logo

തെമ്മാടിക്കുഴി. ഡയസ് പോറയുടെ കഥാ സ്ഥലം.The rogue's grave. The locale of the diaspora narrative.

07 June 2026 | Literature

തെമ്മാടിക്കുഴി.  ഡയസ് പോറയുടെ കഥാ സ്ഥലം.The rogue's grave. The locale of the diaspora narrative.

തെമ്മാടിക്കുഴി: ഡയസ് പോറയുടെ കഥാ സ്ഥലം
സവിശേഷമായൊരു ഭാഷാപൂമുഖത്തോ മുഖ്യർ പെരുമാറുന്ന സ്ഥലത്തോ നിന്നുകൊണ്ട് നട്ടംതിരിയുന്ന കഥകളുടെ കാലം കഴിഞ്ഞു. നേർരേഖയിലുള്ള ജീവിതവും മനുഷ്യ ബന്ധങ്ങളും താളംമറിഞ്ഞു. അതിന് ഒരുപക്ഷേ, മലയാളിയെ പരുവപ്പെടുത്തിയത്, അവരുടെ പ്രവാസജീവിതമായിരിക്കാം. മധുശങ്കറിന്റെ ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ,തീർച്ചയായും അപരിചിതമായ മനുഷ്യരുയുടെയും അവരുടെ സ്ഥിതിസാഹചര്യത്തിന്റെയും ഭൂമികയാണുള്ളത്.

ഡയസ്പോറയുടെ ഒരു കഥാസ്ഥലം. കഥയിലായാൽപ്പോലും ഒരാളെ, അല്ലെങ്കിൽ ജീവിതപരിതോവസ്ഥയെ രണ്ടുവട്ടം ഒരുപോലെ കണ്ടുമുട്ടുന്നില്ല.അതേസമയം,

ഓരോ കഥയും അഴിമുഖത്ത് കൂടിച്ചേരുന്ന പുഴയും കടലും പോലെ നിൽക്കും. അതാണ്, ശില്പത്തിന്റെ അനന്യത. സങ്കീർണ്ണമായ മനുഷ്യ ബന്ധങ്ങൾക്ക് എളുപ്പംകടന്നുകയറി സമവായത്തിലെത്താൻ കഴിയുകയുമില്ല. അങ്ങനെപെരുമാറുന്ന ഏതാനും കഥകൾ "തെമ്മാടിക്കുഴി" സമ്മാനിക്കുന്നു.

ഒരുപക്ഷേ, ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയായി എന്നുയ്ക്കനുഭവപ്പെട്ട, "പാനിപ്പൂരി" തന്നെ ഉദാഹരണം. ഒരു ഫോട്ടോ രണ്ടുവട്ടം അസാധ്യമാണ് എന്നത് സാങ്കേതിക വിദ്യയുടെകൂടി നിയമമാണ്. ഈ സമാഹാരത്തിലെ ഏറിയ കഥകളിലും ഈ നിയമം വർത്തിക്കുന്നുണ്ട്.

ഒരു ഫോട്ടോഗ്രാഫർ പോലുമല്ലാതിരുന്ന, ബസുദേവിന്റെ പല ഇടത്താവളങ്ങൾ ഈ കഥയിലുണ്ട്. ഒടുക്കം ഒരു ഫോട്ടോ ഡെവലപ്പർ ആയെത്തിയ അയാളുടെ ജീവിതം, അയാളെത്തന്നെ ഒരു മികച്ച ഫോട്ടോട്ടോഗ്രാഫ് പോലുമാക്കുന്നു.

'ജീവസ്സുറ്റ ഒരു ചിത്രം എപ്പോഴാണ് നഷ്ടപ്പെടുക' എന്നത് ഏതൊരു നല്ല ഫോട്ടോഗ്രാഫറുടെയും വേവലാതിയാണ്. 'നഷ്ടചിത്രം പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു ചിത പോലെയാണ്. സപ്ത നദികളിൽ മുങ്ങിക്കുളിച്ചാലും നനഞ്ഞ ചന്ദനമുട്ടിപോലെ, ജീവിതാന്ത്യം വരെ വീർപ്പുമുട്ടിക്കും'.

കനുശ്യാമിന് വിദഗ്ധനായിട്ടുള്ള ഫോട്ടോഗ്രാഫർ എന്ന നിലയ്ക്ക് അങ്ങനെ ചിന്തിക്കാം. ആ ഭാഷണത്തിന്റെ ദുരന്തമുഖം മുഴുവൻ തൂങ്ങി നിൽക്കുന്നതാവട്ടെ,ബസുദേവിന്റെ ജീവിതത്തിലും. പ്രാൺപരീഖിന്റെ മകളുമായി അയാൾക്കുള്ള ബന്ധത്തെ എന്തിന്റെ പേരിൽ ന്യായീകരിക്കാൻ പറ്റും. വാത്സല്യത്തിന്റെ പേരിലാണെങ്കിൽപോലും അയാൾ നടത്തിയ കൊലയ്ക്ക് എന്തു ന്യായീകരണമാണുള്ളത്?

അല്ലെങ്കിൽ,ഇതൊക്കെത്തന്നെ സ്വപ്നമാണോ?പാനിപ്പൂരിയും ആയാളും തമ്മിലുള്ള ബന്ധം അത്തരത്തിൽ നിരവധി ഘടകങ്ങളെ ചൂഴ്ന്നു നിൽക്കുന്നു. ജൂഹുവിലേ കടപ്പുറത്ത് കനുശ്യാമുമൊത്ത് പാനിപ്പൂരി തിന്നയാളല്ല, ബസുദേവ്, ഇവിടെ.

മനുഷ്യമനസ്സിൽ സംഭവിക്കുന്ന സങ്കീർണ്ണമായ നാഡിമിടിപ്പുകളുടെ സൂക്ഷമവ്യകാരണം അടയാളപ്പെ ടുത്തുന്ന ഒരു ഇലട്രോ കാർഡിയോ ഗ്രാഫ് തന്നെ ഈ കഥ. ചിത്രകാരന്റെ സമർഥ്യത്തോടെ കഥാകൃത്ത് അയാളുടെമേൽ ആവശ്യംപോലെ ഛായങ്ങൾ കനപ്പിച്ചിട്ടുണ്ട്.

ഫോട്ടോഷൂട്ട്‌ കഴിഞ്ഞപ്പോൾ ബാക്കിയുണ്ടായിരുന്ന ഒറ്റഫ്രെയിമിൽ വെറുതെ,കനുശ്യാം എടുത്ത ക്ലിക്കിൽ അയാളുടെ സർവരഹസ്യങ്ങളുടെയും റിപ്ലിക്ക വായനക്കാരന് കിട്ടുന്നു. അതേ ഫോട്ടോ തന്നെയാണ്,കനുശ്യാമിനും തന്റെ മുന്നേറ്റത്തിൽ തുണയയത്.

ബസുദേവ് ഒരു സാധാരണ കഥപാത്രമല്ല. മലയാളത്തിലെ പുതുകഥയിൽ, പത്മനാഭന്റെ മഖൻസിങ്ങിനെപ്പോലെ കരുത്തനായ, ദേശത്തിന്റെ തന്നെ ഒരു ദുരന്തമുഖം അയാൾ സമ്മാനിക്കുന്നു.

"തെമ്മാടിക്കുഴി" എന്ന ഈ സമാഹാരത്തിന്റെ ആദ്യവായനക്കാരിൽ ഒരാൾ എന്ന നിലയ്ക്ക് എന്നെ ഇവ ഉൽബോധിപ്പിച്ച മുഖ്യവസ്തുത, പ്രാസ്ഥാനികമായ അവലംബങ്ങളെ ഇവ ഗൗനിക്കുന്നില്ല, എന്നത്രെ. പുതിയ എഴുത്തിന്റെ രീതി തന്നെയതാണ്.

കല /കഥ വ്യക്തിയുടെയൊ വ്യക്തികൾ ഇടപെടുന്ന സമൂഹത്തിന്റെയോ മൂല്യമളക്കാനുള്ള യന്ത്രമാണെന്ന് ഇന്നത്തെ കലാകാരർ വിശ്വസിക്കുന്നില്ല.അതേസമയം, ഇടകലരലിന്റെ രാഷ്ട്രീയവും സംസ്കാരവും അവയിൽ ഉന്മീലിതമാകുന്നു.

ഉമർ തറമേൽ

ഉമർ തറമേൽ

നിരൂപകൻ

Share this post

Reviews

No reviews yet