logo

എം ഗോവിന്ദൻ: ധിക്കാരിയുടെ ധിഷണാ സ്പർശം

28 October 2026 | Literature

എം ഗോവിന്ദൻ: ധിക്കാരിയുടെ ധിഷണാ സ്പർശം

ചരിത്രത്തിനിടയ്ക്കു നാം പലതും വിസ്മരിക്കുന്നു. മാനുഷിക മൂല്യങ്ങൾ ചവുട്ടി മെതിക്കപ്പെട്ട പാതയിലൂടെ ജേതാവായി കടന്നുപോകുന്നു. എല്ലാം തട്ടിത്തെറിപ്പിക്കുന്നു. വ്യാജതന്ത്രങ്ങളുടെ വാണിജ്യവൽക്കരണത്തിനിടയിൽ ധീരതയുടെ വാക്കുകൾ ഒറ്റപ്പെടുന്നു. ജീവിച്ചിരുന്ന കാലത്തിനപ്പുറം ചിന്തിച്ചിരുന്നവർ പലപ്പോഴും ഒറ്റയാന്മാരായിത്തീരുന്നു. ഈ സത്യം പുതിയതല്ല. അങ്ങനെ ചരിത്രത്തിലെ തലവാചകങ്ങളായി ചുരുങ്ങിപ്പോയവർ നിരവധിയുണ്ട്. ഈ കണക്കു പുസ്തകത്തിൽ നിന്നാണ് എം.ഗോവിന്ദനെ കൂട്ടിയും ഹരിച്ചും നമ്മൾ അറിയേണ്ടത്. അറിയലിൽ നിന്ന് അറിവുകളിലേക്ക് പാലം നീളുന്നു. ഏതു പുത്തൻ പ്രവണതയോടും കൂറുപുലർത്തി നവീന നാവുകയും മലയാള ദ്രാവിഡച്ചുവയിലൂടെ നമ്മളിൽ നിറഞ്ഞു നില്ക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഗോവിന്ദൻ. മലയാളത്തിൽ എല്ലാ ചർച്ചാ ക്ലാസ്സുകളിലും ചർച്ച ചെയ്യപ്പെടാനും, എസ്റ്റാബ്ലിഷ്ഡ് കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പുകളുടെ കൂരമ്പുകൾ ഏറ്റുവാങ്ങാനും വിധിക്കപ്പെട്ട പച്ച മനുഷ്യനായിരുന്നു അദ്ദേഹം. ചിന്തകൻ, കവി, കഥാകൃത്ത്, നാടകക്കാരൻ, സിനിമയുടെ സന്തത സഹചാരി എന്നീ മുഖങ്ങളൊക്കെ ഉണ്ടെങ്കിലും റോയിസ്റ്റ് എന്ന നിലക്കാണ് ഗോവിന്ദൻ പല ചർച്ചകളിലും വിഷയമായിത്തീർന്നിട്ടുള്ളത്. എം.ഗോവിന്ദനെ മനസ്സിലാക്കുക എന്നതിനർത്ഥം ധിക്കാരിയുടെ ധിഷണാ സ്പർശം തിരിച്ചറിയുക എന്നതാകുന്നു.ആ സുവർണ്ണരേഖകൾ കേരളക്കരയിലെ സാഹിത്യം, രാഷ്ട്രീയം , സിനിമ, നാടകം, ചിത്രകല, കവിത, പത്രപ്രവർത്തനം എന്നിവയിലൊക്കെ നിറഞ്ഞു കിടക്കുന്നു.

" ഭാഷ മലയാളം, ഭാവം ഭാരതീയം, പ്രസക്തി ആധുനികം" എന്നാണ് ഗോവിന്ദൻ സമീക്ഷയിൽ കുറിച്ചിട്ടത്. ആദി കേരള വായ്ത്താരിയുമായി ബന്ധപ്പെട്ട ഗോവിന്ദന്റെ കവിതകളിലെ കലഹവും എന്നും പൗരോഹിത്വത്തോടും അധികാരത്തോടുമായിരുന്നു. നാരായണ ഗുരുവിൽ നിന്ന് ഗോവിന്ദനിലേക്കെത്തുമ്പോൾ നവീനമായ കലഹത്തിന്റെ ബഹുമുഖം നന്നായി വായിച്ചെടുക്കാം. സാമൂഹ്യ കലാപത്തിൽ നിന്ന് സാഹിത്യകലഹത്തിലെ വഴി നിസ്സാരമല്ല. ഗോവിന്ദൻ ദ്രാവിഡ പശ്ചാത്തലത്തിൽ എഴുതിയ പല ലേഖനങ്ങളും ഇന്നിപ്പോൾ വികസിച്ചു | വന്ന കീഴാള ബഹുസ്വരതയുടെ തുടക്കമായി കാണാനാവും. തുടികൊട്ടിപ്പാടുന്ന കുറവൻ, കുറത്തി അത്തരമൊരു ഇടപെടലാകുന്നു.

കൂടിയാട്ടത്തിന്റെ കഥയിലെത്തുമ്പോൾ കലാകാരന്റെ ഭ്രഷ്ട് കലയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി മലയാള കവിതയിൽ നിറഞ്ഞു. എം.വി.ദേവൻ പറഞ്ഞത് പോലെ " ഒരു പൊന്നാനിക്കാരന് പൊന്നാനിക്കാരനായിത്തന്നെ വിശ്വമാനവനാവാൻ കഴിയുമെന്നു തെളിയിച്ച ആളുമാണ്. ആധുനിക മലയാള സാഹിത്യത്തിൽ ഗോവിന്ദൻ നടത്തിയ നിരീക്ഷണങ്ങൾ എന്നത്തേയും കാല സ്തംഭമായിരുന്നു."

ഇതിനൊപ്പം തന്നെ എം.കെ.സാനുമാഷ് എഴുതിയതും വായിക്കാം.

" പത്താം ക്ലാസ് വരെ മാത്രം പഠിച്ച ആ മനുഷ്യൻ സ്വയം ഇംഗ്ലീഷ് ഭാഷ വശമാക്കി.ആ ഭാഷയിലൂടെ വിശ്വവിജ്ഞാനവുമായി ബന്ധപ്പെട്ടു. മലയാളത്തിലെന്നപോലെ ഇംഗ്ലീഷിലും രചന നിർവ്വഹിച്ചു.' മനുഷ്യന്റേതായ ഒന്നും തനിക്ക് അന്യമല്ല ' എന്ന ആദർശത്തിലൂന്നി ക്കൊണ്ട് വിജ്ഞാന മേഖലകളുമായി ബന്ധപ്പെട്ട അദ്ദേഹം,ആ ബന്ധത്തിൽ നിന്നു നേടിയ സിദ്ധികൾ ഒരിക്കലും തന്റെ വ്യക്തി ജീവിതത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയില്ല യഥാർത്ഥ ബുദ്ധിജീവിയെപ്പോലെ മനുഷ്യരാശിയുടെ സമ്പത്തു വർദ്ധിക്കുവാനായി ആ സിദ്ധികൾ അദ്ദേഹം സമർപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹം സംഘടനകളുടെ പ്രസിഡന്റായില്ല. പദവികൾ നേടിയില്ല. അർഹതയറിഞ്ഞ് നല്കപ്പെട്ട നെഹ്റു ഫെലോഷിപ്പിന്റെ തുക പോലും, കുമാരനാശാൻ ജന്മശതാബ്ദി സ്മാരകമായി 'കവിതയും നവോത്ഥാനവും' എന്ന സുവനീർ പ്രകാശിപ്പിക്കാനാണ് ചിലവഴിച്ചത്.(ഇന്ത്യയിൽ പ്രകാശിതമായിട്ടുള്ള ഏറ്റവും മികച്ച സോവനീർ ). കുടുംബത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനിടയിലാണ് ഈ ക്ലേശവും നഷ്ടവും ആഹ്ലാദപൂർവ്വം അദ്ദേഹം ഏറ്റെടുത്തതെന്നോർക്കണം. അതിന്റെ നേട്ടം ഇന്ത്യൻ സംസ്കാരത്തിനാണ് ലഭിച്ചത്. "

മാർക്സിനെക്കുറിച്ച് ആഴത്തിൽ അവബോധം നല്കുന്ന ഒരു കുറിപ്പ് ഗോവിന്ദൻ എഴുതിയത് ആരും പരാമർശിക്കാറില്ല. അതെല്ലാവരും വായിക്കേണ്ടതാണ്.

"ലണ്ടനിലെ ഏറ്റവും ദുഷിച്ച, അതിനാൽ ഏറ്റവും വിലക്കുറവുള്ള ദരിദ്ര പ്രാന്തങ്ങളിലൊന്നാണ് മാർക്സ് താമസിക്കുന്നത്. രണ്ടു മുറികളാണുള്ളത്. തെരുവിനഭിമുഖമായ ഇരിപ്പുമുറിയും പിൻഭാഗത്ത് ഒരു കിടപ്പറയും. ഒരു മുറിയിലുമില്ല, കൊള്ളാവുന്ന വൃത്തിയുള്ള ഒരു മരസ്സാമാനവും എല്ലാം ഒടിഞ്ഞതാണ്; കീറിപ്പറിഞ്ഞു പിന്നിയതും. എല്ലാ ത്തിലും കനത്തിൽ പൊടിപറ്റിയിട്ടുണ്ട്; സർവ്വതും കശപിശയായിക്കിടക്കുന്നു. ഇരിപ്പുമുറിയിൽ ഒരു പഴഞ്ചൻ മട്ടിലുള്ള മേശയുണ്ട്; ഒരെണ്ണത്തുണി വിരിപ്പ് അതിന്മേൽ. കൈയെഴുത്തു പ്രതികൾ, പുസ്തകങ്ങൾ, വൃത്താന്തപത്രങ്ങൾ, കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങൾ, ജെന്നി മാർക്സിന്റെ തുന്നൽക്കൂടയിൽ നിന്നുള്ള തുമ്പും വാലും, പിടി പൊട്ടിയ കോപ്പകൾ, വൃത്തികെട്ട കരണ്ടികൾ, കത്തികൾ, മുള്ളുകൾ, വിളക്കുകൾ, മഷിക്കുപ്പി, കളിമൺപൈപ്പുകൾ, പുകയിലച്ചാരം - എല്ലാം കൂമ്പാരമായി അതേ മേശമേൽ.

നിങ്ങൾ മാർക്സിന്റെ മുറിയിലേക്കു കടക്കുമ്പോൾ, പുകയും പുകയില നാറ്റവും നിങ്ങളുടെ കണ്ണിൽ വെള്ളം നിറയ്ക്കും. ആദ്യ നിമിഷത്തിൽ, ഒരു ഗുഹയിൽ നിങ്ങൾ തപ്പിത്തടയുകയാണെന്നനുഭവപ്പെടും. പതുക്കെ ചില വസ്തുക്കൾ മങ്ങിയ മട്ടിൽ നിങ്ങളുടെ കണ്ണിൽപ്പെടുന്നതുവരെ . എല്ലാം പൊടി പുരണ്ടതാണ്, വെടിപ്പറ്റതാണ്. അവിടെയിരിക്കുക എന്നത് ആപൽക്കരമായ ഒരേർപ്പാടാണ്. ഇതാ ഒരു കസേര, മൂന്നു കാലേ ഉള്ളൂ: അതാ മറ്റൊന്ന്, മുഴുവനുമുണ്ട്. അതിന്റെ മുകളിൽ കുട്ടികൾ ' വെച്ചു കളി 'ക്കുകയാണ്. അതാണ് ആതിഥേയനിരിപ്പാനുള്ളത്. കുട്ടികളുടെ വെപ്പു പണ്ടങ്ങൾ മാറ്റിയിട്ടില്ല. നിങ്ങളതിന്മേലിരുന്നാൽ ഒരു കൂട്ടുകാലുറ പോയതു തന്നെ ! മാർക്സിനേയും പത്നിയേയും ഇവയൊന്നും ലവലേശം വേവലാതിപ്പെടുത്തുന്നില്ല..........."(എം.ഗോവിന്ദൻ)

ഗോവിന്ദന്റെ സ്വാതന്ത്ര്യ - മാനവികസങ്കല്പം വിശാലമായ അർത്ഥത്തോടുകൂടി മനസ്സിലാക്കിയില്ലെങ്കിൽ അതൊരിക്കലും ശരിയായി വഴിയിലെത്തുകയില്ല. അതിന്റെ വഴി തനതു മലയാളമാകുന്നു. വാക്കുകളിൽ തെളിയുന്ന ജീവിതത്തിന്റെ സ്വാതന്ത്ര്യാവസ്ഥ കവിതയായി പരിണമിക്കുകയാണ്. ചിലപ്പോഴൊക്കെ വെളിപാട് പോലെയാണ് ഗോവിന്ദന്റെ ചിന്തകൾ. ഗോവിന്ദൻ വിലയിരുത്തപ്പെടാനിരിക്കുന്നതേയുള്ളു. ഒരേ സമയം അടിത്തട്ടും ( വേര് ) കലാസൗന്ദര്യവും കാണുന്നതാണാ മനസ്സ്. അതാകട്ടെ ദ്രഷ്ടും സ്വാതന്ത്ര്യവും അധികാര ഉപേക്ഷയും അറിയിച്ചു" എല്ലാ കിരീടങ്ങൾക്കുമെതിരെ കലയുടെ കിരീടം ചൂടിയ മനുഷ്യത്വത്തിന്റെ വിളംബരമാകുന്നു".

" നമ്മോടും നമ്മുടെ ജീവിതത്തോടും അതുമായി ബന്ധപ്പെട്ട എല്ലാറ്റിനോടും നമുക്ക് ഉത്തരവാദിത്വമില്ലെങ്കിൽ നമുക്കൊരു ജീവിതം തന്നെയുണ്ടോ!" ഇതാണ് പന്തിരുകുലം കഥയും, പാക്കനാരും, കൂടിയാട്ടത്തിന്റെ കഥയും സർപ്പവും നോക്കുകുത്തിയുമായി ഗോവിന്ദൻ നടത്തിയ കലഹം. അതിലൂടെ സ്ഥാപന നിരാസത്തിൽ നിന്ന് മാനവികതയിലേക്കുള്ള വെളിച്ചം നമ്മളിപ്പോൾ തിരിച്ചറിയുന്നു.

"എഴുത്തോ നിന്റെ കഴുത്തോ

ഏറെക്കൂറേതിനോട്?

എന്നു ചോദിച്ചൊരുവൻ

എന്നരികിൽ വരും മുമ്പെ,

എന്റെ ദൈവമേ

നീ ഉണ്മയെങ്കിൽ

എന്നെക്കെട്ടിയെടുത്തേയ്ക്ക്

നരകത്തിലെങ്കിലങ്ങോട്ട്. "

(എം.ഗോവിന്ദന്റെ വരികൾ )

എം.ഗോവിന്ദൻ കവിത എഴുതപ്പെട്ട സന്ദർഭം.

കാലവും കലയുമായുള്ള ബന്ധത്തിൽ നിന്ന് ഏറെ സ്പർശിച്ചവരെ തിരിച്ചറിയുക നന്ദി പറയലാകുന്നു. കസാൻ ത് സാക്കീസ് പറഞ്ഞതു പോലെ" ദുർബലമായ മനസ്സിന് വളരെക്കാലം ശരീരത്തെ ചെറുത്തു നില്ക്കാനുള്ള ശേഷിയില്ല. അത് വീർക്കുന്നു. ശരീരം മാത്രമാകുന്നു. മത്സരം അവസാനിക്കുന്നു. പക്ഷേ, ഉത്തരവാദിത്വമുള്ള മനുഷ്യരിൽ, ശരീരവും ആത്മാവും തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെടുന്നത് കാരുണ്യ രഹിതമായിട്ടാണ്, മരണം വരെയുമാണ്. "

തൊള്ളായിരത്ത് 87 കാലത്ത് ഡിസംബർ മാസം പ്രഭാതത്തിലെ തണുപ്പിൽ ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ നിന്ന് ഞാനും നാടകകൃത്ത് വി.കെ.പ്രഭാകരനും ഷൊർണ്ണൂർ റെയിൽവേസ്റ്റേഷനിൽ ഇറങ്ങി. ഗുരുവായൂർ ബസ്സിൽ കയറി കൂരടയിലെത്തി. കുറച്ച് ദിവസം വീട്ടിലുണ്ടാകുമെന്നും വന്നാൽ സംസാരിക്കാമെന്നും എം.ഗോവിന്ദൻ കത്തയച്ചത് പ്രകാരമായിരുന്നു യാത്ര. രാവിലെ തുടങ്ങിയ സംസാരം രാത്രി വരെ നീണ്ടു. അതിനിടയിൽ ചായ, ഉച്ചഭക്ഷണം എല്ലാം നടന്നു. ഗോവിന്ദന്റെ സാഹിത്യ ജീവിതം, സമകാലീന സാഹിത്യം, കിഴക്കൻ യൂറോപ്പ് യാത്രയിലെ അനുഭവങ്ങൾ, റാഡിക്കൽ ഹ്യൂമനിസം, എം.എൻ. റോയ്, പൊന്നാനി വിശേഷം എന്നിങ്ങനെ സാഹിത്യം കലർന്ന തത്വചിന്താ ഭാഷണം. എഴുതപ്പെടാതെ പോയ ആ സംഭാഷണം വർഷങ്ങൾക്ക് ശേഷം കവിതയായി രൂപപ്പെട്ടു. കവിത പ്രസിദ്ധീകരിച്ചത് പൊന്നാനി എന്ന തലക്കെട്ടിലാണ്. പുസ്തക രൂപം ആക്കിയപ്പോൾ അവതാരിക എഴുതിയ (കപ്പലില്ലാത്ത തുറമുഖം ) എം.എൻ.കാരശ്ശേരി മാഷുടെ നിർദ്ദേശപ്രകാരമാണ് ഗോവിന്ദൻ എന്ന തലക്കെട്ട് ചേർത്തത്.

ഇല്ലില്ല തീരുന്നില്ല

സംസാരത്തിന്റെ ചൂടുള്ള രാത്രികൾ.

ബീഡിക്കുറ്റി നിറയുന്ന മുറിയിൽ

ഗോത്ര വീര്യച്ചിരി നിറയുന്നു

വാക്കുകൾ തുരുതുരെ വീഴുന്നു

നേരിന്റെ വഴിയിൽത്തെളിയുന്നു

ഫല പ്രതീക്ഷയുടെ തേരുകൾ.

പൊന്നാനിപ്പാട്ടുമായ് ഉടുക്കുമുട്ടുമ്പോൾ

തെറിച്ചു വീണു കസേരപ്പാവകൾ

പാടവുംപാണനും തോഴരായ്

ക്ഷോഭക്കൊടുങ്കാറ്റിലേകാകിയായ് ഗോവിന്ദൻ.

എൺപതുകൾ മുതൽ തൊണ്ണൂറ് വരെ ഇത്തരം കവിതകൾ പ്രോത്സാഹിപ്പിക്കുന്ന നിരവധി കൊച്ചു മാസികകൾ മലയാളത്തിലുണ്ടായിരുന്നു. ആഗോളവൽക്കരണ പ്രളയത്തിൽ മറ്റ് പലതും പോലെ അത്തരം മാസികകളും നിലച്ചു. എങ്കിലും ഗോവിന്ദന്റെ വാക്കുകൾ ഇപ്പോഴും പ്രസക്തം .

" പാണ്ഡിത്യം തുളുമ്പി നില്ക്കുന്ന മാസികകളിൽ നിന്നും വേർതിരിച്ചു കാണപ്പെടേണ്ടവയാണ് കൊച്ചു മാസികകൾ. പുത്തൻ പരീക്ഷണങ്ങൾക്കും വരും കാല ആശയഗതികൾക്കും ബീജാവാപം ചെയ്യുന്നതിലും പ്രാധാന്യം കല്പിക്കുന്ന എഴുത്തുകാരുടെ സംഭാവനകളാണ് ഇത്തരം മാസികകളിൽ കൂടുതൽ കാണപ്പെടുന്നത്........ ഒരു ബഹുജനറാലിയെയല്ല ഒരു ചെറു സുഹൃത് സംഘത്തെയാണ് ഏതൊരു കൊച്ചു മാസികയും അഭിസംബോധന ചെയ്യുന്നത്. ആൾക്കൂട്ടത്തോട് ഈ മാസികകൾക്കൊന്നും തന്നെ പറയാനാവുന്നില്ല. ധിഷണാശക്തിയും വകതിരിവും വിവേകവുമുള്ള കുറച്ചുപേർ മുൻ വിധിയോടു കൂടിയല്ലാതെ ആശയങ്ങളും വിചിന്തനങ്ങളും ഉൾക്കൊള്ളാനും പരസ്പരം കൈമാറാനും തയ്യാറുള്ളവർ; ഒന്നിലും കണ്ണടച്ചു വിശ്വസിക്കാൻ മടിക്കുന്നവർ എന്നൊക്കെ വേണമെങ്കിൽ ഈ സുഹൃത് സംഘത്തെ വിശേഷിപ്പിക്കാം. "

അറിവിനും അറിയലി നുമിടക്ക് എത്രയെത്ര പാലങ്ങൾ. വിശദീകരിക്കാനാവാത്ത സാംസ്കാരിക ഗോപുരങ്ങൾ. സമൂഹ മനസ്സിന്റെ കുരിശാരോഹണങ്ങൾ. സ്വയം ഏറ്റുപറയുന്നു. വെളിച്ചത്തിനെന്തു വെളിച്ചം .

◼️

സത്യൻ മാടാക്കര

സത്യൻ മാടാക്കര

Share this post

Reviews

No reviews yet