അപ്പുണ്ണ്യാരുടെ പ്രണയങ്ങൾ-PART 1
17 September 2026 | Story

റോഡിൻ്റെ വലതുവശത്ത്, റെസിഡൻസ് ഏരിയയിലേക്ക് ഇറങ്ങിന്നിടത്ത് ആ ഫ്ലക്സ് കണ്ട് ഡ്രൈവർ കാർ ബ്രേക്കിട്ട് പിറകിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

“സാർ ദേ ഫ്ലക്സ്, ഇവിടന്ന് വലത്തോട്ടിറങ്ങി നാലഞ്ച് കിലോമീറ്റർ ഉള്ളിലേക്ക് പോകണമെന്നാ പ്രൊഡക്ഷൻ കൺട്രോളർ എൽദോ പറഞ്ഞത് ”
“അറിയാം.പാടത്തിൻ്റെ കരയിലെ ഒരു എട്ടുകെട്ട് ബംഗ്ലാവിലാ പുള്ളി താമസിച്ചിരുന്നത്.ഒരിക്കൽ ഞാൻ അവിടെ പോയിട്ടുണ്ട്.“
ആഡംബരക്കാറിൻ്റെ ചില്ല് പതിയെ താണു.വഴിവക്കിൽ കൂടിനിന്ന ചിലർ കാറിനകത്തെ ആളെ കണ്ട് ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു.
“ സൂപ്പർസ്റ്റാർ ജയകുമാർ“
ജയകുമാറിൻ്റെ കണ്ണുകൾ ഫ്ലക്സിൽ പതിഞ്ഞു.
“സിനിമാനടനും നിർമ്മാതാവും സംവിധായകനുമായ അപ്പുണ്ണ്യേട്ടന് വിട”
വെള്ളജുബ്ബയും കാവിമുണ്ടും ധരിച്ച ഒരു വൃദ്ധൻ കാറിനടുത്തേക്ക് വന്ന് തൊണ്ണൂറുകളിലെ മലയാളസിനിമകളിലെ വള്ളുവനാടൻ ശൈലിയിൽ ചോദിച്ചു;
‘’ജേ കേ സാറെ അപ്പുണ്ണ്യാരെ കാണാനാച്ചാ, ഞാനും അതുവരെ പോന്നോട്ടെ?’”
ജയകുമാർ ആളെ തിരിച്ചറിഞ്ഞു.അയാൾ മന്ത്രിച്ചു.
“എൺപതുതൊണ്ണുറുകളിലെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത് പി കെ പ്ലാച്ചോട്!” തൻ്റെ തുടക്കം പി കെ പിയുടെ സിനിമകളിലൂടെയായിരുന്നല്ലൊ! ഒരുപാട് കാലമായി കണ്ടിട്ട്.ജയകുമാറിൻ്റെ ഉള്ളിലെ മനുഷ്യൻ തൻ്റെ ഗുരുവിനോടുള്ള സ്‌നേഹവും ബഹുമാനവും സ്മരണയും പ്രകടിപ്പിക്കാൻ വെമ്പി പുറത്തേക്ക് ചാടാൻ തുടങ്ങി; എന്നാൽ ഒരു നിമിഷം അയാളിലെ സൂപ്പർ സ്റ്റാർ ജേകെ ഉണർന്ന് പ്രവർത്തിച്ചു.സ്‌മരണാപ്രകടനങ്ങൾ അപത്താണ് എന്ന് അലാറം മുഴകി. ജയകുമാർ അതൊന്നും ഓർക്കാതെ സ്മരിച്ചെങ്കിലും ഉള്ളിലെ സ്മരണയുടെ വിധേയഭാവം മുഖത്ത് പ്രകടമാവാതിരിക്കാൻ അയാൾ മാക്സിമം ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു.ഉയരത്തിൽ നിൽക്കുന്നവന് സ്മരണകൾ ഉള്ളിലുണ്ടാവാനെ പാടൂ; പുറത്ത് കാണിച്ചാ അന്നുമുതൽ തുടങ്ങും അയാളുടെ പതനത്തിലേക്കുള്ള തിരിച്ചിറക്കം.അത് ചരിത്രത്തിൽ നിന്നും അയാൾ പഠിച്ചതാണ്.കാരണം ഉയരത്തിലേക്കുള്ള പടികൾ അപ്ഡേഷനോടൊപ്പമാണ്. അടിസ്ഥാനത്തിൽ നിന്നുള്ള ആദ്യപടികൾ മിക്കപ്പോഴും ചവിട്ടുകളേറ്റ് തറഞ്ഞുറച്ചതാവും. അങ്ങനെയാവുമ്പോൾ അവരോടൊത്ത് സഹകരിക്കുന്നത് ആത്മഹത്യ തുല്യമാണ്. സ്മരണകൾ കാണിച്ചാലോ സഹകരിക്കാതിരിക്കാനാവുമോ?.പറ്റിലെന്ന് പറഞ്ഞാൽ പിന്നെ അഭിനവ സോഷ്യൻ മീഡിയ മാപ്രകൾ എടുത്തിട്ട് എയറിലാക്കും.”നദിയില്ലാത്ത സൂപ്പർ സ്റ്റാർ…സ്മരണ വേണമെടാ സ്മരണ…”എന്നൊക്കെയുള്ള തമ്പ്നൈയിൽസാവും സോഷ്യൽ മീഡിയ നിറച്ച് അവയെല്ലാം ഒഴിവാക്കാൻ നല്ലത് സ്മരണകൾ ഉള്ളിലൊതുക്കുയാണ്.പി എസ് സി പരീക്ഷയെഴുതി ജോലിക്ക് കയറിയ സർക്കാർ ഉദ്യോഗസ്ഥർ ആരെങ്കിലും ജോലി ലഭിച്ചത് പി എസ് സി വഴിയാന്ന് വച്ച് സ്മരണ കാണിക്കുന്നതായി അറിവുണ്ടോ!!?.ഒരു നിമിഷം സൂപ്പർ സ്റ്റാറിൻ്റെ മനസ്സാവുന്ന പടക്കളത്തിൽ സ്മരണയുടെയും വിസ്മരണയുടെയും അനാവശ്യമായ ഇറാൻ - യു എസ് യുദ്ധം നടന്നു. ലോകകൈ കോമാളിയായ ഒരു ഭരണാധികാരിയുടെ ഇളിഞ്ഞ മൊന്തയായി തൻ്റെ മുഖം മാറുന്നതറിഞ്ഞ് സൂപ്പർ സ്റ്റാർ അതിനെ വെപ്രാളപ്പെട്ട് മായ്ച്ചുകളഞ്ഞു.
പ്രസാദ് പ്രൊഡക്ഷൻയൂണിറ്റിലെ കുക്ക് ദേവേട്ടനാണ് അന്ന് പികെപിക്ക് തന്നെ പരിച്ചയപ്പെടുത്തുന്നത്.പരിച്ചയപ്പെടുത്തുന്നത് എന്ന് പറയുന്നതിനേക്കാൾ തിരക്കഥ എഴുതാനിരിക്കുമ്പോൾ മദ്യവും സിഗരറ്റും കട്ടൻചായയുമെല്ലാം എത്തിച്ചു കൊടുക്കാനുള്ള ഒരു ബോയ് ആയി തന്നെ നിർത്തിയത് എന്നതാണ് ശരി.ഇരുപതാം വയസ്സിൽ അഭിനയപ്രാന്ത് തലക്ക് പിടിച്ച് മറ്റെല്ലാ മുൻഗാമികളടെ പിൻഗാമിയായി മദ്രാസിലേക്ക് കള്ളവണ്ടി കയറിയ തനിക്ക് സിനിമലോകത്തെ ആദ്യത്തെ പരിച്ചയക്കാരൻ കൊല്ലങ്കോട്ടുക്കാരൻ ദേവേട്ടനായിരുന്നു. ആള് അന്നത്തെ മെഗാ ഹിറ്റ് സംവിധായകൻ പിസിയുടെ ബന്ധുവായിരുന്നു.സംവിധാനം പഠിക്കാൻ വന്ന പുള്ളി,എന്തോ ചെറിയ പിണക്കത്തിൻ്റെ പേരിൽ പിസിയുമായി തെറ്റിപ്പിരിഞ്ഞ് പ്രസാദിൽ പ്രൊഡക്ഷൻ യൂണിറ്റിൽ കയറി.പാചകം കുലതൊഴിലായ വർഗ്ഗത്തിന് പിന്നെ വേറൊന്നും ചിന്തിക്കേണ്ടി വന്നില്ല.ഇന്ന് ചലച്ചിത്ര മേഖലയിലെ പ്രശസ്തർക്കെല്ലാം പ്രിയം ദേവേട്ടൻ്റെ പ്രൊഡക്ഷൻ ഫുഡ് കാരിയറാണ്.ദേവേട്ടൻ്റെ ഭാര്യ ജൂനിയർ ആർട്ടിസ്റ്റായിരുന്ന തെല്ലുങ്കത്തി ജയദീപയാണ്.പിസിയുടെ അമ്പതാം സിനിമയുടെ ലൊക്കേഷനിൽ നിന്നായിരുന്നെത്രെ ഇരുവരും പരിച്ചയപ്പെടുന്നത്.അത് തന്നെയായിരിക്കണം പിസിയുമായി പിരിയാനുണ്ടായ കാരണവുമെന്ന് കരുതുന്നു.
കോടബാക്കത്തെ ഒരു പിടികത്തിണ്ണയിൽ താൻ പനിപിടിച്ച് ബോധമറ്റ് കിടന്ന ഒരു ദിവസമാണ് ദേവേട്ടൻ തന്നെ കാണുന്നതും തൻ്റെ ഇരുമുറി വാടക വീട്ടിലേക്ക് കൊണ്ടുപോയതും. മൂന്നാല് ദിവസമെടുത്തു തനിക്ക് ഒന്ന് മിണ്ടാനാവാൻ. അന്ന് ജയദീപാക്ക തനിക്ക് കോരി തന്ന ചൂട് കഞ്ഞിയും പപ്പടം ചുട്ടതും പിന്നെ ഇഞ്ചിയും പുതിനയും പൂണ്ടും കുരുമുളകും ചേർത്തരച്ച സ്പെഷ്യൽ മരുന്ന് ചമ്മന്തിയും കഴിച്ചിറക്കിയപ്പോൾ തന്നെ പാതി ജീവൻ തിരിച്ചു കിട്ടി. ആ ദിനം ഓർത്തപ്പോൾ തന്നെ അയാൾക്ക് ഒരു തളർച്ച അനുഭവപ്പെട്ടു.സ്‌മരണകൾ പലപ്പോഴും സ്മരിക്കുന്നവരെ തളർത്തി കളയും.ഉത്തേജിപ്പിക്കുന്ന സ്മരണകൾ മാത്രമേ സ്മരിക്കാവൂ.പനി മാറി ഒരാഴ്ച കഴിഞ്ഞ ദിവസമാണ് ദേവേട്ടൻ തന്നെയും കൂട്ടി പി കെ പിയുടെ മുറിയിലേക്ക് കൊണ്ടുപോയതും തന്നെ അയാളുടെ കൂടെ നിർത്തിയതും.തിരിച്ചുപോവും മുമ്പ് ദേ വേട്ടൻ പറഞ്ഞ വാക്കുകൾ അന്നും ഇന്നും കാതിൽ മുഴങ്ങി കൊണ്ടിരിക്കുന്നു.
“എട ചെക്കാ, നീ മര്യാദയ്ക്ക് മൂപ്പരിൻ്റെ കൂടെ നില്ല്’; തരം കിട്ടുമ്പോ നിൻ്റെ മോഹം പറ; എന്തെങ്കിലും വേഷം മൂപ്പര് വിചാരിച്ച തരാക്കി തരും.ഒര് തിരക്കഥാകൃത്തിനാണ്ടാ വേഷമുണ്ടാക്കാനും ഇല്ലാതാക്കാനും പഞ്ഞം? ഞാനല്ലെ പറയണത്“
ദേവേട്ടൻ്റെ വാക്കിൽ തനിക്ക് വിശ്വാസം വന്നില്ല. അച്ഛൻ പറഞ്ഞാൽ പോലും സിഗരറ്റ് വാങ്ങാൻ പോവാത്ത താൻ ഏതോ ഒരാൾക്ക് സിഗരറ്റും മദ്യവും ശാപ്പാടും എത്തിക്കാനുള്ള ഒരു എടുപിടിയായി നിന്നാൽ എങ്ങനെ എനിക്ക് സിനിമ നടനാവാൻ പറ്റും? അതായിരുന്നു തൻ്റെ ഉള്ളിലുണ്ടായിരുന്ന ആശങ്ക.അത് അസ്ഥാനത്താണെന്ന് ആറു മാസം കൊണ്ട് ബോദ്ധ്യമായി. പി കെ പി എന്ന തനി പാലക്കാടൻ മനസ്സലിഞ്ഞ് തനിക്കൊരു വേഷം തന്നു. തനിക്ക് വേണ്ടി മാത്രം എഴുതിയതായിരുന്നത്.ദേവേട്ടൻ തന്നെയാണ് അതിന് കാരണക്കാരനായതും. തിറ കെട്ടിയാടുന്ന പയ്യനായിട്ടായിരുന്നു ആ കഥാപാത്രം. താൻ തകർത്തു ചെയ്തു എന്ന് പി കെ പി തൻ്റെ തോളിൽ തട്ടി അഭിനന്ദിച്ച നിമിഷം കണ്ണിരോടെ കാൽക്കൽ വീണു.“വെള്ളത്തിര നിറഞ്ഞുനിൽക്കട്ടെ എൻ്റെ തിറക്കാരൻ” എന്ന് അനുഗ്രഹിച്ചു.പൂതനും തിറയും എന്ന ആ ചിത്രത്തിൻ്റെ രചനയ്ക്ക് പി കെ പി .യെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശിയഅവർഡിനായി പരിഗണിച്ച് ആ വർഷം ഇഞ്ചോടിഞ്ച് മൽസരിച്ച് രണ്ടാം സ്ഥാനത്ത് വന്നു. പിന്നെയും പുള്ളിയുടെ രണ്ടു പടത്തിൽ കൂടി താൻ അഭിനയിച്ചു.എല്ലാം സമാന്തര അവാർഡ് സിനിമകൾ ആയതുകൊണ്ട് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.അച്ഛൻ മരിച്ചതറിയിച്ച് ടെലിഗ്രാം കിട്ടി നാട്ടിലേക്ക് വരാനായി റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് ദേവേട്ടനെ മൂന്ന് വർഷത്തിന് ശേഷം കണ്ടത്. പട്ടിണിയുടെ പ്രഹരമേറ്റ് തോലൊട്ടിയ തന്നെ കണ്ട് ദേവേട്ടൻ്റെ കണ്ണുകൾ നിറഞ്ഞത് താൻ കാണാത്തവണ്ണം നിന്നു. താനും ഉള്ളിൽ സങ്കടകടലിൽപ്പെട്ട് ഉഴലുകയായിരുന്നു.അച്ഛന് അഞ്ചുമക്കളിൽ മൂന്നാമനായ തന്നോട് പ്രത്യേക സ്നേഹമുണ്ടായിരുന്നു.കരായാൻ മനസ്സില്ലാത്തത് കൊണ്ട് താൻ കരഞ്ഞില്ല. അപ്പോഴെക്കും ഉള്ളിൽ കരയുമ്പോഴും പുറത്ത് ചിരിക്കാനും പുറത്ത് ചിരിക്കുമ്പോഴും ഉള്ളിൽ കരയാനും താൻ പഠിച്ചിരുന്നു.വർഷം ഇരുപത്തിയഞ്ച് കഴിഞ്ഞിരിക്കുന്നു.നിമിഷങ്ങൾ കൊണ്ട് മനസ്സ് ഓർമ്മകളിലേക്ക് പോയെങ്കിലും സ്മരണയും കടപ്പാടിൻ്റെ പ്രകടനവുമെല്ലാം അനാവശ്യമായ ബാധ്യതകൾ വിളിച്ചു വരുത്തും എന്നയാൾ വിശ്വസിച്ചിരുന്നതിനാൽ വികാരങ്ങൾ ഉള്ളിലൊതുകി.എല്ലാം മനസ്സിൽ ഉണ്ടായാൽ മതിയല്ലൊ ; ദൈവത്തിനെ ധിക്കരിക്കുന്നില്ല.
“കയറു “ സൂപ്പർസ്റ്റാർ ഹൃദ്യമായ ഘനഗംഭീരസ്വരത്തിൽ പറഞ്ഞു.
പി കെ പാലച്ചോട് മുൻസീറ്റിൽ കയറി.
അയാൾ ആരോടെന്നില്ലാതെ ഫ്ലക്സിലെ അപ്പുണ്ണ്യാരുടെ ഫോട്ടോ നോക്കി പറഞ്ഞു.
“ശരിക്കും ഭാഗ്യവാനാ;വികാരങ്ങളെ വിറ്റ് വില വാങ്ങിയവൻ”
“പികെപിടെ ആത്മസുഹൃത്തായിരുന്നില്ലെ പുള്ളി ?” സൂപ്പർ സ്റ്റാർ ചോദിച്ചു.
ആത്മസുഹൃത്ത് എന്ന് മാത്രം പറഞ്ഞാ പോരാ…അതിലുമപ്പുറം; ഞങ്ങളിരുവരും വിവാഹം കഴിക്കാത്തവരായിരുന്നതിനാൽ ഭാര്യഭർത്താക്കമാരാണെന്നുവരെ കളിയാക്കി പറയുമായിരുന്നു സെറ്റിൽ പലരും. ഇക്കാലത്താണെങ്കിൽ ഗെയ്സാന്ന് പറഞ്ഞ് ട്രോളോട് ട്രോളായെനെ “ ചെറിയ ചിരിയോടെ പി കെ പി പറഞ്ഞു.
“അല്ല നിങ്ങൾ രണ്ടുമെന്താ വിവാഹം കഴിക്കാതിരുന്നത്?” വേറെ ചോദ്യങ്ങളൊന്നും ഇല്ലാത്താതുകൊണ്ടും മിണ്ടാതിരുന്നാൽ ആ സമയം അയാൾ മനസ്സിൽ വല്ല പ്രാക്കും പ്രാകിയാലോ എന്ന ചിന്തയിലാണ് സൂപ്പർ സ്റ്റാർ സംസാരിക്കാൻ തീരുമാനിച്ചത്. തനിക്ക് വഴികാട്ടിയായ അയാൾ പ്രാകിയാൽ അതേൽക്കുക തന്നെ ചെയ്യും.നാവേറും കണ്ണേറും മന:പ്രാക്കുമൊന്നും ഏൽക്കാതിരിക്കാൻ ജോത്യഷി നാരയാണഭട്ടത്തിരി അയാൾക്ക് പറഞ്ഞുകൊടുത്ത ഉപായമായിരുന്നു കാണുന്നവരോട് പ്രത്യേകിച്ച് ഉള്ളിൽ നമുക്ക് കടപ്പാടുകൾ ഉള്ളവർ കൂടെയുണ്ടാവുമ്പോൾ നിശ്ശബ്ദരാവാതിരിക്കാൻ നോക്കണം. നമ്മുടെ സാന്നിധ്യത്തിൽ അവർ നിശ്ശബ്തരായാൽ അവർ ചിന്തിക്കുക നമ്മുടെ കഴിഞ്ഞ കാലത്തെക്കുറിച്ചായിരിക്കും.അത് നമ്മൾ നല്ല സ്ഥിതിയിലാണെങ്കിൽ നമ്മളെപ്പറ്റി അസുയയോടെയാവും ചിന്തിക്കുക. അയാളുടെ നിരാശ നമ്മളിൽ നെഗ്ഗറ്റീവ് ഇംപാക്ടാണ് ഉണ്ടാക്കുക.അതിനാൽ ഏതെങ്കിലുമൊക്കെ സംസാരിക്കുക.അടുപ്പം കാണിച്ച് സംസാരിച്ചാൽ പിന്നെ നമ്മളെക്കുറിച്ച് നെഗറ്റീവ് ചിന്തയ്ക്ക് സമയം കിട്ടില്ലല്ലൊ അഥവാ ചിന്തിക്കുകയാണെങ്കിൽ പോസ്റ്റീവ് ചിന്തയല്ലെ വരൂ. അഹങ്കാരമില്ലാത്ത എന്ത് നല്ല മനുഷ്യൻ എന്നല്ലെ ചിന്തിക്കേം പറയേം ചെയ്യു.എന്നിട്ടും നെഗറ്റീവ് പറയുകയോ ചിന്തിക്കുകയോ ചെയ്യുകയാണെങ്കിൽ അത് ഏൽക്കാതിരിക്കാനല്ലെ ഈ ജപിച്ച ചരടും കരിങ്ങാലിമാലയുമെല്ലാം കഴുത്തിലിട്ടിരിക്കുന്നത്.അയാൾ അറിയാതെ കഴുത്തിലെ മാലയിലും അതിൽ ചുറ്റിയ ചരടിലും തൊട്ടു.ഒരു ബട്ടൺ അഴിച്ച് ഷർട്ടിന് അകത്ത് കിടന്നിരുന്ന സ്വർണ്ണത്തിൽ കെട്ടിയ കരിങ്ങാലിമാലയെടുത്ത് കവച്ചുമായി പുറത്ത് കാണും വിധമിട്ടു.

എസ് കെ വില്വൻ