logo

തീമരത്തണൽ

10 July 2026 | Poetry

തീമരത്തണൽ

തീമരത്തണൽ

ഒരായിരം കാരമുള്ളുകൾ

വലിയുംപോലെ എന്റെ

ഹൃദയം നോവുന്നുണ്ട്.

ഒന്നണച്ചണച്ചു നിന്റെ

ഹൃദയത്തെ ഉമ്മവയ്ക്കാനും.

എത്ര സംസ്കൃതമായിരുന്ന

നിന്റെ ഹൃദയം

കവിത മരിച്ചു വീണ

യുദ്ധഭൂമികയായി

മുടിഞ്ഞു പോയത്

എങ്ങനെയെന്ന് ഞാനൊരു

തേങ്ങലോടെയറിഞ്ഞു.

ഇത്രയും നാൾ ഞാൻ

നിന്റെ കവിതയെ സ്നേഹിച്ചിരുന്നു

ഇന്നു ഞാൻ അറിയാതെ

നിന്റെ പാവം ഹൃദയത്തേയും.

മനുഷ്യനായാണ് എനിക്ക്

നിന്നെ അളവറ്റ് സ്നേഹിക്കേണ്ടത്

പ്രണയിനിയായല്ല...

സ്ത്രീയായല്ല

പട്ടുപോയ ഒരു ഹൃദയത്തിനെ

വാടിപ്പോയ ഒരു താമരമൊട്ടായി

എനിക്ക് ആഴത്തിൽ

ആലിംഗനം ചെയ്യണം.

നിന്റെ വിരൽത്തുമ്പുകോർത്ത്

വേദനകളുടെ ആത്മായനങ്ങളെ

നിന്നിൽനിന്ന് ഊറ്റിയെടുക്കണം

കവിതയുടെ ആഴക്കടലിൽ

നീയൊരു സ്വർണ്ണ മത്സ്യമായി

നീന്തിത്തുടിക്കുന്നത് എനിക്ക്

കാണണം.

സജിനി രാഗസുധ

സജിനി രാഗസുധ

കവി

Share this post

Reviews

No reviews yet