വെളിച്ചം കാത്ത് ഇരുട്ടിൽ
23 July 2026 | Poetry

വെളിച്ചം കാത്ത് ഇരുട്ടിൽ
നിലത്തു ചിതറികിടക്കുന്നു
വറ്റുമണികൾ പോലക്ഷരങ്ങൾ..
അതിലേതൊക്കെ കൊത്തിയെടുക്കണം
നിന്റെ പേരാകുവാൻ..
ഓർമയിൽ ചിക്കിചികയുന്നു
തെളിയായ്മയിൽ പകച്ച കണ്ണുകൾ..
കോടമൂടിയ ഓർമയിലെവിടെയോ
നീ മറഞ്ഞു നിൽപ്പുണ്ട്..
പയ്യപ്പയ്യെ കെട്ടടങ്ങിയൊരു നിലവിളി
കാതോരം തണുത്തുകിടക്കുന്നു..
നിന്നിലേക്ക് നോക്കാത്തതിൻ,
കേൾക്കാത്തതിൻ പരിഭവം
തീയായ് പടർന്നതെന്റെ
സ്വപ്നത്തിലായിരുന്നോ?
മറന്നു പോകുന്നു ഞാനെന്നെ തന്നെയും..
വെളിച്ചം കൊതിച്ചുള്ള ഇരുട്ടിലാണെന്റെ ഓർമ്മകൾ..
ഞാൻ നിന്നെ തിരയുന്നു
ചിതറികിടക്കുമീയക്ഷരങ്ങളിൽ..
അതിലെവിടെയോ നിന്റെ പേരുണ്ട്!

ഫൈസൽ വൈത്തിരി
കവി
Share this post
Reviews
No reviews yet