logo

ശീമപ്പേരക്ക

15 September 2026 | Poetry

ശീമപ്പേരക്ക

കവിത

ശീമപ്പേരക്ക

ചില ഉച്ചനേരങ്ങളിലും

സെമിത്തേരിയുടെ

മതിൽ ചാടിക്കടന്ന്

ഒരു പേടി

സ്കൂളിന് നേരെ വരും.

ചോറ്റുപാത്രം പൈപ്പിനു ചോട്ടിലേക്കെറിഞ്ഞ്

കൈകഴുകാതെ

ഞാൻ തിരിഞ്ഞോടും .

സ്കൂളിനും സെമിത്തേരിക്കുമിടയിലുള്ള മുത്തശ്ശിപ്ലാവ് മടിയിലേക്ക്

പിടിച്ചിരുത്തി ആശ്വസിപ്പിക്കും.

കയ്യാലക്കല്ല് തുരന്ന് പുറത്ത്

ചുറ്റിവളഞ്ഞ തൻ്റെ വേരിനോട്

'അനുസരണ കെട്ടവനേ

കൊച്ചനെ താഴെയിടല്ലേ '

എന്ന് കെറുവിക്കും

വേരിൽ കാലു കുരുക്കി

തലകീഴോട്ടാക്കി പേടിക്കു നേരെ ഞാനൊരു

വവ്വാൽ നോട്ടമെറിയും.

പേടി പത്രോസ് ചേട്ടൻ്റെ

വീടും കഴിഞ്ഞ്

കുന്നിൻ്റെമേലെ

കിതച്ചു കിതച്ചു

ആകാശത്തെത്തും

പൈപ്പിന് ചോട്ടിലപ്പോൾ

നിറയെ പെമ്പിള്ളേരാവും.

റമ്പർകുരു പോലെ വഴിയിലെല്ലാം

അവരുടെ ചിരി പൊട്ടിവീണു കിടപ്പുണ്ടാവും

തെരുവപ്പുല്ലു മണമുള്ള

മെലിഞ്ഞൊരു പെൺകുട്ടി

ദേ ചെറുക്കൻ്റെ ചോറ്റുപാത്രമെന്ന് ചെളിയിലേക്ക് കാല് നീട്ടും

അഞ്ച് സിയിലെ

പേരോർമ്മയില്ലാത്ത ഒരുസിസ്റ്റർ

വടികൊണ്ട് മാടി വിളിക്കും.

നിനക്കെന്നതാടാ പ്ലാവിൻ്റെ

മൂട്ടിൽകാര്യമെന്ന് ഒരു കാറ്റ് ഒച്ചയിടും അത് കേട്ട് ചൊടിക്കുന്ന എന്നെനോക്കി

സിസ്റ്റർ കണ്ണുകൊണ്ട് ചിരിക്കും

സ്റ്റാഫ്റൂമിലെ ബാഗിൽ

ഒരുശീമപ്പേരക്ക

ഞങ്ങളെയുംകാത്ത്

ഉള്ള്ചുവക്കും

മഴക്കാറ് കണ്ട് പേടിച്ച

കാറ്റ് ഓഫീസ് മുറ്റത്തെ

കാറ്റാടി മരത്തിൻ്റെ തുഞ്ചത്തു

കയറി തലകീഴായായി

ആടിയാടി നോക്കും

എനിക്കപ്പോൾ ചിരി വരും

ജനഗണമന പാതിയാവുമ്പോഴേ സ്കൂളുവിട്ടെന്ന് കരുതി മാനത്തൂന്ന് മഴക്കുട്ടികൾ ഇറങ്ങിയോടും കുടയില്ലാത്ത ഞങ്ങളോട്കൂട്ടുകൂടി

മഴയും വീടെത്തും .

സത്യമായും പേരോർമ്മയില്ലാത്ത

എൻ്റെ പൊന്നു ടീച്ചറേ

ഞാനിപ്പോഴും

തലപെരുക്കുമ്പോൾ

ജീവിതത്തെ

തലകീഴായി നോക്കി

പേടിപ്പിക്കാറുണ്ട് .

◼️ മൂസ എരവത്ത്

Admin

Share this post

Reviews

No reviews yet