logo

വായനയുടെ പരിണാമങ്ങൾ

01 August 2026 | Literature

വായനയുടെ പരിണാമങ്ങൾ

വായനയുടെ പരിണാമങ്ങൾ

വായന ഒരു ഉത്തരാധുനിക സാക്ഷരതാ യുഗത്തിലേക്ക് (postliterate age)പ്രവേശിച്ചിരിക്കുന്നു എന്ന വാദം ശക്തമാണ്. എന്നാൽ ഇത് വായന പൂർണ്ണമായി അപ്രത്യക്ഷമായി എന്ന അർത്ഥത്തിലല്ല. അത് വായനയുടെ സ്വഭാവത്തിലും ആഴത്തിലും ധർമ്മത്തിലും വന്നിട്ടുള്ള പരിവർത്തനത്തെയാണ് സൂചിപ്പിക്കുന്നത്.

മനുഷ്യൻ മുൻകാലങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളിലൂടെയും വാക്കുകളിലൂടെയും കടന്നുപോകുന്ന കാലമാണിത്. എന്നാൽ വായന പലപ്പോഴും ഖണ്ഡശ്ശ [fragmented] ആയും വേഗതയേറിയതും താൽക്കാലിക ആവശ്യങ്ങൾക്കായുള്ളതുമായി ചുരുങ്ങിപ്പോകുന്നു.

ദീർഘമായ വായനയും ചിന്തയും മനുഷ്യന്റെ ബോധമണ്ഡലത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നും, അതിലുണ്ടാകുന്ന കുറവ് നമ്മുടെ സംസ്കാരത്തെയും ജനാധിപത്യത്തെയും വിദ്യാഭ്യാസത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്. പുസ്തക വായന കുറയുന്നു എന്ന പരിദേവനത്തിനപ്പുറം, വായനയുടെ ഘടന മാറുമ്പോൾ മനുഷ്യന്റെ ചിന്താശേഷിയും ആത്മബോധവും എങ്ങനെ പുനഃക്രമീകരിക്കപ്പെടുന്നു എന്നതാണ് യഥാർത്ഥ പ്രശ്നം.

അച്ചടി സംസ്കാരത്തിന്റെ വളർച്ചയാണ് ആധുനിക മനുഷ്യന്റെ ചിന്തയെ രൂപപ്പെടുത്തിയത്. ഏകാന്തവും ദീർഘവും ആഴമേറിയതുമായ വായനയാണ് യുക്തിചിന്ത, ആന്തരികത (interiority), അമൂർത്തമായ ആശയങ്ങളെ മനസ്സിലാക്കാനുള്ള ശേഷി എന്നിവ വളർത്തിയത്. പത്രങ്ങളും സർവ്വകലാശാലകളും നോവലുകളും ജനാധിപത്യ സംവാദങ്ങളും ഒക്കെ ഈ അച്ചടി വായനയുടെ അടിത്തറയിലാണ് കെട്ടിപ്പൊക്കിയത്. വായന കേവലം അക്ഷരങ്ങൾ കൂട്ടിവായിക്കാനുള്ള സാങ്കേതിക നൈപുണ്യം മാത്രമല്ല. അത് സമയത്തെയും ഭാഷയെയും ചിന്തയെയും അനുഭവിക്കാനുള്ള വഴിയാണ്. ഡിജിറ്റൽ യുഗത്തിൽ ഈ അവസ്ഥ പൂർണ്ണമായി മാറിയിരിക്കുന്നു.

മനുഷ്യൻ നിരന്തരം വായിക്കുന്നുണ്ടെങ്കിലും ഇന്ന് വായനയുടെ യൂണിറ്റുകൾ വളരെ ചെറുതാണ്. ഫോൺ നോട്ടിഫിക്കേഷനുകൾ, ചിത്രങ്ങളുടെ അടിക്കുറിപ്പുകൾ, തലക്കെട്ടുകൾ, ചുരുക്കരൂപങ്ങൾ എന്നിവയിലാണ് ഇന്നത്തെ വായന തുടങ്ങുന്നതും അവസാനിക്കുന്നതും. ഒരു പുസ്തകമോ ദീർഘമായ പ്രബന്ധമോ ആവശ്യപ്പെടുന്ന വലിയൊരു ബൗദ്ധിക ഘടനയിലേക്ക് പ്രവേശിക്കാതെ തന്നെ ഒരാൾക്ക് ദിവസവും ആയിരക്കണക്കിന് വാക്കുകൾ വായിച്ചുതീർക്കാൻ ഇന്ന് സാധിക്കും. ചുറ്റും അക്ഷരങ്ങൾ ധാരാളമുണ്ടെങ്കിലും ആഴത്തിലുള്ള സാക്ഷരത സംസ്കാരത്തിൽ നിന്ന് ചോർന്നുപോകുന്നു.

ഈയൊരു അവസ്ഥയെയാണ് ഉത്തരാധുനിക സാക്ഷരത (postliteracy)എന്ന് വിളിക്കുന്നത്. ജനങ്ങൾക്ക് അക്ഷരങ്ങൾ വായിക്കാൻ അറിയില്ല എന്നല്ല ഇതിനർത്ഥം. മറിച്ച്, മനുഷ്യന്റെ ചിന്തയെയും സംസ്കാരത്തെയും നയിക്കുന്ന കേന്ദ്രസ്ഥാനത്തുനിന്നും ദീർഘമായ വായന പുറന്തള്ളപ്പെട്ടിരിക്കുന്നു എന്നാണ്. ഇത് പുസ്തകങ്ങളോടുള്ള അമിതമായ ആഭിമുഖ്യം കൊണ്ട് വാദിക്കുന്നതാണെന്ന് തോന്നാം. ദീർഘമായ വായന മനുഷ്യനിൽ വളർത്തിയെടുക്കുന്ന നല്ല ശീലങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് ഇത്. ക്ഷമ, സങ്കീർണ്ണമായ ആശയങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി, വിവിധ കാര്യങ്ങളെ സമഗ്രമായി വിലയിരുത്താനുള്ള കഴിവ് എന്നിവയെല്ലാം വായനയിലൂടെയാണ് ഉണ്ടാകുന്നത്. ഈ ശീലങ്ങൾ ദുർബലമാകുമ്പോൾ അതിന്റെ ആഘാതം ക്ലാസ് മുറികളിലോ പുസ്തക പ്രസാധനത്തിലോ മാത്രം ഒതുങ്ങുന്നില്ല. അത് നമ്മുടെ രാഷ്ട്രീയത്തെയും വ്യക്തിത്വത്തെയും പൊതുജീവിതത്തെയും ഒരുപോലെ ബാധിക്കുന്നു.

സമകാലിക വായനാ ലോകത്തെ നിയന്ത്രിക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളാണ്. വായനയുടെ ഖണ്ഡീകരണമാണ് [fragmentation] ഇതിൽ ആദ്യത്തേത്. സാമൂഹിക മാധ്യമങ്ങളിലെ ചെറിയ കുറിപ്പുകളായും സന്ദേശങ്ങളായും വായന ചിതറിപ്പോകുന്നു. രണ്ടാമത്തെ ഘടകം വായനയുടെ ത്വരിതപ്പെടലാണ് [acceleration]. ഇവിടെ വായന എന്നത് എന്തിനെങ്കിലും പെട്ടെന്ന് മറുപടി നൽകാനോ അല്ലെങ്കിൽ വിവരങ്ങൾ വേഗത്തിൽ ശേഖരിക്കാനോ മാത്രമുള്ള ഒരു ഉപകരണമായി മാറുന്നു. മൂന്നാമത്തേത് പ്ലാറ്റ്‌ഫോമുകളുടെ മധ്യവർത്തിത്വമാണ് [platform mediation]. നമ്മൾ എന്ത് വായിക്കണം, ഏത് ക്രമത്തിൽ വായിക്കണം, എന്ത് വൈകാരികാവസ്ഥയോടെ വായിക്കണം എന്ന് തീരുമാനിക്കുന്നത് വലിയ ഡിജിറ്റൽ കമ്പനികളുടെ അൽഗോരിതങ്ങളാണ് [algorithms]. ഈ മൂന്ന് പ്രവണതകളും ചേർന്ന് വായനയുടെ ആഴം കുറയ്ക്കുന്നു. വായനക്കാരൻ ഒരു പുതിയ ലോകത്തേക്ക് പ്രവേശിക്കുന്നതിന് പകരം, വിവരങ്ങളുടെ ഒരു വലിയ ഒഴുക്കിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു നാവികനായി മാറുന്നു.

ഈ മാറ്റം വായനയിലൂടെ ലഭിക്കുന്ന അറിവിന്റെ ആയുസ്സ് കുറയ്ക്കുന്നുണ്ട്. ഒരു പുസ്തകം വായിക്കുമ്പോൾ നമ്മൾ അതിലെ ആദ്യത്തെ ആശയങ്ങളെ ഓർമ്മയിൽ സൂക്ഷിക്കുകയും പിന്നീട് വരുന്ന ആശയങ്ങളുമായി അവയെ താരതമ്യം ചെയ്യുകയും വേണം. എന്നാൽ ഡിജിറ്റൽ വായന ഈ ഓർമ്മശക്തിയെ പുറംകരാർ [outsource] നൽകുകയാണ് ചെയ്യുന്നത്. സംശയങ്ങൾ സെർച്ച് എഞ്ചിനുകളിലും ബുക്ക്മാർക്കുകളിലും സൂക്ഷിച്ചുവെക്കാമെന്നതിനാൽ അറിവ് മനസ്സിൽ തങ്ങുന്നില്ല. വിവരങ്ങളിലേക്ക് പെട്ടെന്ന് എത്താൻ സാധിക്കുമെങ്കിലും ചിന്തയ്ക്ക് ആഴം കുറയുന്നു. ദൃശ്യമാധ്യമങ്ങളും ഓഡിയോ സന്ദേശങ്ങളും നോട്ടിഫിക്കേഷനുകളും നിറഞ്ഞ ഒരു ലോകത്ത് ദീർഘമായ വായനയ്ക്ക് വലിയ വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്.

സമ്പൂർണ്ണ സാക്ഷരത [total literacy] നേടിയതിലൂടെയും ആധുനികതയുടെ കൈപിടിച്ചുവന്ന ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെയും [library movement] ലോകശ്രദ്ധ നേടിയ നാടാണ് കേരളം. ഗ്രാമങ്ങളിലെ ചായക്കടകളിലിരുന്ന് പത്രം വായിക്കുകയും രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്ത ഒരു വലിയ വായനാസംസ്കാരം നമുക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ ഗ്രാമീണ വായനശാലകളിൽ പലതും ആളൊഴിഞ്ഞ് കിടക്കുകയാണ്. പുതിയ തലമുറ പുസ്തകങ്ങളിൽ നിന്നും പത്രങ്ങളിൽ നിന്നും അകന്ന് സ്മാർട്ട്ഫോൺ സ്ക്രീനുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഫേസ്ബുക്ക് കുറിപ്പുകളും വാട്സാപ്പ് സന്ദേശങ്ങളും ഇൻസ്റ്റാഗ്രാം റീലുകളുമാണ് ഇന്ന് ഭൂരിഭാഗം മലയാളികളുടെയും വായനാ ലോകം നിശ്ചയിക്കുന്നത്. സാക്ഷരത എന്നതിനെ കേവലം എഴുതാനും വായിക്കാനുമുള്ള സാങ്കേതിക കഴിവായി മാത്രം കാണുന്ന അവസ്ഥയിലേക്ക് നമ്മൾ മാറിക്കഴിഞ്ഞു. സാഹിത്യ വായനയിലൂടെയും ദീർഘമായ രാഷ്ട്രീയ പ്രബന്ധങ്ങളിലൂടെയും മലയാളി കെട്ടിപ്പടുത്ത സാംസ്കാരിക മൂലധനം [cultural capital] ഈ ഉത്തരാധുനിക സാക്ഷരതാ യുഗത്തിൽ വലിയ ഭീഷണി നേരിടുന്നുണ്ട്.

വായനയെക്കുറിച്ച് ചരിത്രപരമായി ചിന്തിച്ചാൽ, അതൊരു കേവല വിവരശേഖരണ മാർഗ്ഗമല്ലെന്ന് മനസ്സിലാകും. പഴയ കാലത്ത് വായന എന്നത് ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെയും വിവേചനബുദ്ധിയെയും സ്വാധീനിച്ചിരുന്ന ഒരു അനുഷ്ഠാനമായിരുന്നു. പുസ്തകങ്ങൾ വളരെ കുറവായിരുന്ന കാലത്ത് ആളുകൾ അവ ആവർത്തിച്ചു വായിക്കുകയും മനഃപാഠമാക്കുകയും ചെയ്തിരുന്നു.

വായനയിലൂടെ വിമർശനാത്മകമായി ചിന്തിക്കാനുള്ള ശേഷിയാണ് മനുഷ്യന് ലഭിച്ചത്. ഒരു നോവൽ വായിക്കുമ്പോൾ നമ്മൾ മറ്റൊരു മനുഷ്യന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുകയും അവരോട് സഹാനുഭൂതി [empathy] പുലർത്താൻ പഠിക്കുകയും ചെയ്യുന്നു. വായന മനുഷ്യനെ പെട്ടെന്നുള്ള പ്രതികരണങ്ങളിൽ നിന്ന് തടയുകയും ക്ഷമയോടെ കാര്യങ്ങളെ നോക്കിക്കാണാൻ പഠിപ്പിക്കുകയും ചെയ്യുന്നു. ഈയൊരു ദാർശനിക വശം തന്നെയാണ് ഇന്ന് നഷ്ടപ്പെടുന്നത്. അറിവ് എന്നത് പെട്ടെന്ന് വിരൽത്തുമ്പിൽ കിട്ടുന്ന ഒന്നാണെന്ന ധാരണ ഡിജിറ്റൽ യുഗം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജ്ഞാനം എന്നത് സമയമെടുത്ത് ചിന്തിച്ച് ഉണ്ടാക്കിയെടുക്കേണ്ട ഒന്നാണെന്ന സത്യം വിസ്മരിക്കപ്പെടുന്നു.

വായനയുടെ തകർച്ച ജനാധിപത്യത്തെയും ബാധിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ നിലനിൽപ്പ് തന്നെ കാര്യങ്ങളെ കൃത്യമായി വിലയിരുത്താൻ ശേഷിയുള്ള പൗരന്മാരിലാണ്. കേവലം വികാര പ്രകടനങ്ങൾക്കപ്പുറം യുക്തിസഹമായ വാദങ്ങളെ മനസ്സിലാക്കാൻ ജനങ്ങൾക്ക് കഴിയണം. എന്നാൽ ഇന്നത്തെ രാഷ്ട്രീയ സംവാദങ്ങൾ നോക്കുക. സങ്കീർണ്ണമായ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങൾ പോലും ചെറിയ ട്രോളുകളായും മുദ്രാവാക്യങ്ങളായും ചുരുക്കപ്പെടുന്നു. ആഴത്തിലുള്ള ആശയവിനിമയത്തിന് പകരം വൈകാരികമായ അധിക്ഷേപങ്ങളും ആക്രോശങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ദീർഘമായ വിശദീകരണങ്ങൾ കേൾക്കാൻ ആർക്കും ക്ഷമയില്ല. ഇത് ജനാധിപത്യത്തെ ഒരു തരം പ്രകടനപരതയിലേക്ക് [performative democracy] എത്തിക്കുന്നു. പൗരൻ ഒരു വായനക്കാരൻ എന്ന നിലയിൽ നിന്നും കേവലം ഒരു കാഴ്ചക്കാരൻ എന്ന നിലയിലേക്ക് മാറുന്നു. പോളിസികളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾക്ക് പകരം വരുംവരായ്കകൾ ആലോചിക്കാതെ പെട്ടെന്നുണ്ടാകുന്ന തരംഗങ്ങൾക്കൊപ്പമാണ് പലപ്പോഴും പൊതുജനം സഞ്ചരിക്കുന്നത്.

വിദ്യാഭ്യാസ മേഖലയിലാണ് ഇതിന്റെ ഏറ്റവും വലിയ ആഘാതം ദൃശ്യമാകുന്നത്. നമ്മുടെ കുട്ടികൾക്ക് വിവരങ്ങൾ പെട്ടെന്ന് ശേഖരിക്കാൻ അറിയാം. എന്നാൽ വലിയൊരു പാഠഭാഗം വായിച്ച് അതിലെ ആശയങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്താനോ അതിനെ വിമർശനാത്മകമായി വിലയിരുത്താനോ അവർക്ക് ബുദ്ധിമുട്ടാണ്. ദീർഘമായി വായിക്കാൻ കഴിയാത്ത കുട്ടികൾക്ക് ദീർഘമായി എഴുതാനും കഴിയില്ല. കാരണം നല്ല എഴുത്ത് എന്നത് നല്ല വായനയുടെ തുടർച്ചയാണ്. വിദ്യാഭ്യാസം എന്നത് പരീക്ഷയ്ക്ക് വേണ്ടി വിവരങ്ങൾ മനഃപാഠമാക്കൽ മാത്രമല്ല, മറിച്ച് ചിന്തിക്കാനുള്ള ശേഷി വളർത്തലാണ്. വായന കുറയുമ്പോൾ കുട്ടികളുടെ പദസമ്പത്ത് [vocabulary] മാത്രമല്ല കുറയുന്നത്, അവരുടെ ചിന്താലോകം തന്നെയാണ് ചെറുതാകുന്നത്.

മനുഷ്യന്റെ ആന്തരിക ജീവിതത്തെയും ഈ മാറ്റം ദോഷകരമായി ബാധിക്കുന്നുണ്ട്. വായന മനുഷ്യന് ചിന്തിക്കാൻ ഒരു സ്വകാര്യ ഇടം നൽകുന്നു. അത് ബാഹ്യലോകത്തിന്റെ ബഹളങ്ങളിൽ നിന്ന് മനുഷ്യനെ മാറ്റിനിർത്തുന്നു. വൈലോപ്പിള്ളിയുടെയോ കുമാരനാശാന്റെയോ കവിതകൾ വായിക്കുമ്പോൾ അല്ലെങ്കിൽ ബഷീറിന്റെയും തകഴിയുടെയും നോവലുകളിലൂടെ കടന്നുപോകുമ്പോൾ മലയാളി അനുഭവിച്ച ആത്മീയവും മാനസികവുമായ ആഴം ഇന്നത്തെ സ്ക്രോളിംഗ് വായനയ്ക്ക് നൽകാൻ കഴിയില്ല. നിരന്തരമായ നോട്ടിഫിക്കേഷനുകൾ മനുഷ്യന്റെ ശ്രദ്ധയെ എപ്പോഴും ചിതറിച്ചുകൊണ്ടിരിക്കുന്നു. തന്മൂലം സ്വന്തം ജീവിതത്തെക്കുറിച്ച് ഒരു സമഗ്രമായ കാഴ്ചപ്പാട് ഉണ്ടാക്കാൻ മനുഷ്യന് കഴിയാതെ പോകുന്നു. നാം എപ്പോഴും ലോകത്തോട് കണക്ട് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് തോന്നുമ്പോഴും ഉള്ളിൽ വലിയൊരു ശൂന്യത അനുഭവപ്പെടുന്നത് അതുകൊണ്ടാണ്.

ഈ അവസ്ഥയിൽ നിന്നും വായനയെ തിരിച്ചുപിടിക്കുക എന്നത് എളുപ്പമല്ലെങ്കിലും അത് അനിവാര്യമാണ്. കേവലം ഉപദേശങ്ങൾ കൊണ്ട് മാത്രം കുട്ടികളെ പുസ്തകം വായിപ്പിക്കാൻ കഴിയില്ല. അതിനായി നമ്മുടെ ജീവിതരീതിയിലും വിദ്യാഭ്യാസ രീതിയിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ക്ലാസ് മുറികളിൽ ചെറിയ സംഗ്രഹങ്ങൾക്ക് പകരം വലിയ പുസ്തകങ്ങളും പ്രബന്ധങ്ങളും വായിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കണം. നമ്മുടെ വായനശാലകളെ ഡിജിറ്റൽ സംവിധാനങ്ങളുമായി കോർത്തിണക്കിക്കൊണ്ട് തന്നെ സാംസ്കാരിക കൂട്ടായ്മകളുടെ കേന്ദ്രങ്ങളാക്കി മാറ്റണം. സാങ്കേതികവിദ്യയെ പൂർണ്ണമായി തള്ളിക്കളയാൻ നമുക്കാവില്ല. ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ എങ്ങനെ ആഴത്തിലുള്ള വായന നിലനിർത്താം എന്ന് നമ്മൾ പഠിക്കേണ്ടതുണ്ട്. വേഗതയുടെ ഈ ലോകത്ത് കുറച്ചു സമയം വായനയ്ക്കായി മാറ്റിവെക്കുക എന്നത് ഒരു പ്രതിരോധം കൂടിയാണ്.

ഉത്തരാധുനിക സാക്ഷരത എന്നത് കേവലം ഒരു വിദ്യാഭ്യാസ പ്രശ്നമല്ല, മറിച്ച് അതൊരു വലിയ നാഗരിക പ്രതിസന്ധിയാണ്. ചരിത്രത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ സമൂഹങ്ങളെല്ലാം തന്നെ വായനയെയും അറിവിനെയും ആദരിച്ചവരാണ്. നാം ഇന്ന് കാണുന്ന ആധുനിക ലോകം കെട്ടിപ്പടുത്തത് ദീർഘമായ ചിന്തയുടെയും വായനയുടെയും അടിത്തറയിലാണ്. ആ അടിത്തറ ഇളകിയാൽ അത് മനുഷ്യന്റെ പുരോഗതിയെ തന്നെ ബാധിക്കും. വിവരങ്ങൾ ഒന്നിന് പുറകെ ഒന്നായി ഒഴുകിവരുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, ആ കഷണങ്ങൾ മാത്രം വായിച്ച് തൃപ്തിപ്പെടാതെ അതിന് പിന്നിലെ വലിയ സത്യങ്ങളെ പൂർണ്ണമായി വായിച്ചെടുക്കാൻ കഴിയുന്ന ഒരു തലമുറയെ സൃഷ്‌ടിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. വഴിമാറുന്ന ഈ ലോകത്ത് അക്ഷരങ്ങളുടെ ആഴം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.

ഏ വി സന്തോഷ് കുമാർ

ഏ വി സന്തോഷ് കുമാർ

എഴുത്തുകാരൻ

Share this post

Reviews

No reviews yet