സ്വാതന്ത്ര്യം
19 September 2026 | Poetry

ഒറ്റുകാരെക്കൊണ്ട് യുദ്ധഭൂമി
നിറഞ്ഞിരിക്കുന്നു.
ഉരുകിയൊലിച്ച് ചിതറിക്കിടക്കുന്ന , കുഞ്ഞുനിലവിളികൾക്കിടയിലൂടെ,
മിസൈലുകൾ പൊട്ടിയൊഴുകുന്ന രക്തനദിയും കടന്ന്..
അതിർത്തികൾക്കപ്പുറമെത്താനുളള
അവസാനശ്രമം.
ദുരിതങ്ങളും പട്ടിണിയും വാരിപ്പുതച്ച് ,
കനൽപ്പാതയിലൂടെ കൂട്ടപ്പലായനം..
മുറിച്ചെടുത്ത വെളുത്ത ജനൽക്കർട്ടനും
സ്പ്രേപെയ്ന്റും കുട്ടികൾ
ഭാണ്ഡങ്ങളിൽ ഒളിപ്പിച്ചിട്ടുണ്ട്.
ചെന്നെത്തുന്നരാജ്യങ്ങളുടെ പതാകകൾ
നിർമിച്ച് അതിർത്തികൾ കടക്കാമെന്ന്
ആരോ പറഞ്ഞത്രെ!
സമാധാനത്തിൻ്റെ
വെളുത്തപതാകകൾ
ഇപ്പോൾ നിരർത്ഥകങ്ങളാണെന്നും.
ഉയിരുണങ്ങാത്തൊരലിവിൻ്റെ
കവിതകൾ ദൂരെയെവിടെയോ
ചിറകറ്റുവീണുകിടപ്പുണ്ട്.
അരികിൽ വറ്റിപ്പോകാതെ
നിലവിളികൾ നേർത്തൊഴുകുന്നു.
ഈ നഗരാവശിഷ്ടങ്ങൾ നാളെ
വിനോദ സഞ്ചാരകേന്ദ്രങ്ങളാകും.
ചരിത്രഭൂമിക കൗതുകമുള്ള
റസ്റ്റോറണ്ടുകളും !
അവിടെയും വ്യാപാര കേന്ദ്രങ്ങൾ
ലാഭം കൊയ്യും!
ആയുധങ്ങൾനൽകി ആരെല്ലാമോ മുളപ്പിച്ചെടുക്കുന്ന,
ഒരിക്കലും അവസാനിക്കാത്ത യുദ്ധങ്ങൾക്കായി
അവരുടെ പതാകകൾ ഇപ്പൊഴും
ഉയർന്നുകൊണ്ടേയിരിക്കുന്നു .
നമ്മൾ
സ്വാതന്ത്ര്യത്തിലേക്കുള്ളയാത്ര തുടരുകതന്നെയാണ്.
അകലെയെവിടെയോ
ഒരു മരുപ്പച്ച ഉണ്ടാവാമെന്ന
പ്രതീക്ഷയുടെ കൊടിയും
ചുമന്നുകൊണ്ട് !
.jpeg)
ബാലു പൂക്കാട്