logo

ബിയ്യുത്ത

16 September 2026 | Story

ബിയ്യുത്ത

മാജിദ കെ ◾ ചെറിയകഥ

പുലർച്ചെ ബാങ്ക് വിളി കേട്ടുകൊണ്ടാണ് കൈതമുക്ക് വീട്ടിലെ ബീയ്യുത്ത ഉണരുന്നുത്. എണീറ്റ് വുദു എടുത്ത് നിസ്‌കരിച്ച് കഴിഞ്ഞാൽ ബിയ്യുത്തക്ക് ആദ്യം കണ്ണാടി കാണണം.

കേട്ടറിവ് വെച്ച് ബിയ്യുത്തക്ക് വയസ്സെൺമ്പതിനടുത്തോ അതിൽ കൂടുതലോ ആയിക്കാണണം. മുഖത്തെ ചുളിവുകൾ അത് നല്ലോണം പറയുന്നുമുണ്ട്.എന്ന് കരുതി കണ്ണിനോ കാതിനോ എന്തെങ്കിലും ഒരു കുറവ്, അങ്ങനെ ഒരു കുറവുള്ളതായി തോന്നിയിട്ടേയില്ല.

 "ആകെ ചെട കുത്തിക്കുണു, ഈ മുട്യെക്കൊന്ന് ചീക്യൊത്ക്കണം,"അതും പറഞ്ഞ് നിസ്കാര കുപ്പായത്തിൽ നിന്നും ഇറങ്ങിവരുന്ന ബീയ്യുത്ത ഊന്നുവടിയിൽ മയ്ന്നനെ കണ്ണാടിക്ക് മുൻപിൽ ചെന്നു നിൽക്കും. മിസ്‌റിലെ രാജന്റെ ആരംഭസൗജത്ത് അറിയാതെ മൂളിപ്പോകുമപ്പോൾ.

 നരച്ചു വെളുവെളേന്നുള്ള മുടിയിലൂടെ വിരലുകൾ ഓടിക്കും. പാതിമുക്കാലും അത് കൊഴിഞ്ഞുപോയിരിക്കുന്നു. ബിയ്യുത്തക്ക് അതിൽ ചെറിയ മനഃപ്രയാസമൊക്കെ ഉണ്ടെങ്കിലും ഉള്ളത് ഒതുക്കിക്കെട്ടി വെക്കണം.

മരുമകൾ റസിയ അലക്കിയടുക്കി വെച്ചിട്ടുള്ള കാച്ചിത്തുണി ചുമർ പെട്ടിയിലുണ്ട്. അതിൽ അവരുടെ വസ്ത്രങ്ങൾ മാത്രമേ വയ്ക്കാറുള്ളൂ എന്നതുകൊണ്ട്, തെരയേണ്ട ആവശ്യമൊന്നും വരുന്നില്ല.കൂട്ടത്തിൽ നിന്നും ഒരു തുണിയെടുത്ത് ലൈറ്റിന് നേരെ പിടിച്ച് അതിൽ വല്ല മാച്ചും മറ്റും ഉണ്ടോന്നൊക്ക നോക്ക് അരയ്ക്ക് പിടിച്ച് ഒതുക്കത്തിലൊരു കുത്ത്കുത്തും.

 കോന്തല നീളത്തിലിടും. കാലിക്കോന്തല വെറുതെയങ്ങനെ ഇടുന്നതും ബിയ്യുത്തക്ക് ഇഷ്ടമുള്ള കാര്യമല്ല. ഒരിരുപതുറുപ്പിക നോട്ടെങ്കിലും അതിലുണ്ടാവണം. ചിലപ്പോൾ കുറച്ച് ചില്ലറ പൈസയും കാണും. മുറുക്ക് ശീലമുള്ളതുകൊണ്ട് വെറ്റിലയടക്ക നൂറിന്റെ പൊതിയും കൂട്ടത്തിൽ കോന്തലയിൽ തന്നെ കെട്ടിവെച്ചിക്കും.

  കാച്ചിത്തുണിക്ക് ചേരുന്ന പെങ്കുപ്പായം തന്നെ വേണമെന്നത് ബിയ്യുത്തക്ക് നിർബന്ധമുള്ള കാര്യമാണ്. കുപ്പായത്തിന്റെ കാര്യത്തിൽ മാത്രമല്ല, മോമക്കനയും തുണിക്കരക്ക് ചേരുന്നതാവണം.

   ഉടുത്തൊരുങ്ങി കഴിഞ്ഞാൽ പിന്നെയുമുണ്ട് കൗമാരക്കാരിയുടെ കണ്ണാടിനോട്ടം. കണ്ണെടുക്കാതെ തന്നെതന്നെ അങ്ങനെ നോക്കി നിൽക്കും ഏറെനേരം. അപ്പോൾ ചെറിയൊരു നാണമൊക്കെ അവരുടെ മുഖത്ത് വിടരും.

    റസിയ കൊണ്ടുകൊടുത്ത ചായ കുടിച്ചുള്ള ഇരിപ്പാണ്. നേരമൊന്ന് പെരപെരാന്ന് വെളുത്ത് കിട്ടണം. എന്നിട്ടൊരു ഇറക്കമുണ്ട് ബീയ്യുത്തക്ക്.

അയലോക്കവീടുകളിലെ വിശേഷങ്ങൾറിയണം. ഊന്നുവടിക്ക് കേറാൻ പറ്റുന്നിടത്തൊക്കെ കേറും. ഇല്ലെങ്കിൽ അന്നത്തെ ദിവസം അവർക്കൊരു സുഖം കിട്ടില്ല .

    ആദ്യ സന്ദർശനം . കുഞ്ഞാമുവിന്റെ വീടാവും. സമപ്രായക്കാരാണ്. പഴയകാല ബിസായങ്ങളൊക്കെ പറയുന്നതിനിടയിൽ രണ്ടാളും നന്നായൊന്ന് മുറുക്കും. മുറുക്ക് കഴിഞ്ഞ് മുറ്റത്തേക്കിറങ്ങി നീട്ടിയൊരു തുപ്പും തുപ്പി ബിയ്യുത്ത മെല്ലെ തൻറെ വടിയുടെ താങ്ങിൽ നടന്നുനീങ്ങും.

   അടുത്തത് സൈനമ്മൂൻറെ വീടാണ്,"എടീ, കേട്ടോ നീയ്യ്..." എന്ന് തുടങ്ങുന്ന വർത്തമാനങ്ങൾ ഒരു വീട്ടിൽ നിന്ന് അടുത്ത വീട്ടിലേക്ക് പടരും. ചിലർ അകത്തേക്ക് വിളിക്കാൻ മടിക്കും, "ദാ, മൂപ്പത്തിയാര് വര്‌ണൂന്നും പറഞ്ഞ് ചിരി തുടങ്ങും. ദിക്റും സ്വലാത്തും ചൊല്ലി അടങ്ങിയൊതുങ്ങിയിരിക്കേണ്ട പ്രായത്തിലും ഇതിങ്ങനെ എന്തിന് തെണ്ടുന്നു എന്ന് ചിലരൊക്കെ സ്വകാര്യമായി പറയും.

 ഭാഗ്യത്തിന് ബീയ്യുത്ത ഇതൊന്നും അറിയുന്നി.ഇനിയിപ്പോൾ ഇതൊക്കെ കേട്ടാൽ തന്നെയും ബീയ്യുത്ത അതൊക്കെ കാര്യമാക്കുമെന്ന് തോന്നുന്നുണ്ടോ!  ഇനി ഇതൊക്കെ കേട്ടെന്നിരിക്കട്ടെ, അടുത്ത നിമിഷം അവരത് മറന്നു പോയിരിക്കും.

 വൈകുന്നേരങ്ങളിൽ പക്ഷേ, കറക്കമൊന്നുമില്ല.  പേരക്കുട്ടികൾ സ്കൂൾ വിട്ട് വരുന്ന നേരം നോക്കി ബീയ്യത്ത ഉമ്മറത്തുണ്ടാവും. ആരുടെയെങ്കിലും പിറന്നാളിന് കിട്ടിയ മിഠായിയുമായിട്ടായിരിക്കും ചിലപ്പോൾ കുട്ടികൾ വരിക. അപ്പോൾ അവർ ഉമ്മാമയെ സമീപിക്കും. "ഉമ്മാമാ, ഇത്ങ്ങളെ കയ്യില് വെക്കീം." അവരത് വാങ്ങി തൻറെ കോന്തലയിൽ കെട്ടിവെക്കും, കുട്ടികളിൽ ആരെങ്കിലും മിഠായിക്ക് വേണ്ടി കരഞ്ഞ് വാശി പിടിക്കുമ്പോൾ,ബിയ്യുത്ത കോന്തലയഴിച്ച് അതിൽ നിന്നും ഒരെണ്ണമെടുത്ത് കരച്ചിലുകാരന് നേരെ നീട്ടും.

  "ഞമ്മക്കത് തിന്നണംന്നില്ല്യ, മക്കള് തിന്നണ കാണണം," അവർ പിറുപിറുക്കും, ചുളിവുകൾ വീണ മുഖത്തപ്പോൾ എന്തെന്നില്ലാത്ത ഒരാനന്ദം വിടരും.

 ഉമ്മാൻറെ കണ്ണാടിക്ക് മുമ്പിൽ ചെന്നുള്ള ചമയം ആദ്യമൊക്കെ കൗതുകമായിരുന്നു റസിയക്ക്. എന്നാൽ പിന്നീടത് ഉമ്മാൻറെ സൗന്ദര്യബോധത്തിന്റെ ഭാഗമായി വിട്ടുകളഞ്ഞിരുന്നു. എന്നാൽ ഈയ്യിടെ ഒരു സുബഹി നമസ്കാരം കഴിഞ്ഞ് ഉമ്മ കണ്ണാടിക്ക് മുൻപിൽ നിൽക്കുന്നത് കണ്ട റസിയ അതേ കൗതുകത്തോടെ ചോദിച്ചു;  “ഉമ്മാ ഇങ്ങക്ക് ഈ പ്രായത്തിലും ഇങ്ങനൊരുങ്ങി നടക്കാൻ എന്താത്ര ഇഷ്ടം”

   മരുമകളോട് എന്തു പറയണമെന്നറിയാതെ ബീയ്യുത്ത ഒരു നിമിഷം അങ്ങനെ അന്തിച്ച് നിന്നു. പിന്നെ പറഞ്ഞു."മോളേ, ഇന്റെ മാറിനും മോറിനും മാത്രേ പ്രായായിട്ടുള്ളു. പക്ഷേ ഈ മനസ്സിനോട് ആരും അത് പറഞ്ഞ് കൊടുത്തിട്ടില്ല്യ, അതിനിപ്പളും പയ്‌നാറാ”. കണ്ണാടീല് നോക്കുമ്പോ ഞമ്മക്ക് ആ പയ്‌നാറ്‌കാരിനെ കാണാം. അതോണ്ട് ഒരൂസം കൂടി ജീവിക്കാള്ള ഒരൂക്ക് കിട്ടും."

 റസിയക്ക് ഒന്നും പറയാൻ തോന്നിയില്ല. അവൾ ഉമ്മയുടെ കോന്തല വെറുതെ ഒന്ന് തൊട്ടു നോക്കി, പിന്നത് അഴിച്ചു. അതിൽ പണവും വെറ്റിലയും ഒപ്പം ഒന്നോ രണ്ടോ മിഠായിയും കണ്ടു. ഒരു ജീവിതം മുഴുവൻ അതിലുണ്ടെന്ന് അവൾക്ക് തോന്നി. പഴയ കൗമാരവും, ഇന്നത്തെ വാർദ്ധക്യവും, നാളത്തെ കുഞ്ഞുങ്ങളും ഒരുമിച്ച് കെട്ടിവെച്ചത് പോലെ.

◼️

മാജിദ കെ

മാജിദ കെ

Share this post

Reviews

No reviews yet