നൂരി
20 September 2026 | Story

നിങ്ങൾ ഒളിപ്പിക്കപ്പെട്ടതെന്തോ അത് വെളിപ്പെടുവോളം,നിങ്ങളുടെ അരുതായ്മകൾ പരസ്യപ്പെടുവോളം,നിങ്ങൾ പിടിക്കപ്പെടുവോളം നിലനിൽക്കുന്ന ഒന്നാകുന്നു രഹസ്യം.
◾ ഒന്നാമധ്യായം
കനത്ത വെയിലേറ് തട്ടി ആകെ വിളറി വിവശനായിട്ടുണ്ട്. വിയർപ്പിൽ മുങ്ങിയ കുപ്പായം ദേഹത്താകെ ഒട്ടിപ്പിടിച്ചിട്ടുണ്ട്. കുപ്പായ കയ്യിനാൽ മുഖത്തെ വിയർപ്പ് തുടുച്ചുകൊണ്ട് കിതപ്പ് വിടുംമുൻപ് വീണ്ടും ആഞ്ഞുപിടിച്ചു.
ബംഗ്ല ബീഡി വാങ്ങാനായി കടയിൽ പോയായിരുന്നു നൂറുൽ ഇസ്ലാം. തന്നോട് പറയാതെ ആരും തന്നെ വെളിയിൽ പോകരുതെന്ന മാമയുടെ തിട്ടൂരം ലംഘിച്ചുള്ള പോക്കാണ്. അതുകൊണ്ടുതന്നെ മാമയുടെ മുൻപിൽ ചെന്നു ചാടാതെ റൂമിലെത്തണം.
ഇനി മാമയുടെ മുമ്പിൽ തന്നെ ചെന്നു ചാടി, മാമ കണ്ടു എന്നുവച്ച് വല്ലതും സംഭവിക്കാൻ പോകുന്നുണ്ടോ?
ഒന്നുമില്ല.
പക്ഷേ, തള്ളയുടെ തൊള്ള വെറുതെയിരിക്കില്ല. അതുമിതും പറഞ്ഞ് വെറുതെ ചൊറിഞ്ഞുകൊണ്ടിരിക്കും. ദിവസം മുഴുവനും നീണ്ടുനിൽക്കുന്ന ആ ശകാരം കേൾക്കാൻ നൂറിന് വയ്യ.
അതുകൊണ്ടുതന്നെ ഗേറ്റ് കടന്നതും വന്നതിനേക്കാൾ വേഗം കൂട്ടി. അങ്ങനെ മരണച്ചവിട്ടും ചവിട്ടി സിമൻറ് ടൈൽ പാകിയ ആ വലിയ മുറ്റം കുറുകെ കടക്കുമ്പോഴുണ്ട് പെണ്ണുങ്ങളെല്ലാം വരാന്തയിലും അതിൻറെ തണൽ പറ്റിയുമൊക്കെ വട്ടംകൂടി നിൽക്കുന്നു.
ഭക്ഷണം കഴിഞ്ഞ് എല്ലാവരും മയങ്ങുന്ന നേരമാണ് . അതുകൊണ്ടുതന്നെ ഈ നേരത്തിവിടെ ഇവരെയൊന്നും സാധാരണ കാണാത്തതാണ്.
“എന്താണാവോ എല്ലാവരും കൂടി, ആഹ്…വല്ല കേസുകെട്ടും കാണും.”
നൂറിന് ആ വീടുമായി പത്ത് വർഷത്തെയെങ്കിലും ബന്ധമുണ്ട്. അതുകൊണ്ടുതന്നെ എന്ത് കണ്ടാലും കേട്ടാലും അവന് പെട്ടെന്ന് കത്തും.
മുറ്റത്തിനപ്പുറം കടന്ന് സ്റ്റോറിന് മുൻപിൽ എത്തിയതും സൈക്കിളിൽ നിന്നും നൂർ ചാടിയിറങ്ങി.സാധാരണ സ്റ്റോറിനുള്ളിലേലേക്ക് കയറ്റി വെക്കാറുള്ള സൈക്കിൾ പുറത്തെ ചുമരിന്മേൽ ചാരി വെച്ചു. എന്നിട്ട് നേരെ കൂട്ടംകൂടി നിൽക്കുന്ന പെണ്ണുങ്ങൾക്കരികിലേക്കായി നടന്നു നീങ്ങി.
കൂട്ടത്തിൽ മസാറയുണ്ടോ എന്നാണ് ആദ്യമവൻ നോക്കിയത്. എന്നാൽ മസാറയെ മാത്രം അവിടെ കണ്ടില്ല. അവളാണെങ്കിൽ എന്തുണ്ടെങ്കിലും തുറന്നു പറയും. ഇതെവിടെപ്പോയി അവള്?
സഖായിയുണ്ട്.
അതൊരുതരം മൂർഖത്തിയാണ്. അവളെങ്കിലവൾ.കൂട്ടത്തിൽ നിന്നും സഹായിയെ തന്നെ വിളിച്ച് കാര്യങ്ങൾ ചോദിച്ചു. ആ മൊരട്ടയുണ്ടോ വല്ലതും പറയുന്നു?
“സബുർ ശോയ…ബഅദ്കിത കുല്ലു മഅലൂം ”(അല്പമൊന്ന് ക്ഷമിക്ക് എല്ലാം മനസ്സിലാവും)
“ശവം”! നൂറുൽ ഇസ്ലാം തൻറെ ചുണ്ട് വക്രച്ചുകൊണ്ട് വരാന്തയിലേക്ക് കയറി നിന്നു .
ഈ സമയം അടുക്കളയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു കുക്ക് ഇസ്മയിലും അയാളുടെ അസിസ്റ്റൻറ് ഖദ്രിയും. പുറത്ത് പെണ്ണുങ്ങളുടെ കലപില വർത്തമാനം അവരും കേൾക്കുന്നുണ്ട് ബാബയുടെ കഥ തീർന്നിരിക്കും എന്നാണ് ഇസ്മയിൽ വിചാരിച്ചത്. കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിൽ നിന്നും കയ്യെടുത്ത് അയാൾ ജനാലക്കരികിലേക്ക് നടന്നു. തുറന്നിട്ട് ജാലക വാതിലിലൂടെ തല വെളിയിലേക്കിട്ടു.
“ഹും കഴിഞ്ഞു , ബാബ ഗയ”. എത്രകാലമായി കിടക്കുന്ന കിടത്തമാണ്! കൊല്ലം പതിമൂന്ന് കഴിഞ്ഞില്ലേ.” കദ്രി കേൾക്കാനെന്നോണം ഇസ്മയിൽ പറഞ്ഞു.
മദാം മനാലും ,മദാം ലത്തീഫയും അടക്കം സകലരുമുണ്ട്. കൂട്ടത്തിൽ അവരുടെ ഖദ്ദാമമാരുണ്ട്, കുട്ടികളുണ്ട്.
അപ്പൊ കഴിഞ്ഞതു തന്നെ! ഇസ്മയിൽ മനസ്സാ ഉറപ്പിച്ചു.
പ്ലേറ്റിലെ ചോറ് ഇളകിയിട്ടില്ല.ബാബ പോയെന്നും കരുതി ചോറെന്തിന് കളയണം?
പെട്ടെന്ന് തന്നെ മറ്റൊരു പ്ലേറ്റെടുത്ത് അത് മൂടിവെച്ചു. എന്നിട്ട് അസിസ്റ്റൻറിനോട് ദാ വരുന്നൂന്നും പറഞ്ഞ് അയാൾ ധൃതിപ്പെട്ട് വെളിയിലേക്കിറങ്ങി.
നോക്കുമ്പോൾ നൂറുൽ ഇസ്ലാമും അവിടെയുണ്ട്.നൂറിനെ കണ്ടതോടെ തൽക്കാലം ബാബയ്ക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ബോധ്യമായി. മറിച്ച്,വിഷയം നൂരിയാണെന്നും അവനെ റാഷിദിന്റെ ഫ്ലാറ്റിൽ പിടിച്ചു വച്ചിരിക്കുന്നു എന്നും മറ്റും സഖായി തന്നോട് പറഞ്ഞതായ വിവരങ്ങളെല്ലാം അതേപടി അവൻ ഇസ്മയിലിനോടും പറയുകയുണ്ടായി. അപ്പോഴും എന്തിനാണ് അവനെ തടഞ്ഞു വെച്ചിട്ടുള്ളത് എന്ന ഇസ്മയിലിന്റെ ചോദ്യത്തിന് പക്ഷേ നൂറിന് ഉത്തരമില്ലായിരുന്നു. എന്തെങ്കിലും അറിയാവുന്ന സഖായി ആവട്ടെ അവനോടക്കാര്യം മിണ്ടാനും പോയില്ല, അവനായിട്ടത് ചുഴിഞ്ഞ് ചോദിക്കാനും പോയില്ല.
നൂറിനോട് എന്നല്ല, ഇത്യോപ്യക്കാരികളും ഫിലിപ്പിനോകളും ആയിട്ടുള്ള ഖദ്ദാമമാർ വേറെയുമുണ്ട്,അവരോടും നൂരിയുടെ വിഷയം സഖായി മിണ്ടാൻ പോയിട്ടില്ല.
ഇസ്മയിലനാണെങ്കിൽ എന്താണ് കാര്യമെന്നറിയാഞ്ഞിട്ട് ഒരു സമാധാനവുമില്ല. ആ രീതിയിലൊരു ബന്ധമാണല്ലോ നൂരിയും അയാളും തമ്മിലുള്ളത്.
ഇസ്മയിലിന് നാട്ടിലുള്ള ഭാര്യക്ക് കത്തയക്കണോ നൂരി വേണം, കത്തുകൾക്ക് വിലാസം എഴുതണോ നൂരി വേണം.അത് പോസ്റ്റ് ചെയ്യുക, മാസശമ്പളം കിട്ടിയാൽ വീട്ടുചെലവിനുള്ളത് ഭാര്യയുടെ പേരിൽ റജിസ്റ്റേഡ് ആയി അയച്ചുകൊടുക്കുക, അങ്ങനെയങ്ങനെ എന്തിനും ഏതിനും വിളിച്ചാൽ വിളിപ്പുറത്ത് വരുന്നവനാണ്. ആ അവൻ എന്തോ ഒരു കുരുക്കിൽ പെട്ടിരിക്കുന്നു എന്ന് അല്പനേരം കൊണ്ട് തന്നെ ഇസ്മയിലിനും ബോധ്യമായി തുടങ്ങി.
സഖായിയുമായി അയാൾ അത്ര നല്ല സുഖത്തിലല്ലെങ്കിലും തൽക്കാലം അതെല്ലാം മറന്ന് അവളെ വിളിച്ച് കാര്യങ്ങളന്വേഷിച്ചു.
വലിയ താല്പര്യമൊന്നുമില്ലെങ്കിലും അവൾ കാര്യം സൂചിപ്പിച്ചു. ഒപ്പം നൂറോ മറ്റുള്ളവരോ തൽക്കാലം അറിയേണ്ടതില്ലെന്നും അവൾ കണ്ണ് കാട്ടി.
“ഇല്ല ആരുമറിയില്ല” ഇസ്മയിൽ തലകുലുക്കി.
കേട്ടപ്പോൾ ഒറ്റയടിക്ക് വിശ്വസിക്കാനൊന്നും ഇസ്മയിലിന് കഴിഞ്ഞില്ല. കാരണം, അങ്ങനെയുള്ള ഒരാളല്ലല്ലോ അവൻ. പക്ഷേ പറയുന്നത് മെർവ്വയുടെ തന്നെ സഹായിയാണ്, സഖായിയാണ്.
അപ്പോൾ എന്തോ നടന്നിട്ടുണ്ട്. അല്ലെങ്കിലിത്ര ധൈര്യത്തിലിങ്ങനെ അവൾ പറയില്ലല്ലോ.
”ആ വൃത്തികെട്ട സാധനത്തിന്റെ കെണിയിൽ പെട്ടതാവും.”
മെർവ്വയെ കുറിച്ചാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഇസ്മയിലിന്റെ ഒച്ചയല്പം ഉയർന്നിരുന്നു .ഭാഗ്യത്തിന് പറഞ്ഞത് ബംഗാളിയിൽ ആയതുകൊണ്ട് ആർക്കുമത് മനസ്സിലായില്ല.
അല്ലെങ്കിലേ മെർവ്വയെപ്പറ്റി അത്ര വലിയ മതിപ്പൊന്നും ഉള്ളയാളല്ല ഇസ്മയിലൽ. അവളത്ര മുന്തിയ ചരക്കല്ലെന്ന് നൂറിനോട് പറഞ്ഞത് രണ്ട് നാൾ മുമ്പാണല്ലോ. ഇനി ഇതൊന്നുമില്ലെങ്കിലും ഇസ്മയിലിന് പണ്ടേ തന്നെ അവളെ കണ്ണിന് വായിച്ചു വായി കണ്ടുകൂടാ.
കാരണം പറഞ്ഞു വന്നാൽ ഇസ്മയിലിന്റെ അടുക്കളയിലെത്തും. അടുക്കളയിൽ വന്നാലുള്ള അവളുടെ തന്നിഷ്ടം തന്നെയാണ് പ്രശ്നം. എല്ലാവരും മാമ വന്ന് വിളമ്പാനായി കാത്തിരിക്കുമ്പോൾ അവൾക്ക് മാമയും വേണ്ട, മാമിയും വേണ്ട . നേരെ ഒരു വരവാണ്. ചെമ്പിലേക്ക് തവിയിടും. പിന്നെ കയ്യിലുള്ള പാത്രം നിറയുന്നതാണ് കണക്ക്.ഇതിൻറെ പേരിൽ അവളുമായി ഒന്നും രണ്ടും പറഞ്ഞ് ഇസ്മയിൽ പലതവണ തെറ്റിയിട്ടുണ്ട്.
ചുരുക്കത്തിൽ ഒരു താന്തോന്നിപ്പെണ്ണ് കാരണം തൻറെ നൂരിയുടെ ജീവിതം പോയേന്നും പറഞ്ഞ് നെഞ്ചത്തടിച്ച് നടക്കുന്നില്ലെന്നേയുള്ളൂ. ആൾക്ക് നല്ല മന:പ്രയാസമുണ്ട്.
“ ഖോജരാജാവേ ഈ നശിച്ച പെണ്ണിനെ ഇവടന്നൊന്ന് കെട്ടുകെട്ടിക്കണേ!”
ഇസ്മയിന്റെ അരിശവും ചങ്കുപൊട്ടിയുള്ള ആ പറച്ചിലുമെല്ലാം കേട്ടാൽ തോന്നും സംഭവിച്ചതെല്ലാം മെർവ്വ ഒറ്റൊരുത്തി നിമിത്തമാണെന്ന്.
എന്നാൽ പ്രതിക്കൂട്ടിൽ അവളൊരുത്തി മാത്രമാണോ?
◼️

ഷറഫ് വി എം