ഒന്നുമറിയാതെ
18 September 2026 | Poetry

ഒരു നിസ്സംഗതയുടെ
സ്വനരാഹിത്യം
ഭൂമികയാകാം
അവിടേയ്ക്കാണ്…
ഒരു ചെറുചിരിയുടെ
നിഷ്ക്കളങ്കമെന്ന് തോന്നിയ്ക്കുന്ന
കാപട്യമായേക്കാം
ഒരു കുഞ്ഞുകാറ്റിന്റെ
മൃദുലമെന്നു തെറ്റിദ്ധരിച്ചേക്കാവുന്ന
പരുക്കനുരുമ്മലാകാം
പിഞ്ചുമേഘങ്ങളുടെ
കുളിർപ്പെയ്ത്തെന്ന്
വ്യാഖ്യാനിച്ചേക്കാവുന്ന
പനിവിത്തു പേറും കൊഴിച്ചിലാകാം
ശാന്തമെന്നലയിളക്കി
പദം വയ്ക്കുന്ന നീർച്ചോലയുടെ
പകപോക്കൽ ഉള്ളൊഴുക്കാകാം
കൊള്ളുന്നവന്
ഒരു വിറയൽ ഉറപ്പാണ്
അത്
പനിച്ചേയ്ക്കും
അകംപുറം കുത്തിമറിച്ച്
ഒരു വിപ്ലവപ്പേച്ചായാൽപ്പിന്നെ
അത് പൊട്ടിത്തെറിച്ചേയ്ക്കും….

ഗീത മുന്നൂർക്കോട്
Share this post
Reviews
No reviews yet