logo

കടൽ സമതലത്തിലെ ചങ്ങാത്തം

05 July 2026 | Literature

കടൽ സമതലത്തിലെ ചങ്ങാത്തം

കടൽ സമതലത്തിലെ ചങ്ങാത്തം, പ്രസാദങ്ങളുടെ വെളിച്ചം.

അദൃശ്യങ്ങളിലേക്ക് കൈ മലർത്തി വിജനതയിൽ പ്രാർത്ഥനയുമായി ചെങ്കുത്തായ കന്നുകൾ. കുന്നിനു മേലെ തൊട്ടുരുമ്മി നീല മേഘങ്ങളെ തോളിലിട്ടു ആകാശം. സമുദ്രത്തിലേക്ക് തുറന്നു വെച്ച കണ്ണുമായി താഴ് വരകളുടെ ആമന്ത്രണം. പ്രസാദ വെളിച്ചം അവനവൻകൈക്കൊള്ളേണ്ട മാനുഷികത ബോധ്യപ്പെടുത്തുന്നു. ബന്ധുത കൈമാറാൻ നിരവധി ചങ്ങാത്തങ്ങൾ. കലണ്ടറിലെ അക്കം, മാസം മറന്ന് ഒത്തുകൂടി ഉഷാറാകുന്ന നിരവധി സന്ദർഭങ്ങൾ. ചെറിയ മനുഷ്യരുടെ സൗഹൃദ സത്രം ഭൗതിക മോഹമില്ലാത്ത വാസസ്ഥലമാകുന്നു. നമ്മളവിടെ ആളലോടെ നീല വെളിച്ചം കാണുന്നു. പരിചയപ്പെട്ടവരിൽ നവബോധം എന്നും കഥയിൽ അന്വേഷിച്ചു നടന്ന ടി.വി. കൊച്ചുബാവയെ ഓർക്കാതെ വയ്യ. അദ്ദേഹത്തിന്റെ കഥകളിൽ യഥാർത്ഥ ജീവിതത്തിന്റെ ഫലിതത്തിൽ പൊതിഞ്ഞ മറുവശം പലതായി രൂപത്തിൽ, ഭാവത്തിൽ, പ്രമേയത്തിൽ മാറി മാറി വന്നു. " ഒന്നങ്ങനെ ഒന്നിങ്ങനെ, കച്ചവടത്തെരുവ്, ഗ്ലോബൽ വില്ലേജ്, ബംഗ്ലാവ്, ജലമാളിക, സ്നാനം, കാള, ഇറച്ചി" എന്നീ കഥകൾ ആസ്വാദനത്തിന്റെ നാനാർത്ഥങ്ങൾ പങ്കു വെച്ചു. കൊച്ചുബാവയുടെ എഴുത്തും ഉള്ളും വെളിപ്പെടുത്തുന്ന ഒരു ലേഖനം ഞാനിപ്പോഴും ഓർക്കുന്നു. "വാസ്തവികതയുടെ ഏണിപ്പുറത്തൂടെ കയറിനിന്നു നോക്കുമ്പോൾ കാണുന്നതെന്താണ്? സമാധാന ചർച്ച കഴിഞ്ഞ് സർവരും ഉറങ്ങുന്നതിനു മേലേക്ക് ബോംബുകളുമായി വിമാനങ്ങൾ. വംശീയ പോരാട്ടത്തിലേക്ക് ബലിയായി പിഞ്ചുമക്കളുടെ ചോര. വിഷത്തിലേക്ക് ചിരിച്ചു കൊണ്ടടുക്കുന്ന കുടുംബങ്ങൾ. പിതാവിനെ ഒളിഞ്ഞിരുന്നു കുത്തുന്ന മകൻ. നോ. നോ. നിങ്ങൾക്കുള്ളിൽ ഒരു മനുഷ്യനുണ്ട്. അവൻ തല വിറപ്പിക്കുന്നു. കണ്ടതൊക്കെ സ്വപ്ന സദൃശമായ അവാസ്തവികതകളെന്നും കഥകളെന്നും സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു."

(ട്രെയിൻ ഇരമ്പിക്കുതിച്ച് സ്റ്റേഷനിൽ വന്ന് നില്ക്കുന്നു). അവാസ്തവികതകളെ എങ്ങനെ കഥയാക്കാം എന്നറിയിക്കുന്ന ഒട്ടനവധി കഥകൾ ഈ പശ്ചാത്തലത്തിൽ നിന്ന് വായിക്കുമ്പോൾ തീ വരമ്പിൽ നിന്നുള്ള മനസ്സ് തുറക്കലാണെന്നറിയുന്നു.

കൊച്ചുബാവയുടെ പല കഥകളിലും നഗര സംസ്കാര ജീവിതം കൊണ്ടുവന്ന വഞ്ചന, ചതി, സ്വാർത്ഥത കൂട്ടിമുട്ടി നില്ക്കുമ്പോഴുള്ള ആന്തരിക സംഘർഷം ഉണ്ട്. തുറന്നു കാട്ടൽ കഥയുടെ ഒതുക്കം നിലനിർത്തിയാവുമ്പോൾ, ചാഞ്ചാട്ടക്കാരന്റെ വൈരുധ്യ വിടർത്തലാകുമോൾ ആ കൈയ്യൊതുക്കം ശ്രദ്ധ ക്ഷണിക്കുന്നു. അതാകട്ടെ ജീവിത പരിസരത്തോടുള്ള ഐറണിയായിത്തീരുന്നു. അതിൽ തെളിഞ്ഞ പ്രത്യയശാസ്ത്രമാകട്ടെ ആന്തരിക സംഘർഷത്തിൽ വേവുന്ന നമ്മുടെ കാലഘട്ടമാകുന്നു. കഥയിലെ കാര്യങ്ങൾ ഒരു നിലയും കാട്ടാത്തത്ര, ആക്ഷേപഹാസ്യത്തിന്റെ മൂലക്കല്ലാവട്ടെ മാനവികത. ഈ സർഗ്ഗാത്മകാക്രമണം ഇടയ്ക്ക് പരുഷമാവുന്നു, ഉത്തര ശേഷിപ്പുകളായി കരുത്തും ചൈതന്യവുമാർജ്ജിക്കുന്നു.

തന്റെ കാലത്തെ പ്രബലമായ കഥാഖ്യാനമാതൃകയിൽ നിന്നുകൊണ്ടു തന്നെ കഥയുടെ ആഖ്യാനത്തിൽ ടി.വി. കൊച്ചുബാവ നടത്തിയ മുന്നേറ്റം ഗ്ലോബൽ വായന അർഹിക്കുന്നു. ലൈംഗികതയുടെ മൃഗീയാധ:പതനം തുറന്നറിയിക്കുന്ന 'കാള' അങ്ങനെയേ വായിക്കാനാവു. കഥകൾ സ്വാഭാവികാനുഭവത്തിൽ നിന്ന് ഉരുത്തിരിയുമ്പോൾ തന്നെ ഗ്ലോബൽ അനുഭവം പങ്കിടുന്നു. പൂർവ്വ പാഠങ്ങളെ പാരഡി ചെയ്ത് ഉത്തരാധുനികതയുടെ ബലമായി മാറി.' എപ്പോഴെത്തുമോ എന്തോ ' എന്ന കഥയിൽ മരണമല്ല വീഡിയോക്കാർ എപ്പോഴെത്തുമെന്ന ഭീതി ഉപഹാസത്തിലൂടെ വിവർത്തനം ചെയ്യുമ്പോഴും മാറിയ കേരളീയത നമ്മളിലേക്ക് ഇരച്ചെത്തുന്നു.ഈ കഥയിൽ പെരുമാറ്റം, സ്നേഹം, കടപ്പാട് അനുഷ്ഠാനത്തിലേക്ക് നീങ്ങിയ - മാർക്കറ്റ് ഇക്കണോമിക്ക് വിധേയപ്പെട്ട കേരളീയ മനസ്സിനെ സ്വതസിദ്ധമായ ഐറണി യിലൂടെ ബാവ മുറിവേല്പിക്കുന്നു. എതിർപ്പു നിറഞ്ഞ ചിരി തിരിച്ചറിയുമ്പോഴേ കഥ തരുന്ന സന്ദേശം നാം ഏറ്റെടുക്കുന്നുള്ളു. ബാവയുടെ വേർപാടിലൂടെ അശാന്തമായ മനസ്സ്, പള്ളിപ്പറമ്പിന്റെ ഗന്ധം ഞാനറിയുന്നു.

സത്യൻ മാടാക്കര

സത്യൻ മാടാക്കര

കവി, എഴുത്തുകാരൻ

Share this post

Reviews

No reviews yet