിലിരിക്കുക സുഖമാണ്.ആ സുഖത്തിൽ ചിന്തകൾ മേഘക്കുട നിവർത്തുന്നു. ആന്റിന കുട ചൂടിയ വീട് മുറിയിലെത്തിച്ചു തരുന്നതല്ല, സുന്ദരമായ ആ വിരുന്ന്. അവിടെ ഒഴുകുന്ന സരോവരമുണ്ട്, ചീവീട് ഒച്ചയുണ്ട്, കാടിന്റെ ദൃശ്യത പകർത്തിയാടുന്ന പലജാതി മരങ്ങൾ ഉണ്ട്. എവിടേക്കോ തുഴഞ്ഞു പോകുന്ന തോണിക്കാരനും കടലുമുണ്ട്. നിറപുഞ്ചിരിയോടെ പൂക്കൾ പറിക്കുന്നവളും നിഷ്കളങ്കതയുടെ അടയാളമായ കുഞ്ഞുമുണ്ട്.

അവിടെ നാദവിസ്മയം നിറഞ്ഞ എഴുത്തിന്റെ കാല നിക്ഷേപത്തിൽ നിന്ന് മൂളാൻ എത്രയോ വരികൾ. പറഞ്ഞു തീരാത്ത കഥകൾ. മൈത്രിയുടെ കൊടുക്കൽ വാങ്ങൽ.
തണുപ്പ് മാറ്റാൻ കോഴിക്കോട് അങ്ങാടിയിൽ ചായ കുടിക്കാൻ ഉന്തുവണ്ടിക്കരികിൽ ചെന്നപ്പോൾ ചൂടില്ലാത്ത ചായ കുടിച്ചു 'വാടിയ ചായ ' എന്നു പറഞ്ഞ ഏഷ്യാനെറ്റിലെ ജയചന്ദ്രനെ എപ്പോഴും തണുത്ത ചായ വായയോട് അടുപ്പിക്കുമ്പോൾ ഓർക്കാറുണ്ട്. തലവഴി മുണ്ടിട്ട് മാടാക്കര കടപ്പുറത്തിരുന്ന് സാധു ബീഡി വലിച്ചിരിക്കുന്ന അസൈയിനാർ, കട്ടൻ ചായ ഊതിക്കുടിക്കുന്ന മാതു മരക്കാത്തി, മരച്ചീനിത്തടം കൊത്തിക്കിളച്ചു നേരെയാക്കുന്ന ഹൈറേഞ്ചിലെ ജോസഫേട്ടൻ, അരവയർ കാണിച്ചു വിറക്പെറുക്കാൻ പോകുന്ന നിലമ്പൂരിലെ തരുണികൾ, മഞ്ഞിനോട് കുശലം പറയാൻ ഊട്ടിയിലേക്ക് കൂട്ടി കൊണ്ടുപോയ കവി എസ്.വി.ഉസ്മാൻ, കുടജാദ്രിയിൽ വെളുപ്പാൻ കാലത്ത് ചൂടുകുപ്പായം ഇട്ടിട്ടും തണുപ്പിൽ വിറച്ചു നിന്ന ശ്രീമതി, കുട്ടികൾ..... ഓർക്കുന്തോറും തിക്കിത്തിരക്കി വന്നു.
തണുപ്പത്ത് പോസ്റ്റർ തിന്നുന്ന ആടിനെ നോക്കി നില്ക്കെ, ചായക്കടയുടെ മുറ്റത്ത് പഴയ പൊറോട്ട വലിച്ചെറിയുന്നത് കൊക്കിലിറുക്കി പറന്നു പോകാൻ കാക്കകൾ എത്തുന്നു. അനാഗരികതയിലെ ആവാസ ലോഹ്യത്തിൽ നിന്ന് കാക്കക്കൂട്, ജൈവ വേലി, വേപ്പിന്റെ പായ്യാരം പറച്ചിൽ, നിറയുന്നു. ഈത്തപ്പഴം കാണുമ്പോഴൊക്കെ പുളിക്ക് തമർ ഹിന്ദ്( ഇന്ത്യയുടെ ഈത്തപ്പഴം) എന്നു പേരിട്ട അറബ് മൈത്രി പ്രശംസിച്ചു പോകുന്നു.
ഓരോ തണുപ്പിലും രാഗോന്മാദം വീർപ്പുമുട്ടിക്കുമ്പോൾ ഇണയുടെ സാമീപ്യം കൊതിക്കുന്നവരാണ് പ്രവാസികൾ.
ചങ്കിലെ പാലം തകർന്നു പകലറുതി ചെങ്കനൽപ്പൂവ് ശിരസ്സിൽ വിരിയിക്കുമ്പോൾ അകത്തായിരം ഭടന്മാർ എഴുന്നേല്ക്കുന്നു. ഭാവാഗ്നി കത്തി തീച്ചൂട് പടരുന്നു. ഹാർമ്മോണിയപ്പെട്ടി രാഗം മുറുക്കുമ്പോൾ വിരലുകൾ കുതിരക്കുളമ്പടിയായ് തബല കീറുന്നു. ഗസലൊരുക്കും സാരംഗി നാദത്തിൽ ചിലങ്കയൊച്ചയും നൃത്തച്ചുവടുമുയരുന്നു. മണലേ, അനുകമ്പയുള്ള ഹൃദയബലത്തിനു ഗാഢസൗഹൃദം നല്കി തീപ്പാറിക്കണേ. വന്യതേ, ചെകുത്താന്റെ മുഖം അണിയിക്കല്ലേ. വാതിലടച്ചു ശവക്കച്ചയരുതേ.......!!!

സത്യൻ മാടാക്കര.

സത്യൻ മാടാക്കര.

കവി. എഴുത്തുകാരന്‍

Share this post

Reviews

No reviews yet