ഉന്മാദിനിയുടെ പ്രണയം.
25 March 2026 | Poetry

ഭ്രാന്തിയായൊരുവൾ പ്രണയത്തിലാകരുത്.
ആത്മഹത്യാ മുനമ്പിലേക്കുള്ള ഊടുവഴിയാണത്.
ഇടമുറിഞ്ഞൊഴുകുന്ന രാസാഗ്നികളുടെ
ഏറ്റക്കുറച്ചിലിൽ അവളവളെ പകുത്തിടുന്ന
ഇടമാണവളുടെ പ്രണയം.
-
വിറങ്ങലിച്ച , നിശബ്ദമായ പ്രാണനെ
വാക്കുകൾ തിരുമ്മി ജീവൻകൊടുക്കുന്ന
മജീഷ്യനാവും ഭ്രാന്തിയുടെ കാമുകൻ.
-
അയാളവളെ ആകാശമേഘങ്ങളിൽ വിവസ്ത്രയാക്കും
കടൽത്തട്ടിലെ പവിഴപ്പുറ്റുകൾക്കിടയിൽ
ചുബനങ്ങളാലവളുടെ ഹൃദയനോവുകളെ
ഊറ്റിയെടുക്കും.
ബോധാബോധങ്ങളുടെ മുടിനാരിഴയിലൂടെ
അവൾ പിച്ചവയ്ക്കുമ്പോൾ വിരൽകൊരുക്കും.
-
നിരാശ്രയത്വത്തിന്റെ കനൽവഴികളിൽ
അവളുടെ പച്ചമരത്തണലാവും.
നിർജ്ജീവ മിഴികളിൽ പ്രണയത്താൽ
സൂര്യശോഭയുദിപ്പിക്കും.
സ്നേഹം തൊട്ടുതൊട്ടവളുടെ കവിൾത്തടം
പൂത്ത കുങ്കുമപ്പാടമാകും...
-
അവൻ കടലാസിനാൽ പൂക്കളേയും ശലഭങ്ങളേയും പറത്തിയിട്ട്
അപ്രത്യക്ഷമാവുന്ന ഇടനേരങ്ങളിൽ
ചങ്ങല മുറിവുകളിലേക്ക് ഉപ്പെറിഞ്ഞവൾ
നീറിപ്പിടയും..
ശൂന്യ ലോകത്തിലയാളുടെ മറഞ്ഞുപോയ
ഗന്ധത്തിന്റെ വേരുതേടി
മരണത്തിന്റെ പടിവാതിലോളം നടന്നുചെല്ലും.

സജിനി രാഗസുധ.
കവി.