logo

നൈതിക യാത്രയുടെ സൗന്ദര്യം

17 September 2026 | Literature

നൈതിക യാത്രയുടെ സൗന്ദര്യം

"ഒരു മാറ്റത്തിനു വേണ്ടി വാദിക്കുന്ന പ്രസ്ഥാനങ്ങൾ പോലും തുടക്കത്തിൽ ഏകാധിപത്യ പ്രവണതകളെ ആശ്രയിക്കുന്നത് കാണാം. പിന്നീട് അതേ പ്രസ്ഥാനങ്ങൾ വളർന്ന് വലുതാവുമ്പോൾ ജനങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിച്ച അതേ വഴിത്താരകൾ അവരുടെ മുഖമുദ്രയായി മാറുന്നു. ഇവിടെ മാർഗ്ഗം അഥവാ രീതി ഒരപകരണം മാത്രമല്ല,അത് മനുഷ്യൻറെ ശീലങ്ങളേയും ചിന്തകളെയും മാറ്റിമറിക്കുന്നുണ്ട്"

ഏതു വിധേനയും ലക്ഷ്യത്തിലെത്തിയാൽ മതിയോ? അതിനുപയോഗിച്ച മാർഗ്ഗം, അതിലെ നൈതികത ഇവയ്ക്ക് ഒരു പ്രാധാന്യവുമില്ലേ?

ലക്ഷ്യവും മാർഗ്ഗവും രണ്ടാണെന്ന ധാരണ നമ്മുടെ സാമൂഹിക ബോധത്തിൽ ആഴത്തിൽ വേരോടിയിട്ടുണ്ട് എന്ന് തോന്നുന്നു. നല്ലൊരു നാളെയെക്കുറിച്ച് സംസാരിക്കുമ്പോൾ, അതിലേക്ക് എത്തിച്ചേരാൻ എന്ത് വഴിയും സ്വീകരിക്കാമെന്ന് ന്യായീകരിക്കപ്പെടുന്നു. ലക്ഷ്യം പവിത്രമാണെങ്കിൽ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളിലെ രീതികളോ അതിലെ ക്രൂരതകളോ വഞ്ചനകളോ പ്രശ്നമില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. എന്നാൽ ചരിത്രവും മനുഷ്യനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത് മറ്റൊന്നാണ്. ലക്ഷ്യവും മാർഗ്ഗവും വെവ്വേറെയല്ല. നമ്മൾ തിരഞ്ഞെടുക്കുന്ന വഴി തന്നെയാണ് ഒടുവിൽ ലക്ഷ്യമായി മാറുന്നത് അഥവാ മാറേണ്ടത്. തെറ്റായ വഴിയിലൂടെ ലക്ഷ്യത്തിൽ എത്തിയിട്ട് കാര്യമില്ല. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്ന ചൊല്ല് നമ്മെ ഏറെ വഴിതെറ്റിച്ചിരിക്കുന്നു.

വഴി തന്നെയാവണം ലക്ഷ്യത്തിന്റെ സ്വഭാവത്തെ നിർണ്ണയിക്കേണ്ടത്.

ഈ തിരിച്ചറിവ് പക്ഷെ നമ്മുടെ നിത്യജീവിതത്തിൽ അപൂർവ്വമാണ്. ഒരു മാറ്റത്തിന് വേണ്ടി വാദിക്കുന്ന പ്രസ്ഥാനങ്ങൾ പോലും തുടക്കത്തിൽ ഏകാധിപത്യ പ്രവണതകളെ ആശ്രയിക്കുന്നത് കാണാം. പിന്നീട് അതേ പ്രസ്ഥാനങ്ങൾ വളർന്നു വലുതാകുമ്പോൾ, ജനങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിച്ച അതേ വഴിത്താരകൾ അവരുടെ മുഖമുദ്രയായി മാറുന്നു. ഇവിടെ മാർഗ്ഗം അഥവാ രീതി (method) ഒരു ഉപകരണം മാത്രമല്ല. അത് മനുഷ്യന്റെ ശീലങ്ങളെയും ചിന്തകളെയും മാറ്റിമറിക്കുന്നു. ഹിംസയിലൂടെയോ ഭയത്തിലൂടെയോ നേടിയെടുക്കുന്ന സ്വാതന്ത്ര്യം ഒടുവിൽ മറ്റൊരു തരം അടിമത്തമായി മാറുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവർ തന്നെ അധികാരത്തിൽ എത്തുമ്പോൾ പഴയ അടിച്ചമർത്തൽ രീതികൾ അനുകരിക്കുന്നത് കാണാം.

താത്കാലികമെന്ന് പറഞ്ഞ് തുടങ്ങുന്ന പല ഏർപ്പാടുകളും പിന്നീട് എന്നെന്നേക്കുമായി നിലനിൽക്കുന്ന സ്ഥാപനങ്ങൾ (institutions) ആയി മാറുന്നത് നമ്മൾ നിരന്തരം കാണുന്നു. ഒരു പ്രതിസന്ധി ഘട്ടത്തിൽ സർക്കാരുകൾ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ ഇതിന് ഉദാഹരണമാണ്. പൊതുജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന നിരീക്ഷണം (surveillance) അടിയന്തിര ഘട്ടങ്ങളിൽ ന്യായീകരിക്കപ്പെടുന്നു. എന്നാൽ പ്രതിസന്ധി ഒഴിഞ്ഞുപോയാലും അത് പിൻവലിക്കപ്പെടുന്നില്ല. ഭരണകൂടങ്ങൾ അധികാരത്തിന്റെ സ്വാദ് അറിഞ്ഞുകഴിഞ്ഞാൽ പിന്നെ അത് വിട്ടുകൊടുക്കാൻ തയ്യാറാകില്ല. സുരക്ഷയുടെ പേരിൽ പൗരന്റെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഓരോ നിയന്ത്രണവും സ്വാതന്ത്ര്യത്തിന്റെ ഇടം ചുരുക്കിക്കളയുന്നു. ഭയം വിതച്ച് ഭരണം നടത്തുന്നവർക്ക് സമാധാനം ഒരിക്കലും ഒരു ലക്ഷ്യമാകില്ല.

രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും ഈ അപചയം കാണാം. തുടക്കത്തിൽ കൂട്ടായ ചർച്ചകളും വിയോജിപ്പുകൾക്കുള്ള ഇടവും ഉണ്ടായിരുന്ന പ്രസ്ഥാനങ്ങൾ, വളർച്ചയുടെ ഘട്ടത്തിൽ ഒരൊറ്റ നേതാവിന്റെ ഇംഗിതത്തിന് കീഴിൽ വരുന്നു. വിയോജിപ്പുകളെ രാജ്യദ്രോഹമായും സംഘടനയ്ക്കെതിരായ നീക്കമായും ചിത്രീകരിക്കുന്ന സംസ്കാരം രൂപപ്പെടുന്നു. ചോദ്യം ചോദിക്കാത്ത അനുയായികളെ വളർത്തിയെടുക്കുന്ന ഒരു ശീലം അവിടെ ഉറച്ചുപോകുന്നു. ആത്യന്തികമായി ലക്ഷ്യം ജനങ്ങളുടെ വിമോചനമാണെന്ന് പറയുമെങ്കിലും, യഥാർത്ഥത്തിൽ അവിടെ സംഭവിക്കുന്നത് പുതിയൊരുതരം വിധേയത്വത്തിന്റെ നിർമ്മിതിയാണ്. നേതാക്കളുടെ വാക്കുകൾ വേദവാക്യമായി മാറുന്നു. ചിന്തിക്കുന്ന തലച്ചോറുകൾ അനാവശ്യമായി തീരുന്നു.

ഈ പ്രതിഭാസം ഏറ്റവും പ്രകടമായി കാണാൻ കഴിയുന്നത് വിദ്യാഭ്യാസ മേഖലയിലാണ്. കേരളത്തിലെ വിദ്യാലയങ്ങളിൽ കുട്ടികളെ സ്വതന്ത്ര ചിന്തകരായി വളർത്തുകയാണെന്ന് ഔദ്യോഗികമായി അവകാശപ്പെടുമ്പോഴും, ക്ലാസ്സ് മുറികളിലെ രീതികൾ ഇതിന് നേരെ വിപരീതമാണ്. ഭയപ്പെടുത്തിയും അപമാനിച്ചും അനുസരണ ശീലിപ്പിക്കുന്ന സമ്പ്രദായം ഇന്നും തുടരുന്നു. ചോദ്യം ചോദിക്കുന്ന കുട്ടികളെ അധ്യാപകർ അടിച്ചമർത്തുന്നു. പാഠപുസ്തകങ്ങളിൽ ജനാധിപത്യത്തെക്കുറിച്ച് പഠിപ്പിക്കുമ്പോഴും, പ്രവൃത്തിയിൽ തികഞ്ഞ ഏകാധിപത്യമാണ് നടപ്പിലാക്കുന്നത്. ഈ അന്തരീക്ഷത്തിൽ വളരുന്ന ഒരു കുട്ടി സ്വാഭാവികമായും ഭയവും വിധേയത്വവും തന്റെ ജീവിത ശൈലിയാക്കി മാറ്റുന്നു. അറിവ് എന്നത് പകർന്നു നൽകുന്ന ഒന്നല്ല, മറിച്ച് അടിച്ചേൽപ്പിക്കുന്ന ഒന്നായി മാറുന്നു.

കുടുംബ സംവിധാനത്തിലും ഈ അധികാര പ്രയോഗമുണ്ട്. സ്നേഹത്തിന്റെ പേരിൽ മക്കളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന നിയന്ത്രണങ്ങൾ അവരിൽ ഭയവും രഹസ്യസ്വഭാവവും വളർത്തുന്നു. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ നിർബന്ധിതരാകുന്ന കുട്ടികൾ, പിന്നീട് വലുതായി സ്വന്തം ജീവിതത്തിൽ അധികാരം കിട്ടുമ്പോൾ അതേ ക്രൂരത മറ്റുള്ളവരോട് കാണിക്കുന്നു. സ്നേഹം എന്നത് ഉടമസ്ഥതയായി മാറുന്നു. ശിക്ഷയിലൂടെ നേടുന്ന അനുസരണം കുട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കുന്നു. ഭയം ഒരു വളർച്ചാ ഉപാധിയായി മാറുന്ന കുടുംബങ്ങൾ യഥാർത്ഥത്തിൽ ജനാധിപത്യത്തിന്റെ വിത്തുകൾ നശിപ്പിക്കുന്കയാണ്. തുറന്നു സംസാരിക്കാനുള്ള ഇടങ്ങൾ അവിടെ നഷ്ടപ്പെടുന്നു.

സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിലുമുണ്ട് ഈ വൈരുദ്ധ്യം.

താഴെത്തട്ടിലുള്ള ജനങ്ങളെ സഹായിക്കാൻ ഇറങ്ങുന്ന സംഘടനകൾ അവരെ തീരുമാനങ്ങളിൽ പങ്കാളികളാക്കാതെ, വെറും ഗുണഭോക്താക്കൾ മാത്രമായി ഒതുക്കുന്നു. സഹായം നൽകുന്നതിലൂടെ ഒരുതരം മേധാവിത്വം സ്ഥാപിക്കപ്പെടുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ പുറത്തുനിന്നുള്ളവർ എടുക്കുമ്പോൾ, അവിടെ യാതൊരുവിധ സ്വയംനിർണ്ണയാവകാശവും ഉണ്ടാകുന്നില്ല. ഇത് ജനങ്ങളെ കൂടുതൽ ആശ്രയശീലമുള്ളവരാക്കി മാറ്റുന്നു. വിമോചനത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം ഇടപെടലുകൾ പലപ്പോഴും പുതിയൊരുതരം ചൂഷണത്തിന് വഴിയൊരുക്കുന്നു. കരുണ എന്നത് ഔദാര്യമായി മാറുന്നു.

ഭാഷയുടെ ഉപയോഗത്തിലും ഈ പ്രവണത വ്യക്തമാണ്. എതിർശബ്ദങ്ങളെ ഉന്മൂലനം ചെയ്യാൻ ഉപയോഗിക്കുന്ന വാക്കുകൾ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നു. വിയോജിക്കുന്നവരെ ശത്രുക്കളായി ചിത്രീകരിക്കുന്ന ഭാഷാശൈലി പൊതുബോധത്തെ ക്രൂരതയിലേക്ക് നയിക്കുന്നു. ഒരു വിഭാഗത്തെ മോശക്കാരായി നിരന്തരം ചിത്രീകരിക്കുമ്പോൾ, അവർക്കെതിരെയുള്ള അതിക്രമങ്ങൾ സാധാരണയായി മാറുന്നു. മനുഷ്യത്വത്തെ നിരാകരിക്കുന്ന വാക്കുകൾ ഒടുവിൽ മനുഷ്യത്വമില്ലാത്ത പ്രവൃത്തികൾക്ക് കളമൊരുക്കുന്നു. ഭാഷ വെറുമൊരു ആശയവിനിമയ ഉപാതിയല്ല, അത് അധികാരത്തിന്റെ ആയുധം കൂടിയാണ്. സ്നേഹത്തിന്റെ ഭാഷ അപ്രത്യക്ഷമാവുകയും ശത്രുതയുടെ ഭാഷ അധികാരത്തിന്റെ അടിത്തറയായി തീരുകയും ചെയ്യുന്നു.

ആധുനിക ലോകം ഫലപ്രാപ്തിയെ (efficiency)മാത്രമാണ് മാനദണ്ഡമായി കാണുന്നത്. എന്ത് മാർഗ്ഗത്തിലൂടെ ലക്ഷ്യത്തിൽ എത്തിയെന്നത് അവിടെ പ്രസക്തമല്ല. വിജയം മാത്രം പ്രധാനമാകുമ്പോൾ ധാർമ്മികത പിന്തള്ളപ്പെടുന്നു. കമ്പനികളിലെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ ജീവനക്കാരെ മാനസികമായി തളർത്തുന്ന രീതികൾ ഉണ്ട്. ഫലം കാണുമ്പോൾ ആളുകൾ സന്തോഷിക്കുന്നു എന്നാൽ അതിന്റെ പിന്നിലെ മനുഷ്യച്ചൂടോ നഷ്ടങ്ങളോ ആരും കാണുന്നില്ല. വിജയത്തിന്റെ മാത്രം മാനദണ്ഡം സമൂഹത്തെ സാന്മാർഗ്ഗികമായി പാപ്പരാക്കുന്നു. പ്രവൃത്തിയുടെ സൗന്ദര്യത്തേക്കാൾ അതിന്റെ ഫലമാണ് പ്രധാനം എന്ന് വരുത്തിതീർക്കുമ്പോൾ മനുഷ്യൻ യന്ത്രമായി ചുരുങ്ങുന്നു.

ചില സന്ദർഭങ്ങളിൽ കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടി വരാമെന്നത് സത്യമാണ്. എന്നാൽ താൽക്കാലികമായി സ്വീകരിക്കുന്ന അത്തരം മുൻകരുതലുകൾ പിന്നീട് സ്ഥിരമായ ശീലമായി മാറുന്ന അപകടത്തെയാണ് തിരിച്ചറിയേണ്ടത്. ലക്ഷ്യം പവിത്രമാണെന്ന ഒറ്റ കാരണം കൊണ്ട് മോശമായ മാർഗ്ഗങ്ങളെ ന്യായീകരിക്കുമ്പോൾ, യഥാർത്ഥ ലക്ഷ്യം തന്നെ വഴിമാറിപ്പോകുന്നു. സമൂഹം എന്തായി മാറുന്നുവെന്ന ഗൗരവമായ ആത്മപരിശോധനയാണ് ഇവിടെ ആവശ്യം. ഒഴിവാക്കാനാവാത്ത തിന്മയെന്ന് പറഞ്ഞ് ന്യായീകരിക്കപ്പെടുന്ന കാര്യങ്ങൾ പിന്നീട് സമൂഹത്തിന്റെ മുഖ്യധാരയായി മാറുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലക്ഷ്യങ്ങൾ അർത്ഥശൂന്യമായി മാറും.

മാറ്റത്തിന്റെ പാതയിൽ നിൽക്കുന്നവർ പലപ്പോഴും ഈ കുരുക്കിൽ അകപ്പെടാറുണ്ട്. പുതിയൊരു ലോകം പണിയാൻ ഇറങ്ങുന്നവർ പഴയ ലോകത്തിന്റെ അധികാര ഘടനകളെത്തന്നെയാണ് അനുകരിക്കുന്നത്. ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വവും ആജ്ഞാപിക്കൽ സംസ്കാരവും അവിടെ പുനരുൽപ്പാദിപ്പിക്കപ്പെടുന്നു. പങ്കാളിത്തമില്ലാത്ത തീരുമാനങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നു. ഇത് യഥാർത്ഥത്തിൽ ഒരു വിപ്ലവവുമല്ല. പേരുകൾ മാറുകയല്ലാതെ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അടിമകൾ തന്നെ യജമാനന്മാരായി മാറുന്ന വിചിത്രമായ കാഴ്ചയാണ് നാം കാണുന്നത്.

ഭാവി എന്നത് ഭാവിയിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല. നാം ഇന്ന് ചെയ്യുന്ന ഓരോ പ്രവൃത്തിയിലും ആ ഭാവി ഒളിഞ്ഞിരിപ്പുണ്ട്. അടിച്ചമർത്തലില്ലാത്ത ഒരു സമൂഹം വേണമെങ്കിൽ, നാം ഇന്നുതന്നെ അടിച്ചമർത്തൽ രീതികളെ ഉപേക്ഷിക്കണം. ജനാധിപത്യപരമായ ഒരു ലോകം സൃഷ്ടിക്കാൻ ജനാധിപത്യപരമായ വഴികൾ തന്നെ തിരഞ്ഞെടുക്കണം. വഴി തെറ്റിയാൽ ലക്ഷ്യവും നഷ്ടപ്പെടും. അതിനാൽ ഓരോ ചുവടുവെപ്പും അതീവ ജാഗ്രതയോടെ ആയിരിക്കണം. നാം തെരഞ്ഞെടുക്കുന്ന വഴികൾ തന്നെയാണ് നമ്മുടെ നാളെയുടെ മുഖം തീരുമാനിക്കുന്നത്.

ഭയം വിതച്ച് സ്വാതന്ത്ര്യം കൊയ്യാനാകില്ല. വഞ്ചനയിലൂടെ നീതി നേടാനാകില്ല. മാർഗ്ഗം തന്നെയാണ് ലക്ഷ്യം. ആ തിരിച്ചറിവിലാണ് മനുഷ്യന്റെ യഥാർത്ഥ സ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നത്.

ഏ വി സന്തോഷ് കുമാർ

ഏ വി സന്തോഷ് കുമാർ

ഫുൾബ്രൈറ്റ് സ്കോളർ(USA), സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്, പാഠപുസ്തക സമിതി അംഗം, 11 കൃതികളുടെ രചയിതാവ്.

Share this post

Reviews

No reviews yet