ലെയർ പക്ഷി ചോദിച്ചത്.What the lyrebird asked
01 June 2026 | Story

ലെയർപക്ഷി ചോദിച്ചത്
കൗതുക വാർത്തകൾ തേടിയുള്ള എന്റെ യാത്രക്കിടയിൽ തികച്ചും യാദൃശ്ചികമായാണ് ആ പത്രവാർത്തയിൽ എന്റെ കണ്ണുടക്കിയത്. ആക്രിക്കാരൻ ശെൽവന്റെ മുന്നിലേക്ക് പഴയ പത്രക്കെട്ടുകളും ഉപയോഗമില്ലാതെ കിടന്ന പഴയ സാധനങ്ങളും എറിഞ്ഞു കൊടുക്കുന്നതിന്നിടയിൽ ,മുത്തശ്ശന്റെ പഴയ ഇരുമ്പുപെട്ടി അവൻ ചവുട്ടിയൊതുക്കുമ്പോളാണ് ഊർന്നു വീണൊരു പഴയ ന്യൂസ്പേപ്പറിന്റെ കട്ടിങ്ങ് ശ്രദ്ധയിൽ പെട്ടത്. തിയ്യതിയും വർഷവുമൊന്നുമില്ലാത്ത അതിന്റെ ചിതലരിച്ച് ബാക്കിയുള്ള ഭാഗങ്ങളിൽ കാലത്തിന്റെ ഇരുമ്പു കറ വീണ് മഞ്ഞപ്പുള്ളികൾ നിറഞ്ഞിരുന്നു. " കാഴ്ചയും ശബ്ദവും നിലച്ച ദമ്പതികൾ പ്രകൃതി ഭാഷ പഠിക്കാനൊരുക്കുന്നു " . എന്ന തലക്കെട്ടിലുള്ള ചെറിയൊരു വാർത്ത. മുത്തശ്ശനുമായി അവർക്ക് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ ?അതോ എന്നെ പോലെ വെറും കൗതുകം മാത്രമായിരുന്നോ ? എന്നത് അജ്ഞാതം. '
തൊണ്ടമുഴയ്ക്ക് സർജറി കഴിഞ്ഞപ്പോൾ ശേഖരൻ മാഷിന് സ്വന്തം ശബ്ദം നഷ്ടമായി. തൊട്ടുപിന്നാലെ തിമിരത്തിന് ചികിത്സ നടത്തിയി വ്യാജ ഡോക്ടർ സുലോചന ടീച്ചറുടെ കാഴ്ചയും കവർന്നു. മക്കളോ, സഹായത്തിന് കുടുംബങ്ങളോ ഇല്ലാത്ത അവർ ജീവിതത്തോട് തോറ്റോടാൻ കൂട്ടാക്കിയില്ല. പ്രതിസന്ധികളോട് പോരാടി കീഴടക്കുക എന്ന ദൃഢനിശ്ചയമെടുത്ത ദമ്പതികൾ പ്രകൃതിയുടെ ഭാഷ പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. "
വാർത്തയിൽ പ്രത്യകമായ കൗതുകമൊന്നും കണ്ടെത്തിയില്ലെങ്കിലും, എന്റെ ചിന്തകൾ ഒരൂടുവഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ഒരാളുടെ കാഴ്ചയും മറ്റൊരാളുടെ ശബ്ദവും കൊണ്ട് രണ്ടുപേർക്ക് ഒരുമിച്ച് ജീവിക്കാമല്ലൊ എന്നത് എന്നിൽ ആകാംക്ഷയുടെ ഒരു മുളപൊട്ടി.
വിലാസം പിൻതുടർന്ന്, ഏറെ ക്ലേശിച്ച്
മടുത്തുപോയിരുന്നു ഞാനപ്പോൾ. എങ്കിലും, ലക്ഷ്യസ്ഥലത്ത് എത്തിയപ്പോൾ ശരിക്കും ഒന്നു പകച്ചു. താനൊരു കൊടുംകാട്ടിലാണ് എത്തപ്പെട്ടിരിക്കുന്നത്. ! വള്ളിപ്പടർപ്പുകളും കാട്ടുമരങ്ങളുംനിറഞ്ഞ ഒരു വിചിത്ര ലോകം.!
ഉള്ളിൽ എന്തെന്നില്ലാത്ത ഒരു ശാന്തത. സൂക്ഷ്മനിരീക്ഷണത്തിലാണത് കണ്ടത്. ഡ്രാക്കുളക്കോട്ടപോലെ അൽപമകലെ വള്ളിപ്പടർപ്പുകൾ പുതച്ചുനിൽക്കുന്ന പഴയൊരു വീടിന്റെ അവശിഷ്ടം.
പഴയ ഏതോ ഒരു തറവാടിൻ്റെ
അസ്നിപഞ്ജരം . മുന്നോട്ട് നീങ്ങിയത് അൽപം ഭയപ്പാടോടെയാണ്. ഏതോ ഒരു കെണിയിൽ അകപ്പെട്ടുപോയോ താൻ
എന്നുചിന്തിച്ച്, രക്ഷപെടാനൊരുങ്ങവെ, പിന്നിൽനിന്ന് കരിയിലകൾ ചവുട്ടിയമരുന്ന ശബ്ദം. ആരോ അരികിലേക്ക് നടന്നടുക്കുന്നുണ്ട്. ഒരു നെഞ്ചിടിപ്പോടെ തിരിഞ്ഞുനോക്കിയപ്പോൾ
മധ്യവയസ്ക്കയായ
ഒരു സ്ത്രീരൂപം മുന്നിൽ !
നാഡികൾ സർവവും തളർന്നുപോകുന്നു.
തൊണ്ട വരണ്ടു . എങ്കിലും ധൈര്യം സംഭരിച്ചുകൊണ്ട് ചോദിച്ചു.
" സു.. സു.. സുലോചന ടീച്ചർ.. അ..അല്ലെ?
നിലാവുപോലെ പുഞ്ചിരിച്ചുകൊണ്ട് അവർ അതെ എന്ന് തലയാട്ടി. മുററത്തേക്ക്
ചാഞ്ഞു നീണ്ടുകിടക്കുന്ന ഒരു മരത്തിന്റെ , ഇരിക്കാൻ പാകത്തിൽ ഉയർന്നുനിൽക്കുന്ന തടിച്ചവേരിലേക്ക് കൈ ചൂണ്ടിക്കൊണ്ട് അവർ പറഞ്ഞു. "ഇരിക്കാമല്ലൊ?
ആരാണ്?
മിനുസമുള്ള ആ വേരിൽ ഇരിക്കാൻ
ശ്രമിച്ചുകൊണ്ട് ഞാനവരെ കൗതുകത്തോടെ നോക്കി. ഇലകളും വള്ളികളുമാണ് വേഷം. പഴയ സിനിമയിലെ ഒരാശ്രമ ജീവിയുടെ
ലളിതസുന്ദര മനോജ്ഞ ചിത്രം മനസിലേക്ക് ഒഴുകിവന്നു. അവർക്കുപിന്നിൽ മയിൽപ്പീലികൾ വിടർന്നു നിൽക്കുന്നപോലെ ഒരു വർണപ്രപഞ്ചം എന്നെ വലയം ചെയ്തത്.
അപ്പോഴാണ് എന്റെ ഓർമകളിലേക്ക്
ആ പേപ്പർകട്ടിങ്ങ് പറന്നുവന്നത്.
ഇത് സുലോചന ടീച്ചർ .., എങ്കിൽ .. ?
അവർക്ക് കാഴ്ചയില്ലല്ലൊ.? പിന്നെങ്ങനെ?.
എന്ന് ചിന്തിച്ചയുടനെ മറുപടിയെന്നോണം ടീച്ചർ പറഞ്ഞു.
"അൽഭുതപ്പെടണ്ട. ഇവിടെ ശബ്ദമാണ് എന്റെ കാഴ്ച " അവർ എന്റെ അരികിലേക്ക് വന്നുനിന്നു.
ഞാനാ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി. അവിടെ കാട്ടുചെടികൾ പൂത്തുലഞ്ഞു നിൽക്കുന്ന ഒരു വനസ്ഥലിയുടെ നിഗൂഢവിസ്മയം
കൈയിലിരുന്ന ബേഗ് താഴെ വീണപ്പോഴാണ്
ആ മാസ്മരിക്തയിൽ നിന്ന് ഉണർന്നത്.
" ഞാൻ ത്രിവിക്രമൻ ,
ഒരു സർവെ എടുക്കാൻ വന്നതാണ്. , ഞാനൊരു റിപ്പാർട്ടറുമാണ്. "
പരിഭ്രമത്തിനിടയിൽ ഞാൻ പറഞ്ഞു .
അതിനെന്താ .. ആവാമല്ലൊ. " .എന്നിട്ടെന്തേ ഇത്ര നാളും കണ്ടില്ല ?
അതുപറയുമ്പോൾ ടീച്ചറുടെ മുഖത്ത് നേരത്തെ കണ്ട നിലാവ് അൽപം മങ്ങിയിരുന്നോ എന്ന് തോന്നി. എങ്കിലും
ചിരി മാഞ്ഞിരുന്നില്ല, പക്ഷേ അവിടെ ഒരു പരിഹാസത്തിൻ്റെ ശ്രുതിയുണ്ട്. ഒരുപക്ഷേ എനിക്കങ്ങനെ തോന്നിയതാവും. പക്
ജാള്യത മറച്ചുകൊണ്ട് ഞാൻ ചോദിച്ചു.
" മാഷില്ല? ശേഖർൻ മാഷ് ?"
ഉണ്ടെന്ന അർത്ഥത്തിൽ ടീച്ചർ വരാന്തയിലേക്ക് കണ്ണുകൾ തിരിച്ചു.
അവിടെ , ആ പഴയ തറവാടിന്റെ തുറന്നിട്ട അവശേഷിച്ച വാതിലിനരികെ തിണ്ണയിൽ,വള്ളിപ്പടർപ്പുകൾക്കിടയിൽ
ഒരു എണ്ണഛായാചിത്രം പോലെ ഒരാൾ .
ആ മുഖത്തും ഒരു സൂര്യതേജസ് തിളങ്ങുന്നു. ശേഖരൻ മാഷിനെ കണ്ടപ്പോൾ അറിയാതെ എഴുന്നേറ്റുനിന്നു കൈകൾ കൂപ്പി, ഭവ്യതയോടെ ചിരിച്ചു. . എന്റെ ശരീരത്തിലാകെ പേരറിയാത്ത ഒരു കുളിർമ പരന്നു. അതുപിന്നെ ചിത്രശലഭങ്ങളായി
എന്നെ ചുറ്റി പറന്നകന്നു . അഭൗമമായ
ഒരു സംഗീതം എന്നെ തഴുകിയൊഴുകി.
എന്റെ കൗതുകം അപ്പൊഴും വിട്ടൊഴിഞ്ഞിട്ടില്ല.
മാഷിന്റെ ചുമലിൽ ഇരുന്നുകൊണ്ട്
ഒരു പക്ഷി , എന്തോ സംസാരിക്കുന്നുണ്ട്.
സുലോചന ടീച്ചറുടെ ശബ്ദത്തിൽ. മനുഷ്യരുടെ ശബ്ദം അനുകരിക്കാൻ അസാധാരണ സാമർത്ഥ്യമുള്ള
"ലയർപക്ഷി "കളെക്കുറിച്ച് ഈയിടെ വായിച്ചത് അപ്പോൾ ഓർമവന്നു.
ആ സ്‌ത്രേലിയയിലെ അഡ്‌ലെ മൃഗശാലയിൽ ഉണ്ടായിരുന്ന "ചൂക്ക് " എന്ന പേരിലുള്ള
ലയർപക്ഷിയുടെ അനുകരണവിസ്മയം ഞാൻ നേരിട്ട് കെട്ടിട്ടുമുണ്ട്. പുരാതന ഗ്രീക്ക് സംഗീതോപകരണമായ "ലയർ " എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.
. സുലോചന ടീച്ചറുടെ ശബ്ദം അനുകരിച്ചു കൊണ്ട് ശേഖരൻ മാഷിനോട് സംസാരിക്കുന്ന പക്ഷിയും ഇതേ ലയർ വിഭാഗത്തിലുളളവതന്നെയെന്ന് ഉറപ്പിച്ചു. കാട്ടിനുള്ളിൽനിന്ന് അപ്പോൾ പലതരത്തിലുള്ള പക്ഷികളുടെയും മൃഗങ്ങളുടേയും ശബ്ദങ്ങൾ കേൾക്കാ മായിരുന്നു. ഈ വിസ്മയ ലോകത്ത്
പൊടുന്നനെ വന്നുപെട്ടതുകൊണ്ടാവാം നേരത്തെ അത് ശ്രദ്ധയിൽ പെടാതെപോയത് എന്ന് ഞാനൂഹിച്ചു
തന്റെ സമ്പാദ്യങ്ങളെല്ലാം ഉപയോഗിച്ച് സ്വന്തമായി ഒരു കാട് നട്ടുവളർത്തിയ ഒരു ആദ്ധ്യാപകന്റെ പ്രകൃതിസ്നേഹത്തിന്റെ വാർത്ത വായിച്ചതും അപ്പോൾ മനസിലേക്ക് പറന്നുവന്നു.
ശേഖരൻമാഷിന് ശബ്ദമാണല്ലൊ നഷ്ടമായത്. , എന്നാൽ ഈ കാടിന്റെ
കാഴ്ചയത്രയും മാഷിന്
ശബ്ദമാണ് എന്ന് തോന്നി. അപ്പോഴാണത് ശ്രദ്ധിച്ചത്. മാഷിന്റെ നരച്ചു നീണ്ട താടി.,
ഒരു വലിയ തേനീച്ചക്കൂടാണെന്ന്. അതിൽ നിന്ന് നേരിയ സംഗീത ശ്രുതികൾ പുറമേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഇനിയൊരുപക്ഷേ ലയർപക്ഷി അവരോടായിരിക്കണം സംസാരിച്ചിരുന്നത്.
"സർവേയ്ക്കു വേണ്ടി ത്രിവിക്രമന്
ഞങ്ങൾ എന്താണ് ചെയ്തുതരേണ്ടത്?"
ടീച്ചുടെ ശബ്ദം കേട്ട് പെട്ടെന്ന് ഞാൻ
തിരിഞ്ഞു.
"സർവേകൾ നിങ്ങൾക്ക് നേരം പോക്കിനുള്ള
വെറുമൊരു വിനോദോപാധിയല്ലെ?
തർക്കശാസ്ത്രത്തിനുള്ള കരുക്കൾ മാത്രം ?
അതിനപ്പുറം വല്ലതും ?
അത് കേട്ടപ്പോൾ എന്റെ ഹൃദയമിടിപ്പിന്
വേഗത കൂടിയപോലെ..
ഒരു വളിച്ച ചിരിയോടെ ഞാൻ ബാഗിൽനിന്ന്
ചോദ്യാവലിയുടെ ഫയലെടുത്ത് മടിയിൽ
തുറന്നുവെച്ച് ,അതിലെ കോളത്തിലൂടെ കണ്ണോടിക്കുകയായിരുന്നു.
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്
അപ്പോൾ ടീച്ചർ സ്വയം പറഞ്ഞു.
" കോളം ഒന്ന്.
സുലോചന ടീച്ചർ
വയസ്സ് നൂറ്റിപ്പന്ത്രണ്ട് !
റിട്ടയേഡ്, ഗൃഹനാഥ .
കോളം രണ്ട് .
ശേഖരൻ മാസ്റ്റർ
വയസ്സ് നൂറ്റിപ്തിപ്പതിനേഴ് ..
എന്തൊരൽഭുതം.
എന്റെ മടിയിലുളള ഫോറത്തിലെ
ചോദ്യങ്ങൾ ഞാൻ മനസിൽ വായിക്കുമ്പോഴേക്കും
അതിനുള്ള ഉത്തരങ്ങളാണ്
ടീച്ചർ പറഞ്ഞുകൊണ്ടിരിക്കുന്നത്.
കണ്ണുകൾ വികസിപ്പിച്ചുകൊണ്ട്
ഞാനേതോ അജ്ഞാത ലോകത്താണോ
എന്ന് അമ്പരന്നുപോയി.
അതീന്ദ്രിയ വിനിമയത്തിന്റെ ഒരു തലത്തിലാണ് ടീച്ചർ നിൽക്കുന്നതെന്ന് എനിക്കപ്പോൾ ബോധ്യമായി.
മനുഷ്യനിലെ ആറാമിന്ദ്രിയം ഉപയോഗിക്കാൻ
അസാമാന്യ കഴിവുനേടിയ ഒരു
ബാലന്റെ അമാനുഷികമായ കഴിവുകൾ
ഈയിടെ യൂട്യൂബിൽ കണ്ടിരുന്നത് അപ്പോൾ
മനസിലേക്ക് ഒഴുകിവന്നു. ചെറുപ്പത്തിലെ
തലച്ചോറിന് ഏതോ വൈകല്യം ബാധിച്ച
ഒരു പയ്യനിൽ അവന്റെ അമ്മ യാദൃശ്ചിക
മായി കണ്ടെത്തുകയായിരുന്നു ആ വിസ്മയം
തന്റെ മുന്നിൽ നിൽക്കുന്ന ആളുടെ
മനസിലുളള കാര്യം അവൻ ഒരു ബോർഡിൽ
കാണികൾക്കു മുന്നിൽ നിന്നുകൊണ്ട്
എഴുതുന്ന അൽഭുതകരമായ സിദ്ധി..
കണ്ണടയ്ക്കാതെ ഞാൻ ടീച്ചറിനെത്തന്നെ
നോക്കിയിരുന്നുപോയി.
തന്റെ മുന്നിലപ്പോൾ ഏതോ അജ്ഞാത
ലോകത്തുനിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്ന
നാളെത്തെ ജീവികളുടെ പ്രതിനിധിയാണ്
നിൽക്കുന്നതെന്ന ആകാംക്ഷയിൽ
ഞാൻ മടിയിൽവെച്ച ഫോറത്തിലെ
അടുത്ത കോളത്തിലൂടെ കണ്ണോടിച്ചു.
കുട്ടികൾ എത്ര എന്നതാണ്
അടുത്ത കോളം.
"പതിനായിരത്തിൽ ചില്ല്വാനം "
എന്ന് ടീച്ചർ അപ്പോഴേക്കും മറുപടി
പറഞ്ഞു കഴിഞ്ഞിരുന്നു.
അതിനനുബന്ധ കോളത്തിലേക്ക് നോക്കിയപ്പോൾ ടീച്ചർ ചോദിച്ചു.
"അവർ എന്ത് ചെയ്യുന്നു " എന്നല്ലെ?
" മാഷിന്റെ കണ്ണുകളിലേക്ക് നോക്കൂ
എന്നായി അടുത്ത ചോദ്യം.
യാന്ത്രികമായി എഴുന്നറ്റ് ഞാൻ
ശേഖരൻമാഷിന്റെ മുന്നിൽ ചെന്നുനിന്നു.
ആ കണ്ണുകൾ അകലേക്ക് തുറന്നുവെച്ച് ഏതോ ധ്യാനത്തിലാണ് എന്നു തോന്നി.
ഞാനാ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
ഒരു ടി വി സ്ക്രീനിലെന്നോണം
അപ്പോൾ കണ്ടു.
അസംഖ്യം പക്ഷിമൃഗാദികൾ നിർഭയം
വിഹരിച്ചുകൊണ്ടിരിക്കുന്ന കാടകം.
നിഗൂഡവും അവിശ്വസനീയവുമായ
അതി സൂക്ഷ്മമായ ഒരാവാസവ്യവസ്ഥ,
എൻ്റെ മുന്നിൽ തെളിഞ്ഞുവരികയാണ് .
എന്തു പറയണമെന്നറിയാതെ
സ്തബ്ദനായിപ്പോയ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്
മറ്റൊന്നുകൂടി സംഭവിച്ചുകൊണ്ടിരുന്നു. അവയുടെയൊക്കെ ശബ്ദങ്ങൾ
ടീച്ചുടെ ചുമലിലിരുന്നുകൊണ്ട്
ഒരു പക്ഷി പുറപ്പെടുവിച്ചു
കൊണ്ടിരിക്കുന്നു.
അവയോടുള്ള സ്നേഹ വാത്സല്യങ്ങൾ
അത്രയും അപ്പോൾ ടീച്ചറുടെ മുഖത്ത്
മിന്നിമറഞ്ഞുകൊണ്ടിരിക്കുന്നു.
സ്വബോധത്തിലേക്ക് മടങ്ങിവന്ന്
ആധാർ നമ്പർ എഴുതേണ്ട അടുത്ത
കോളത്തിൽ പേനകൊണ്ട് തൊട്ട്
ഞാൻ ടീച്ചറുടെ മുഖത്തേക്ക്
വീണ്ടുംനോക്കി.
ആ കണ്ണുകളിൽനിന്ന് അപ്പോൾ
നൂറുകണക്കിന് മിന്നാമിനുങ്ങുകൾ
പുറത്തേക്ക് പറന്ന് നിരനിരയായി
ഒരു ദീപാവലിയായി മുറ്റത്തെ മരക്കൊമ്പിൽ
ഒട്ടിനിന്നു തിളങ്ങി.
റേഷൻ കാർഡിനെപ്പറ്റിയാണ്
അടുത്ത ചോദ്യം.
"ശുദ്ധവായുവിന്റെ നിറം"
എന്നെഴുതിക്കോളൂ..
ടീച്ചർ ചിരിച്ചുകൊണ്ടാണത് പറഞ്ഞത്.
അപ്പോൾ മരച്ചില്ലകളിൽനിന്ന്
ഒരിളം കാറ്റിന്റെ സുഗന്ധം എന്നെ
വന്ന് തഴുകി കടന്നുപോയി.
അടുത്ത കോളം ഭക്ഷണത്തെപ്പറ്റിയും
പോഷകത്തെ പറ്റിയുമാണ്.
ടീച്ചറപ്പോൾ ശേഖരൻ മാഷിന്റെ
കൈപിടിച്ച് വീടിന്റെ ഒരു ഭാഗത്ത്
വാർന്നുവീണു കൊണ്ടിരുന്ന
പോക്കുവെയിലിൽ സൂര്യന് അഭിമുഖമായി
നിലയുറപ്പിച്ചിരുന്നു.
സൗരോർജം നേരിട്ട് സ്വീകരിക്കാൻ
അവർ കഴിവു നേടിയിരിക്കാമെന്ന്
ഞാനൂഹിച്ചു. ആ ശരീരം സൂര്യപ്രകാശത്തിൽ ചാർജു ചെയ്യപ്പെടുകയാണ്.
വിട്ടുമാറാത്ത രോഗപീഡകൾ വല്ലതും
അലട്ടുന്നുണ്ടോ ?
എന്ന കോളത്തിൽ "ഇല്ല " എന്ന്
സ്വയം എഴുതിച്ചേർക്കാൻ ശ്രമിക്കവെ,
ടീച്ചറുടെ ശബ്ദം .
"ഉണ്ട്. "
മാഷിനെ വരാന്തയിലേക്ക് കയറ്റാൻ
ശ്രമിക്കയായിരുന്നു ടീച്ചർ.
" കാണാൻ പാടില്ലാത്തത് കാണേണ്ടിവരുന്ന ദൂരക്കാഴ്ചയുണ്ട് , മാഷിന്. "
" എനിക്കാണേൽ അകലെ നിന്ന്
കേൾക്കരുതാത്ത വാർത്തകൾ
കേൾക്കേണ്ടിവരുന്നു എന്ന വൈകല്യവും. "
അതിലേറെയും കുട്ടികളുടെ നിസ്സഹായതയുടെ നിലവിളികളുമാണ്.
ഞാനൊന്നു പകച്ചുപോയി.
എന്റെ കണ്ണിൽ വെളിച്ചംകുറഞ്ഞ്
കാഴ്ചകൾ മങ്ങുന്നപോലെ തോന്നി.
ഒരു കോളം കൂടി മാത്രമേ ഇനി
ബാക്കിയുണ്ടായിരുന്നുള്ളൂ.
അതിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി.
ദാരിദ്ര്യരേഖയ്ക്ക് മുകളിലാണോ അതോ
കീഴെയാണോ ? എന്നാണ് ചോദ്യം.
"ഭാരിദ്ര്യമോ ?" എന്താണത്?
ടീച്ചർ ഒരു വിശദീകരണത്തിനായി
എന്റെ നേരെ നോക്കി.
അത് കേട്ടപ്പോൾ എനിക്ക് ഉള്ളിൽ
ഒരു ജാള്യത തോന്നാതിരുന്നില്ല.
ഞാൻ പറഞ്ഞു.
" വരുമാനത്തിന്റേയും സമ്പാദ്യത്തിന്റേയും
ജീവിത വരമ്പിലൂടെ എങ്ങോട്ട് നടക്കുന്നു
എന്നതാണത് " .
ഉത്തരം പറയുമ്പോൾ ടീച്ചർ
മുകളിലേക്ക് നോക്കി.
"ഈ ഭൂഗോളം "
ഇതാണ് ഞങ്ങളുടെ സമ്പാദ്യം.
അതിൽ നാമ്പിട്ടുന്ന നിത്യഹരിതമായ
ജീവിതങ്ങൾ ! അത് ഒരുക്കുന്ന
സ്വഛ്വമായ ഈ ആവാസവ്യവസ്ഥ ..
അവയിലെ സൗഹാർദ്ദപരമായ
കൊടുക്കൽ വാങ്ങലുകൾ..
ഇതെല്ലാം വരുമാനങ്ങളല്ലെ?
അവിടെയൊന്നും ദാരിദ്ര്യമെന്ന
രേഖയില്ല.
നിലാവുപോലെ പുഞ്ചിരിച്ചുകൊണ്ട്
ടീച്ചർ അത് പറയുമ്പോൾ ആകാശത്തുനിന്ന്
തിളങ്ങുന്ന മഞ്ഞുതുളളികൾ മേലാകെ
കുളിരു കോരിയിടുന്നുണ്ടായിരുന്നു.
അഭൗമമായ ഒര ശൂന്യതയിലേക്ക്
ഞാൻ സ്വയം ഒഴുകുന്നപോലെ..
സുഖശീതളമായ പുതിയൊരു
ലോകക്രമത്തിലേക്ക് മെല്ലെ . മെല്ലെ ..
സർ ,.. സർ..
അപ്രതീക്ഷികമായ ഒരട്ടഹാസം
എന്നെയുണർത്തി.
മുന്നിൽ ആക്രിക്കാരൻ ശെൽവൻ.
" ന്യൂസ്പേപ്പറ്, റൊമ്പം പളകിയത് സർ .
മോസം . വെല കെടയാത്..
മൊത്തും ഇരുന്നൂറ്റി എളുപത് രൂപ
കൊടുക്കും സർ.
ചളുക്കിക്കൂട്ടിയ ആക്രിസാമാനാനങ്ങളും
പഴയ പത്രക്കെട്ടുകളും ചാക്കിൽ
കുത്തിനിറച്ചുകൊണ്ട് ശെൽവൻ
ഭവ്യതയോടെ പറഞ്ഞു.
വിയർപ്പിൽ കുതിർന്ന മുഷിഞ്ഞ നോട്ടുകൾ
എന്റെ നേരെ നീട്ടിക്കൊണ്ട് അവൻ
കറപിടിച്ച പല്ലുകൾകാട്ടി ചിരിച്ചു.
പ്രാരാബ്ദങ്ങളുടെ വലിയ കെട്ട്
തലയിലേറ്റിക്കൊണ്ട് ശെൽവൻ
നടന്നു മറയുമ്പോൾ എന്റെയുള്ളിൽനിന്ന്
ഒരു ലയർ പക്ഷി ചോദിക്കുന്നു.
മിസ്റ്റർ ത്രിവിക്രമൻ ..
ഞങ്ങൾക്കായി ഒരു സർവേയ്ക്ക്
ഇനിയെന്നാണ് താങ്കൾ വന്നെത്തുക?
ആ ശബ്ദം സുലോചന ടീച്ചറുടേതായിരുന്നില്ലേ, എന്ന്
എനിക്കപ്പോൾ തോന്നി.
.jpeg)
ബാലു പൂക്കാട്
കഥാകൃത്ത്