logo

തൂക്കിലേറ്റപ്പെട്ട ലിപികൾ

25 October 2026 | Literature

തൂക്കിലേറ്റപ്പെട്ട ലിപികൾ

ഏറെ പ്രിയപ്പെട്ട ഒരാളുടെ ചാരേയണയുന്ന ആനന്ദത്തോടും സ്നേഹത്തോടും കൂടിയാണ് പലപ്പോഴും ഞാനെന്റെ എഴുത്തുമേശയ്ക്ക് അരികിൽ ഇരിക്കുക. ദാഹജലത്തിനായി കിണറ്റിൻ കരയിലേക്ക്, ഉച്ചനേരമെത്തുന്ന ജൂതപ്പെണ്ണിനെപ്പോലെയാവും മിക്കപ്പോഴും ഞാനതിനു മുന്നിലെന്റെ മനസ്സ് തുറക്കുക. എന്തെങ്കിലുമൊക്കെ മറച്ചുപിടിക്കാനും ഒളിക്കാനുമുള്ള എന്നിലെ സകലത്വരകളേയും അതൊരു നിമിഷം കൊണ്ട് ഇല്ലാതാക്കുന്നു.. അലിവോടെ ചേർത്തുനിർത്തി, ഉള്ളകങ്ങളെ വെളിപ്പെടുത്താനുള്ള ഉൾവിളിയുമായി, അത് എന്നിലെ ഭാരങ്ങളെ ഇറക്കിവെക്കുന്നൊരു അത്താണിയായി നിരന്തരം രൂപാന്തരപ്പെടുന്നു.

അപ്രകാരമുള്ള എഴുത്തുമേശയ്ക്കു മുന്നിൽ തുറക്കപ്പെട്ട എന്റെ ജീവിതത്തിലെ ചില ഉൾപ്രദേശങ്ങളും കാണാക്കാഴ്ച്ചകളുമാണ് അറവുമേശയിലെ മഷിപ്പടർപ്പുകൾ എന്ന പുസ്തകത്തിലുള്ളത്. മലയാളിക്ക് പ്രിയങ്കരനായ എഴുത്തുകാരൻ ശ്രീ. കെ. വി. മോഹൻകുമാർ പറഞ്ഞതുപോലെ, ഇതിലെന്റെ വിഷാദങ്ങളും അമർഷങ്ങളും, ഉള്ളുതുറന്നുള്ളൊരു ചെറുപുഞ്ചിരിയും, നർമ്മങ്ങളും, എനിക്ക് വെളിപ്പെട്ടു കിട്ടിയ ചില ചരിത്രസത്യങ്ങളും, എന്റെ ജീവിതത്തിൽ നിന്നും പടയിറങ്ങിപ്പോയ ചില ഇരുണ്ടയിടങ്ങളും അകലങ്ങളുമുണ്ട്..

പ്രിയ വായനക്കാരന് എന്നെപ്പോലെയുള്ള ഒരാളോടുള്ള ചേർന്നിരിപ്പോ വിയോജിപ്പോ ആയി ഈ പുസ്തകം മാറുമെന്നാണ് ഞാൻ കരുതുന്നത്.. അത്തരമൊരു വിയോജിപ്പിലേക്കും ചേർന്നുനിൽപ്പിലേക്കും ഏവരേയും ക്ഷണിച്ചുകൊണ്ട് 'അറവുമേശയിലെ മഷിപ്പടര്‍പ്പുകളിലെ,ഒരു അധ്യായം മാലിറ്റിന്റെ വായനക്കാർക്കായി ഞാൻ സമർപ്പിക്കുന്നു.

സ്നേഹത്തോടെ

നൊറോണ

തൂക്കിലേറ്റപ്പെട്ട ലിപികൾ കൈകൊണ്ടു രേഖപ്പെടുത്തി വെച്ചിരുന്ന പഴയ രേഖകളും പുസ്തകങ്ങളും പാണ്ഡുലിപി എന്നാണ് അറിയപ്പെട്ടിരുന്നത്. രാമായണം, പഴയ ബൈബിൾ പകർപ്പുകൾ, ആയുർവേദ ഗ്രന്ഥങ്ങൾ, ജ്യോതിശാസ്ത്ര രേഖകൾ എന്നിവയാണ് കേരളത്തിലെ ആദ്യകാല പാണ്ഡുലിപികളായി അറിയപ്പെട്ടിരുന്ന ഗ്രന്ഥങ്ങൾ.. ഓലയും, മൃഗങ്ങളുടെ ചർമ്മവുമാണ് മുഖ്യമായും എഴുതാൻ ഉപയോഗിച്ചിരുന്നത്. അപൂർവ്വമായി കൈകൊണ്ടു മെനഞ്ഞ കടലാസിലും ഇവ രേഖപ്പെടുത്തിയിരുന്നു. മനുസ്ക്രിപ്റ്റ് എന്ന ആംഗലേയ പദത്തിനു പകരമായി ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നൊരു പദം കൂടിയാണ് പാണ്ഡുലിപി. പോർട്ടുഗീസുകാരുടെ കാലത്താണ് പ്രധാനമായും ഇത്തരം പാണ്ഡുലിപികൾ നശിപ്പിക്കപ്പെട്ടത്.. ചരിത്രഗ്രന്ഥങ്ങളിൽ അതിനെക്കുറിച്ചുള്ള ചില പരാമർശങ്ങൾ നമുക്ക് കാണാനാവും.

ഗോവൻ ഇൻക്വിസിഷന്റെ(Goa Inquisition) സമയത്ത് ഇത്തരത്തിൽ ഒട്ടനവധി ഹിന്ദു മതഗ്രന്ഥങ്ങളും ക്ഷേത്രശേഖരങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായും 16–17 നൂറ്റാണ്ടുകളിലാണ് ഈ സംഭവങ്ങൾ കൂടുതലായി നടന്നിട്ടുള്ളതെന്നു കരുതുന്നു. ഗോവയിൽ സംഭവിച്ച ഇത്തരം നാശനഷ്ടങ്ങൾക്ക് വ്യക്തമായ ചരിത്രരേഖകളുണ്ടെങ്കിലും കേരളത്തിൽ നടന്നിട്ടുള്ള നശീകരണങ്ങൾക്ക് കൃത്യമായ രേഖകളില്ല എന്നതാണ് വാസ്തവം. അക്കാലത്ത് നമ്മുടെ അമൂല്യമായ ഗ്രന്ഥങ്ങൾ പോർട്ടുഗീസുകാർ നശിപ്പിക്കാതിരിക്കാൻ ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിരുന്ന പല പാണ്ഡുലിപികളും ഇല്ലങ്ങളിലേക്കും ചില പ്രത്യേക കുടുംബങ്ങളിലേക്കും മാറ്റി സംരക്ഷിക്കപ്പെടുകയാണ് ഉണ്ടായത്. ഉദയംപെരൂർ സുന്നഹദോസിന്റെ പശ്ചാത്തലത്തിൽ നശിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളെക്കുറിച്ച് പരാമർശിക്കുന്നതിന്റെ കൂട്ടത്തിൽ താളിയോലകളിലെഴുതിയ പാണ്ഡുലിപികളെക്കുറിച്ചും പറയുന്നുണ്ട്.

പോർട്ടുഗീസുകാരെ ഭയന്ന് ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിരുന്ന പാണ്ഡുലിപികൾ ഇല്ലങ്ങളിലേക്കും ചില തറവാടുകളിലേക്കും മാറ്റി സൂക്ഷിക്കപ്പെട്ടു എന്നു പറഞ്ഞുവല്ലോ.. പിന്നീട് ഈ ഗ്രന്ഥങ്ങൾക്ക് എന്താണ് സംഭവിച്ചത് ?

പാണ്ഡുലിപികൾ പൂർണ്ണമായും താളിയോലകളിലാണ് എഴുതിയിരുന്നത്. അവ സൂക്ഷിക്കുക ബുദ്ധിമുട്ടും ചെലവേറിയതുമായിരുന്നു. കാലാകാലങ്ങളിൽ അവ പകർത്തിയെഴുതി പുതിയ പതിപ്പ് സൂക്ഷിക്കേണ്ടതുണ്ട്.. ഇത്തരം ചിലവേറിയ കാര്യങ്ങൾ പ്രാബല്യത്തിൽ വരുത്താൻ അന്നത്തെ കുടുംബങ്ങൾക്കും ഇല്ലങ്ങൾക്കും കഴിയാതെ പോയിട്ടുണ്ട്. മാത്രമല്ല യുദ്ധസാഹചര്യത്തിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് ഇത്തരം ഇല്ലങ്ങളും അറിയപ്പെട്ട കുടുംബങ്ങളുമായിരുന്നു. • ആദ്യകാല ചമ്പു കൃതികൾ, പ്രാദേശിക പുരാണങ്ങൾ, ക്ഷേത്രരേഖകൾ, ഗണിതം, ആയുർവേദം, ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങൾ തുടങ്ങി ഇത്തരുണത്തിൽ ഇല്ലങ്ങളിലും മറ്റുമായി സൂക്ഷിക്കപ്പെട്ട സകല ഗ്രന്ഥങ്ങളും തീപ്പെട്ടു പോയിട്ടുണ്ട്.നീചമായ ഈ ആക്രമണത്തിൽ സുറിയാനി ഗ്രന്ഥങ്ങൾക്കുപോലും നാശം സംഭവിച്ചു എന്നതും ചരിത്ര സത്യമാണ്.. ഇപ്രകാരം സംഭവിച്ചതിന് എന്താണ് ചരിത്രരേഖയെന്നു ചോദിച്ചാൽ നമ്മുടെ പക്കൽ ഒന്നുമില്ല എന്നു തന്നെ പറയാനാകും. കാരണം നമ്മുടെ പല ചരിത്രങ്ങളും എഴുതിയിട്ടുള്ളത് വൈദേശികശക്തികളാണ് എന്നതും ഓർക്കേണ്ടതുണ്ട്. അതുകൊണ്ട് കൃത്യമായ ഒരു ചരിത്രരേഖ ഇല്ലന്നുള്ള വസ്തുതവെച്ച് നമുക്ക് നമ്മുടെ പ്രാചീനഗ്രന്ഥങ്ങൾ നശിപ്പിക്കപ്പെട്ടില്ല എന്ന് പറയാനും കഴിയില്ല.

ഈ പശ്ചാത്തലത്തിൽ നിന്നുവേണം നമ്മുടെ ഭാഷയുടെ ഉൽപത്തിയേയും വികാസങ്ങളേയും കുറിച്ച് സംസാരിക്കുവാനും പഠിക്കുവാനും..

എഴുത്തുകാരനും നോവലിസ്റ്റുമായ ശ്രീ.

സുഭാഷ് ചന്ദ്രന്റെ ‘വാതിൽ’ എന്ന പുസ്തകത്തിലെ ‘ഉദാസീനം’ എന്ന തലക്കെട്ടോടു കൂടിയ അധ്യായത്തിൽ ഈ വിഷയങ്ങളോടു ചേർന്നുപോകുന്ന ചില പരാമർശങ്ങളുണ്ട്. നമുക്ക് അത് എന്താണെന്ന് പരിശോധിക്കാം.

ഏകദേശം നാന്നൂറ്റി നാൽപ്പതു വർഷം മുന്നേയുണ്ടായ ഒരു ഗ്രന്ഥത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആ അധ്യായം തുടങ്ങുന്നത്. തുഹ്ഫത്തുൽ മുജാഹിദ്ദീൻ എന്നാണ് ആ പുസ്തകത്തിന്റെ പേര്. പതിനഞ്ചാം നൂറ്റാണ്ടിൽ യമനിൽ നിന്നും പൊന്നാനിയിൽ എത്തിയ മഖ്ദൂം കുടുംബത്തിലെ അംഗമായ ഷെയ്ഖ് സൈനുദ്ദീൻ ആണ് ഗ്രന്ഥരചയിതാവ്. അക്ബർ ചക്രവർത്തിയുടേയും ബീജാപ്പൂർ സുൽത്താൻമാരുടേയും സുഹൃത്തായിരുന്നു ഇദ്ദേഹത്തെയാണ് സാമൂതിരി അറബുരാജ്യങ്ങളിലെ പ്രതിനിധികളുമായുള്ള ട്രാൻസലേറ്ററായി നിയമിച്ചത്.

അറബിയിൽ ഏറെ ദാർശീനിക ഗ്രന്ഥങ്ങൾ രചിച്ച് ഇദ്ദേഹമാണ് ചാലിയം യുദ്ധത്തിൽ പോർട്ടുഗീസുകാർക്കെതിരെ പോരാടാനുള്ള ചാലകശക്തിയായി പ്രവർത്തിച്ചത്. വാസ്ക്കോഡ ഗാമ ചെയ്തുകൂട്ടിയ അനീതികളെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചും അറബിയിൽ എഴുതപ്പെട്ട ഈ പുസ്തകം മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

എന്തുകൊണ്ടാണ് പോർട്ടുഗീസുകാർക്ക് ഷെയ്ഖ് സൈനുദ്ദീന്റെ പുസ്തകം നശിപ്പിക്കാൻ കഴിയാതെ പോയത്.

ഇതിനുള്ള കാരണം കണ്ടെത്തണമെങ്കിൽ നമുക്ക് വീണ്ടും ചരിത്രപുസ്തകങ്ങളിലേക്ക് തിരിച്ചുപോകേണ്ടതുണ്ട്. തൽക്കാലം സുഭാഷ്ചന്ദ്രന്റെ വാതിൽ മെല്ലെ ചാരാം. തുങ്ഫത്തുൽ മുജാഹിദീൻ പുസ്തകം മലയാളത്തിൽ ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു എന്ന് സൂചിപ്പിച്ചിരുന്നല്ലോ. ഇതിനു പുറമേ മുസ്ലീം പണ്ഢിതരും അവരുടെ ശിഷ്യരും ഇത്തരത്തിലുള്ള പുസ്തകങ്ങളുടെ പകർപ്പുകൾ തയ്യാറാക്കുന്നതിൽ അക്കാലത്ത് വ്യാപൃതരായിരുന്നു. ഭൂമുഖത്ത് എപ്പോഴും യുദ്ധത്തിന്റെ കെടുതികൾ നേരിടേണ്ടി വന്ന ഒരു ജനത എന്ന നിലയിൽ അവർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ടു തന്നെ ഒരു സ്ഥലത്തെ കൈയെഴുത്തു പ്രതി നഷ്ടപ്പെട്ടാലും അവർക്ക് മറ്റിടങ്ങളിലായി ധാരാളം കൈയെഴുത്തുപ്രതികൾ സൂക്ഷിക്കാനുള്ള സംവിധാനമുണ്ടായിരുന്നു. ഷെയ്ഖ് സൈനുദ്ദീന് കടൽ കടന്ന് മറ്റു രാജ്യങ്ങളുമായി ബന്ധമുള്ളതിനാൽ അപ്രകാരം ഈ പുസ്തകത്തിന്റെ കൈയെഴുത്തു പ്രതികൾ നിരവധി രാജ്യങ്ങളിലേക്കും എത്തപ്പെട്ടിട്ടുണ്ടാവാം.

ഞാൻ ഇക്കാര്യം സൂചിപ്പിക്കുന്നത് ഷെയ്ഖ് സൈനുദ്ദീന്റെ മഹത്വത്തെക്കുറിച്ച് പരാമർശിക്കുന്നതിനല്ല. മറിച്ച് നമ്മുടെ ഭാരതീയമായ ഗ്രന്ഥങ്ങളും, പാണ്ഡുലിപികളും ഭാഗീകമായും മറ്റു ചില പ്രാദേശിക പാണ്ഡുലിപികൾ പൂർണ്ണമായും നഷ്ടപ്പെടാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ വേണ്ടി കൂടിയാണ്.

അത് എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ഭാരതത്തിൽ എഴുതപ്പെട്ട പല ഗ്രന്ഥങ്ങളും താളിയോലകളിൽ എഴുതിയിരുന്നതുകൊണ്ട് ഈർപ്പം, തീ, കീടങ്ങൾ എന്നിവ കാരണം കാലക്രമേണ നശിച്ചുവെന്നു പറയാം. പക്ഷെ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും കേടുപാടില്ലാതെ സൂക്ഷിക്കുന്നവയും ഉണ്ടെന്നുള്ളത് ഓർക്കണം.

വൈദേശിക ശക്തികളുമായുള്ള യുദ്ധങ്ങളും ആക്രമണങ്ങളുമാണ് മറ്റൊരു കാരണം. വിവിധ കാലങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ലൈബ്രറികളും മഠങ്ങളും ക്ഷേത്രങ്ങളും നശിക്കപ്പെട്ടപ്പോൾ ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടു. ചില ഗ്രന്ഥങ്ങൾ പ്രത്യേക മഠങ്ങളിലോ കുടുംബങ്ങളിലോ മാത്രം സൂക്ഷിക്കപ്പെട്ടിരുന്നു; വ്യാപകമായി പകർപ്പെടാനുള്ള സാഹചര്യമില്ലാതെ പോയതിനാലും വിദേശ ശക്തികളുടെ ആക്രമണത്താലും അവ നഷ്ടപ്പെടാൻ സാധ്യത കൂടുതലായിരുന്നു.

നമ്മുടെ ഗ്രന്ഥങ്ങൾക്ക് വിദേശപ്രചരണം കുറവായിരുന്നു. ചില മത-സാംസ്കാരിക നിയന്ത്രണങ്ങളും സാമൂഹിക സാഹചര്യങ്ങളും കാരണം എല്ലാ ഗ്രന്ഥങ്ങളും ഇന്ത്യയ്ക്ക് പുറത്തേക്ക് വ്യാപകമായി പടർന്നില്ല. ചില ഗ്രന്ഥങ്ങൾ വിശിഷ്യാ ഹിന്ദു-ബൗദ്ധ ഗ്രന്ഥങ്ങൾ നേപ്പാൾ, ടിബറ്റ്, ഇന്തോനേഷ്യ, കംബോഡിയ എന്നിവിടങ്ങളിലേക്ക് പോയിട്ടുമുണ്ട്.

ഇതിനെയെല്ലാം അതിജീവിച്ച് നിലനിന്ന ഗ്രന്ഥങ്ങൾക്ക് സ്മൃതിനാശം നേരിടാതെ പോയതിന്റെ പ്രധാന കാരണം നമ്മുടെ വായ്മൊഴി പാരമ്പര്യമാണ്. പ്രത്യേകിച്ച് വേദങ്ങൾ പോലുള്ളവ എഴുതിപ്പിടിപ്പിക്കുന്നതിനെക്കാൾ ശ്രുതിപാരമ്പര്യത്തിലൂടെയാണ് സംരക്ഷിക്കപ്പെട്ടത്. അതിനാൽ ചില എഴുത്തുപ്രതികൾ നഷ്ടപ്പെട്ടാലും ഉള്ളടക്കം നിലനിന്നുപോന്നു.

നമുക്ക് വീണ്ടും സുഭാഷിന്റെ പുസ്തകമായ വാതിലിന്റെ വാതിൽ തുറക്കാം.. ഷെയ്ഖ് സൈനുദ്ദീനെക്കുറിച്ച് പറഞ്ഞിട്ട് അദ്ദേഹം സൂചിപ്പിക്കുന്നത് ഈയെഴുത്തുകാരൻ എഴുത്തച്ഛന്റെ സമകാലികനായിരുന്നു എന്നാണ്. ഉള്ളിൽ അൽപ്പം വിഷമത്തോടെയാണെങ്കിലും ചില വസ്തുതകൾ അദ്ദേഹം നമുക്ക് മുന്നിലേക്ക് വെയ്ക്കുന്നു. എഴുത്തച്ഛനെക്കുറിച്ച് നമുക്ക് മുഴുവൻ ഇനിയും അറിയില്ല. എഴുത്തച്ഛന്റെ കുടുംബാംഗങ്ങളുടെ പേരുവിവരം അറിയില്ല.അദ്ദേഹം തന്നെയാണോ ഹരിനാമകീർത്തനം രചിച്ചതെന്ന് ഉറപ്പില്ല.. ഭാഷാപിതാവിന്റെ കാര്യത്തിൽ ഇതാണെങ്കിൽ അക്കാലത്ത് ജീവിച്ച മറ്റുള്ളവരുടെ കാര്യം പറയണോ.

അതെ നമ്മുടെ പൂർവ്വീകർക്ക് കുറ്റകരമായ അനാസ്ഥ ഇക്കാര്യങ്ങളിൽ സംഭവിച്ചുപോയി. തുഫ്ഫത്തുൽ മുജീഹിദ്ദീന്റെ കൈയെഴുത്തുപ്രതികൾ ആർക്കും ലഭ്യമാകും വിധം നിരവധി പകർപ്പുകൾ എടുത്തുവെയ്ക്കാൻ ഒരു സമൂഹം കാട്ടിയ കരുതൽ നമുക്കില്ലാതെപോയി. എഴുത്തുകാരന്റെ തലക്കെട്ട് കടമെടുത്താൽ ഇക്കാര്യങ്ങളിൽ നമ്മൾ ഉദാസീനരായി. അല്ലായിരുന്നെങ്കിൽ ഏതു പറുങ്കിപ്പട വന്ന് അഗ്നിക്ക് ഇരയാക്കിയാലും നമ്മുടെ അമൂല്യമായ ഗ്രന്ഥങ്ങൾ ഇപ്പോഴും നമുക്ക് കൈവശം ഉണ്ടാകുമായിരുന്നു. അപ്രകാരമൊരു ചരിത്രരേഖയെ സൂക്ഷിക്കേണ്ട ബോധം നമുക്കുണ്ടായിരുന്നെങ്കിൽ ഒരുത്തനും നെഞ്ചുവിരിച്ച് എഴുത്തച്ഛനാണോ നിന്റെയൊക്കെ ഭാഷാപിതാവ് എന്ന ചോദ്യം ചോദിക്കാൻ ധൈര്യം കാണിക്കുകയില്ലായിരുന്നു.

ഇത് നമ്മുടെ പൂർവ്വീകരുടെ മാത്രം കുറ്റമായി കണ്ട് നമ്മൾ നിസ്സംഗരായി ഇരിക്കേണ്ടതില്ല. നമ്മൾ ഇപ്പോഴും ആ നിസ്സംഗത തുടരുന്നു. പകർപ്പെടുത്തു സൂക്ഷിക്കേണ്ടതും അടുത്ത തലമുറയിലേക്ക് പകരേണ്ടതുമായ പലതും ഇപ്പോഴും നമ്മുടെ പത്തായപ്പുരകളിൽ പൊടിപിടിച്ചും കീടം തിന്നും സ്മൃതിനാശത്തിലേക്കാണ് നീങ്ങുന്നത്.

ഫ്രാൻസിസ് നൊറോണ

Share this post

Reviews

No reviews yet